ദോഹ: 'ഇറ്റ്സ് കമിങ് ഹോം... ഇറ്റ്സ് കമിങ് ഹോം... ഫുട്ബാൾ ഈസ് കമിങ് ഹോം... ദിസ് ടൈം ഫോർ ഷ്യൂവർ ഇറ്റ്സ് കമിങ് ഹോം...'-ഇംഗ്ലണ്ടിലെ നോർവിച് സിറ്റിയിൽനിന്നുമെത്തിയ സ്റ്റീഫനും കൂട്ടുകാരും ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ തൂവെള്ളയിൽ റെഡ് ക്രോസുള്ള ദേശീയ പതാക വീശുമ്പോൾ തൊട്ടരികിലായി തൃശൂർപൂര നഗരിയിലെ ആവേശം പോലെ ചെണ്ടയും വാദ്യമേളങ്ങളും കൊട്ടിക്കയറുന്നു. മുഖത്തും ശരീരങ്ങളിലും ചുവപ്പും വെള്ളയും നിറങ്ങളിൽ ഇംഗ്ലണ്ടിന്റെ ആവേശം ആരാധകരിലേക്ക് പകരുന്ന കാലാകാരന്മാർ.

ഫ്ലാഗ് പ്ലാസയിൽ നടന്ന സംഗമത്തിൽ വിവിധ രാജ്യങ്ങളുടെ ജഴ്സിഅണിഞ്ഞു ഫോട്ടോക്ക് പോസ്സ് ചെയ്യുന്ന ആരാധകർ

ഹാരി കെയ്നും കെയ്ൽ വാകറും കുപ്പായക്കാർ നിരനിരയായി നടന്നുനീങ്ങുന്ന 'ത്രീലയൺസിന്റെ' ആഘോഷവേദിയിൽനിന്നും വിളിപ്പാടകലെ, അർജന്റീനയുടെ ജനസാഗരം തുടികൊട്ടുന്നു. നീലയും വെള്ളിയും കുപ്പായത്തിൽ കണ്ണെത്താ ദൂരെ വരിവരിയായി ആരാധകരുടെ നീണ്ട നിര.

സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളും അടങ്ങിയ അർജന്റീന ആരാധക ആവേശത്തിനിടയിൽ തലയുയർത്തി സൂപ്പർ താരം ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്. കുപ്പായങ്ങളിലെല്ലാം പത്താം നമ്പറിൽ മെസ്സി മാത്രമായിരുന്നു. ഫ്ലാഗ് പ്ലാസയിൽനിന്ന് വൈകീട്ട് മൂന്നോടെ തുടങ്ങിയ ഫ്ലാഗ് റാലി ദോഹ കോർണിഷ് വഴി നടന്നകന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ നടന്ന സംഗമത്തിൽ വിവിധ രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞു  ഫോട്ടോക്ക് പോസ്സ് ചെയ്യുന്ന കുട്ടികൾ      

അർജന്റീന ആവേശത്തിനിടയിലും മുങ്ങാതെയായിരുന്നു ജർമനിക്കാരുടെ സംഗമം. നായകൻ മാനുവൽ നോയറുടെ പെയിന്റിങ്ങിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരുടെ ഫോട്ടോയെടുപ്പിനുള്ള തിരക്ക്. അറബ് വസ്ത്രമണിഞ്ഞും കിരീട മാതൃക കൈയിലേന്തിയും മുൻ ചാമ്പ്യന്മാരുടെ ആവേശത്തെ നയിക്കുന്ന ആരാധകർക്ക് ആവേശം നൽകി തമിഴ് വാദ്യകല സംഘം തുള്ളൽ പറായ് കൊട്ടിക്കയറുന്നു.

ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ നടന്ന സംഗമത്തിൽ അർജന്റീന ആരാധകർ

ഇവർക്കിടയിലേക്കായിരുന്ന കോർണിഷിൽ ആഘോഷവീഥിയായി അടഞ്ഞുകിടന്ന പാതകൾ കടന്ന് 'വീ ആർ ദ ചാമ്പ്യൻസ്' എന്നുറക്കെ പാടി ഫ്രഞ്ചുകാരുടെ വരവ്. ലോകകപ്പ് കിരീടം കൈയിലേന്തിയും നീലപ്പതാകയും പെയിന്റുമടിച്ചും കളം ഭരിച്ചവർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ചാമ്പ്യന്മാരുടെ തലയെടുപ്പോടെ കടന്നുപോയി.

ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ നടന്ന സംഗമത്തിൽ ജർമ്മനി ആരാധകർ

ഫ്ലാഗ് പ്ലാസയിലെ ആരാധക ഉന്മേഷം പരകോടിയിലെത്തവേയാണ് നാഷനൽ മ്യൂസിയത്തിനരികിൽ സംഗമിച്ച ബ്രസീൽ ആരാധകർ മഞ്ഞക്കടൽ തീർന്ന് നടന്നടുത്തത്.നെയ്മറിന്റെ കൂറ്റൻ കട്ടൗട്ടും മുഖംമൂടിയും മഞ്ഞക്കുപ്പായവും ചുരുളൻ മുടിയുമായി നടന്നടുത്തവർ കൂടിയെത്തിയതോടെ ഫ്ലാഗ് പ്ലാസ അക്ഷരാർഥത്തിൽ ലോകകപ്പിനെ വരവേറ്റു കഴിഞ്ഞു. സൂഖ് വാഖിഫ് കേന്ദ്രീകരിച്ചായിരുന്നു പോർചുഗലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരും സംഗമിച്ചത്.

ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ നടന്ന സംഗമത്തിൽ ബ്രസീൽ ആരാധകർ

ഖത്തറിലെ പ്രവാസികളായ മലയാളികൾ നേതൃത്വം നൽകിയ ആരാധക ആവേശത്തിലേക്ക് ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, ജർമനി, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ, അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇറാൻ തുടങ്ങിയ പല നാടുകളിൽനിന്നുള്ള ഫുട്ബാൾ ആരാധകരും ലയിച്ചുചേർന്നു.

Tags:    
News Summary - celebration in Cornish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.