ലാ ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. പോയന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള ജിറോണ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് കരുത്തരായ റയലിനെ നിലംപരിശാക്കിയത്.
അർജന്റൈൻ സ്‌ട്രൈക്കർ വാലന്‍റൈൻ കസ്റ്റലാനോസാണ് ജിറോണയുടെ നാലു ഗോളുകളും നേടിയത്. ലാ ലീഗയിൽ 75 വർഷത്തിനിടെ റയലിനെതിരെ നാലു ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ കസ്റ്റലാനോസ് സ്വന്തമാക്കി. 1947 ഡിസംബറിൽ റയൽ ഒവീഡോക്കു വേണ്ടി എസ്തബാൻ എച്ചവേരിയ റയലിനെതിരെ അഞ്ച് ഗോളുകൾ നേടിയിരുന്നു. റയലിനായി വിനീഷ്യസ് ജൂനിയറും ലൂകാസ് വാസ്‌ക്വെസും ഗോളുകൾ മടക്കി.
തോൽവിയോടെ റയലിന്‍റെ ലാ ലീഗ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസും കാലിന് പരിക്കേറ്റ സ്ട്രൈക്കർ കരീം ബെൻസെമയും ഇല്ലാതെയാണ് റയൽ എവേ മത്സരത്തിനിറങ്ങിയത്. മത്സരത്തിന്‍റെ 12ാം മിനിറ്റിൽ ജിറോണ തന്നെയാണ് ആദ്യം മുന്നിലെത്തിയത്. മനോഹരമായൊരു ഹെഡ്ഡറിലൂടെയാണ് കസ്റ്റലാനോസ് വലകുലുക്കിയത്. 24ാം മിനിറ്റിൽ താരം ലീഡ് ഉയർത്തി. 33ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ ലീഡ് കുറച്ചു.
രണ്ടാം പകുതി ആരംഭിച്ച് ഒരു മിനിറ്റ് പിന്നിടും മുമ്പേ ജിറോണക്കുവേണ്ടി കസ്റ്റലാനോസ് വീണ്ടും വലകുലുക്കി. 61ാം മിനിറ്റിൽ റയലിന്റെ നെഞ്ചത്ത് കസ്റ്റല്ലാനോസ് അവസാന ആണിയും അടിച്ചു. 84ാം മിനിറ്റിൽ ലൂകാസ് വാസ്‌ക്വെസ് റയലിന്റെ തോൽവിയുടെ കാഠിന്യം കുറിച്ചു. മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്ന് വായ്പാടിസ്ഥാനത്തിൽ ജിറോണയിലെത്തിയ താരമാണ് കസ്റ്റലാനോസ്. സീസണിൽ ജിറോണക്കായി 11 ഗോളുകളാണ് താരം നേടിയത്.
മേജര്‍ ലീഗ് സോക്കര്‍ 2021 സീസണിൽ 32 മത്സരങ്ങളിൽനിന്നായി 19 ഗോളുകളുമായി സ്വർണ പാദുകം താരം സ്വന്തമാക്കിയിരുന്നു. ലീഗിൽ 50 ഗോളുകൾ നേടുന്ന രണ്ടാമത്തെ യുവ താരം കൂടിയാണ്. ചിലി, യുറുഗ്വായ് എന്നിവിടങ്ങളിലെ ക്ലബുകളിൽ കളിച്ചതിനുശേഷമാണ് താരം 2018ൽ ന്യൂയോർക്ക് സിറ്റി ക്ലബിലെത്തുന്നത്.
ലീഗിൽ 31 മത്സരങ്ങളിൽനിന്ന് 65 പോയന്റുമായി റയൽ രണ്ടാമതാണ്. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണക്ക് 76 പോയിന്റും. 11 പോയന്‍റിന്‍റെ ലീഡ്. ലീഗിൽ എട്ടു മത്സരങ്ങൾ ബാക്കി നിൽക്കെ, 11 പോയിന്റ് നേടിയാൽ ബാഴ്സലോണക്ക് കിരീടം ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.