റിയോഡി ജനീറോ: ബ്രസീൽ ദേശീയ ഫുട്‌ബാൾ ടീമിനെ സൂപ്പർകോച്ച് കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കും. ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ 2024 ജൂൺ മുതൽ ബ്രസീലിന്റെ പരിശീലകനായി ചുമതലയേൽക്കും. നിലവിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ പരിശീലകനാണ് ആഞ്ചലോട്ടി.
ക്ലബുമായുള്ള കരാർ അവസാനിച്ചതിനുശേഷമാണ് ബ്രസീൽ ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കുക. ബ്രസീൽ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് എഡ്‌നാൽഡോയാണ് ആഞ്ചലോട്ടിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024ലെ കോപ്പ അമേരിക്ക ടൂർണമെന്റ് ആഞ്ചലോട്ടിയുടെ ആദ്യ ദൗത്യമാകും. 2026 ലോകകപ്പ് ലക്ഷ്യമിട്ടാണ് ബ്രസീൽ സൂപ്പർകോച്ചിനെ കൊണ്ടുവരുന്നത്.
പരിശീലന കരിയറിൽ 64കാരനായ ആഞ്ചലോട്ടി ആദ്യമായാണ് ഒരു ദേശീയ ടീമിന്‍റെ പരിശീലക റോൾ ഏറ്റെടുക്കുന്നത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി ബ്രസീൽ പുറത്തായതിനു പിന്നാലെ ടിറ്റെ പരിശീലന സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് ബ്രസീൽ അണ്ടർ 20 മാനേജർ റാമോൺ മെനെസെസിനാണ് സീനിയർ ടീമിന്‍റെ താൽക്കാലിക ചുമതല നൽകിയിരുന്നത്. ഇദ്ദേഹത്തിനു കീഴിൽ അടുത്തിടെ കളിച്ച മൂന്നു സൗഹൃദ മത്സരങ്ങളിൽ രണ്ടിലും ബ്രസീൽ പരാജയപ്പെട്ടിരുന്നു.
ആഞ്ചലോട്ടി എത്തുന്നതുവരെ ഫ്ലുമിനെൻസ് ഹെഡ് കോച്ച് ദിനിസിനെ ബ്രസീലിന്‍റെ ഇടക്കാല പരിശീലകനാക്കാനാണ് അസോസിയേഷന്‍റെ തീരുമാനം. ബ്രസീലിന്റെ യുവനിരയുമായി നല്ല ബന്ധമുള്ളയാളാണ് ആഞ്ചലോട്ടി. റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, നെയ്മർ എന്നിവരുടെ കളിശൈലികളെല്ലാം നേരിട്ട് അറിയുന്നയാളാണ്. കാസമിറോയുമായും അടുത്ത ബന്ധമുണ്ട്. അത്തരമൊരാൾ തലപ്പത്തേക്ക് എത്തുന്നത് കൂടുതൽ ഒത്തിണക്കമുള്ള ടീമിനെ വളർത്തിയെടുക്കാൻ സഹായിക്കുമെന്നാണ് അസോസിയേഷന്‍റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.