അവസരങ്ങൾ കളഞ്ഞുകുളിച്ച് ചെൽസി; കരബാവോ കപ്പ് സെമിയിൽ മിഡിൽസ്ബ്രോയോട് തോൽവി

കരബാവോ കപ്പ് (ലീഗ് കപ്പ്) ആദ്യപാദ സെമി ഫൈനലിൽ ചെൽസിക്ക് തോൽവി. അവസരങ്ങൾ കളഞ്ഞുകുളിച്ച നീലപ്പടയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മിഡിൽസ്ബ്രോ വീഴ്ത്തിയത്.

മിഡിൽസ്ബ്രോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്‍റെ 37ാം മിനിറ്റിൽ ഹെയ്ഡൻ ഹാക്ക്നിയാണ് ആതിഥേയർക്കായി വിജയഗോൾ നേടിയത്. ഇസയ്യ ജോൺസിന്‍റെ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. ഈമാസം 24ന് ചെൽസിയുടെ മൈതാനത്ത് രണ്ടാംപാദ സെമി നടക്കും. പന്തുകൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും ചെൽസി ബഹുദൂരം മുന്നിൽനിന്നിട്ടും ഗോൾ മാത്രം കണ്ടെത്താനായില്ല.

സൂപ്പർതാരം കോൾ പാമർക്ക് മാത്രം മൂന്നു സുവർണാവസരങ്ങളാണ് ലഭിച്ചത്. മത്സരത്തിൽ മൊത്തം 18 ഷോട്ടുകളാണ് ചെൽസി താരങ്ങൾ തൊടുത്തത്. ഇതിൽ അഞ്ചെണ്ണം ടാർഗറ്റിലേക്കായിരുന്നു. ഞങ്ങളുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നത് ഏറെ പ്രയാസമാണെന്നാണ് മത്സരശേഷം ചെൽസി പരിശീലകൻ മൗറീഷ്യ പൊച്ചെറ്റീഞ്ഞോ പ്രതികരിച്ചത്.

മത്സരത്തിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ ഞങ്ങൾ വേണ്ടത്ര ക്ലിനിക്കൽ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോശം പ്രകടനവുമായി പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് ചെൽസി. ട്രാൻസ്ഫർ വിപണിയിൽ മികച്ച സ്ട്രൈക്കറെ ക്ലബിലെത്തിക്കാനുള്ള നീക്കം ക്ലബ് നടത്തുന്നുണ്ട്. ബ്രെന്‍റ്ഫോഡിന്‍റെ ഇവാൻ ടോണി, നാപ്പോളിയുടെ വിക്ടർ ഒസിമെൻ എന്നിവരെയാണ് ക്ലബ് ലക്ഷ്യമിടുന്നത്.

എന്നാൽ, ഈ താരങ്ങൾക്കായി വലിയ തുക മുടക്കുന്നതിന് ക്ലബിന് പരിമിതികളുണ്ട്. വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയിൽ ലിവർപൂൾ ഫുൾഹാമിനെ നേരിടും. ഫെബ്രുവരി 25ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.

Tags:    
News Summary - Carabao Cup: middlesbrough beat chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.