നാട്ടുകാരെ മാറിമാറി പരീക്ഷിച്ചിട്ടും രണ്ടു പതിറ്റാണ്ടിലേറെയായി ലോകകപ്പിൽ കിരീടം അകന്നുനിൽക്കുന്ന സാംബ സംഘത്തിന് കാവലാകാൻ വിദേശി കോച്ച് വരുമോ? ബ്രസീൽ ഫുടബാൾ ഫെഡറേഷൻ ഇങ്ങനെയൊരു സാധ്യത പുറത്തുവിടുകയും പേരുകൾ പലത് പറഞ്ഞുകേൾക്കുകയും ചെയ്തതോടെ ഓരോ ദിനവും മാധ്യമങ്ങളിൽ സാധ്യതപട്ടികകൾ പറന്നുനടക്കുകയാണ്.
ഏറ്റവുമൊടുവിൽ റയൽ കോച്ച് കാർലോ അഞ്ചലോട്ടിയുടെ പേരാണ് എത്തിയിരിക്കുന്നത്. എന്നാൽ, സ്ഥിരീകരിക്കാത്ത റിപ്പോർട്ടാണിതെന്നും ആരെ തെരഞ്ഞെടുത്താലും യഥാസമയത്ത് പ്രഖ്യാപിക്കുമെന്നുമാണ് ബ്രസീൽ ഫുട്ബാൾ ഫെഡറേഷന് പറയാനുള്ളത്.
കഴിഞ്ഞ ഡിസംബറിൽ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായ ശേഷം ബ്രസീൽ ടീമിന് കോച്ചില്ല. അതുവരെയും ടീമിനെ പരിശീലിപ്പിച്ച ടിറ്റെ രാജി വെച്ചിരുന്നു. ഈ ഒഴിവിലാണ് പുതിയ ആളെ രാജ്യം തേടുന്നത്.
അഞ്ചലോട്ടി വരുമെന്ന സാധ്യത ഫെഡറേഷൻ മാത്രമല്ല, അഞ്ചലോട്ടിയും തള്ളുന്നുണ്ട്. നിലവിൽ, റയലിനെ പരിശീലിപ്പിക്കുക മാത്രമാണ് തന്റെ ദൗത്യമെന്നും മറ്റുള്ളവയൊന്നും മനസ്സിലില്ലെന്നും അദ്ദേഹം പറഞ്ഞു. 2024 വരെയാണ് റയലുമായി കരാർ. അതുകഴിഞ്ഞേ മറ്റു ടീമുകൾ നോക്കൂ എന്നും അഞ്ചലോട്ടി സൂചിപ്പിച്ചു. ക്ലബ് ലോകകപ്പ് ഫൈനലിൽ ഇന്ന് സൗദി ക്ലബായ അൽഹിലാലുമായി റയൽ ഏറ്റുമുട്ടാനിരിക്കുകയാണ്.
ലൂയിസ് എന്റിക്, പെപ് ഗാർഡിയോള, സിനദിൻ സിദാൻ, ഹോസെ മൗറീഞ്ഞോ എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.