ലണ്ടൻ: ചാമ്പ്യൻ ബയേണിനു മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ലെന്നായിട്ടും വൻതോൽവിക്ക് തലവെച്ച് യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ട് ബാഴ്സലോണ. യൂറോപ് കാത്തിരുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലാണ് ഏകപക്ഷീയമായ മൂന്നു ഗോൾ ജയവുമായി നേരത്തെ പട്ടികയിൽ ഒന്നാമതുള്ള ജർമൻ കരുത്തർ കറ്റാലന്മാരെ മുക്കിയത്. മറ്റു മത്സരങ്ങളിൽ ഇംഗ്ലീഷ് ക്ലബുകളായ ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡും സമനിലയിൽ കുരുങ്ങി. ഇതോടെ, നോക്കൗട്ട് പോരാട്ടങ്ങളിലേക്ക് ബാഴ്സയൊഴികെ മുൻനിര ടീമുകളിലേറെയും കടന്നുകയറി. പ്രീക്വാർട്ടറിൽ മുഖാമുഖം വരുന്ന ടീമുകളുടെ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും.
17 വർഷത്തിനു ശേഷം ബാഴ്സ പുറത്ത്
അത്ഭുതങ്ങൾ കാത്താണ് അലിയൻസ് അറീനയിൽ ഗ്രൂപ്പിലെ കരുത്തരുടെ അങ്കത്തിന് ബാഴ്സലോണ ബൂട്ടുകെട്ടിയത്. പരിശീലകക്കുപ്പായത്തിൽ എത്തിയ ചാവി ഹെർണാണ്ടസിനു കീഴിൽ അതു സാധ്യമാകുമെന്ന് അവർ സ്വപ്നം കണ്ടതുമാണ്. എന്നാൽ, 17 വർഷത്തിനിടെ ആദ്യമായി കറ്റാലൻ മനസ്സിനെ ശോകമൂകമാക്കി അത് സംഭവിച്ചു- ബാഴ്സ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് കാണാതെ പുറത്ത്. കോവിഡ് ഭീതിയിൽ ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ നടന്ന കളിയിൽ തുടക്കം മുതലേ പന്ത് ആതിഥേയരുടെ കാലുകളിലായിരുന്നു.
ആദ്യ പകുതിയുടെ 34ാം മിനിറ്റിൽ ലെവൻഡോവ്സ്കി- മ്യൂളർ കൂട്ടുകെട്ടിൽ ആദ്യ ഗോൾ പിറന്നു. പോളിഷ് താരം നൽകിയ ക്രോസിൽ മ്യൂളർ തലവെച്ചായിരുന്നു അക്കൗണ്ട് തുറന്നത്. 10 മിനിറ്റിനിടെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം ലിറോയ് സാനെ ലീഡുയർത്തി. കറ്റാലന്മാരുടെ ഇടനെഞ്ചു തകർത്ത് ജമാൽ മൂസിയാല മൂന്നാമതും ഗോൾ കണ്ടെത്തി. തോൽവിയോടെ ബാഴ്സയെക്കാൾ ഒരു പോയൻറ് അധികമുള്ള ബെൻഫിക്ക നോക്കൗട്ടിലെത്തി. ആറു കളികളിൽ എല്ലാം ജയിച്ച് 18 പോയൻറുമായാണ് ബയേൺ ലീഗ് റൗണ്ട് പൂർത്തിയാക്കിയതെങ്കിൽ ബാഴ്സക്ക് സമ്പാദ്യം ഏഴുപോയൻറ് മാത്രം. ഡൈനാമോ കിയവിനെ ഏകപക്ഷീയമായ രണ്ടുഗോളിന് തകർത്ത ബെൻഫിക്ക ബാഴ്സയെ കടന്ന് നോക്കൗട്ട് ഉറപ്പിച്ചു.
ലാ ലിഗയിൽ തുടർ വീഴ്ചകളുമായി വൈകിയോടുന്ന വണ്ടിയായി മാറിയ ബാഴ്സക്ക് ഇരട്ടി പ്രഹരമായി ചാമ്പ്യൻസ് ലീഗ് മടക്കം. ലാ ലിഗയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ടീം. നിലവിലെ പ്രകടനം കൊണ്ട് ഏറെ മുന്നോട്ടുപോകാനാകുമെന്നും ടീം പ്രതീക്ഷിക്കുന്നില്ല.
യുനൈറ്റഡിനെ പിടിച്ചുകെട്ടി 'പയ്യൻസ്'
നേരത്തെ പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ ആദ്യ ഇലവന് അവധി നൽകി രണ്ടാം നിരയെ പരീക്ഷിച്ച മാഞ്ചസ്റ്റർ യുനൈറ്റഡിന് 'യങ് ബോയ്സി'നു മുന്നിൽ സമനില. കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരെ തുടക്കത്തിൽ ഇറങ്ങിയ 11 പേർക്കും വിശ്രമം നൽകിയാണ് അപ്രസക്തമായ കളിക്ക് കോച്ച് റാഗ്നിക് ആദ്യ ഇലവനെ ഇറക്കിയത്. ഒമ്പതാം മിനിറ്റിൽ ഗ്രീൻവുഡിലൂടെ ലീഡ് പിടിച്ചെങ്കിലും സ്വിസ് ടീം ആദ്യ പകുതിയിൽ തന്നെ തിരിച്ചടിച്ചു.
42ാം മിനിറ്റിൽ റീഡറായിരുന്നു സ്കോറർ. ഗ്രൂപ് എച്ചിൽ സെനിത് സെൻറ് പീറ്റേഴ്സ് ബർഗിനു മുന്നിൽ ചെൽസി സമനിലയിൽ കുരുങ്ങിയതോടെ യുവൻറസ് ഗ്രൂപ് ചാമ്പ്യന്മാരായി. ആറു കളികളിൽ യുവെ 15 പോയൻറ് സ്വന്തമാക്കിയപ്പോൾ ചെൽസിക്ക് 13 ആണ് സമ്പാദ്യം. വുൾഫ്സ്ബർഗ്- ലിലെ പോരാട്ടത്തിൽ ഫ്രഞ്ച് കരുത്തർ 3-1ന് ജയം പിടിച്ചപ്പോൾ സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിന് സാൽസ്ബർഗ് വീഴത്തി.
ടിക്കറ്റെടുത്ത് വമ്പന്മാർ
തിങ്കളാഴ്ച പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഫിക്സ്ചർ തീരുമാനമാകാനിരിക്കെ ഇടമുറപ്പിച്ച് മുൻനിര ടീമുകൾ. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ പ്രീമിയർ ലീഗ് വമ്പന്മാർക്കൊപ്പം അയാക്സ്, റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്, യുവൻറസ്, ലിലെ ടീമുകളാണ് ഗ്രൂപ് ചാമ്പ്യന്മാരായി ടിക്കറ്റുറപ്പിച്ചത്. ചെൽസി, പി.എസ്.ജി, അത്ലറ്റികോ മഡ്രിഡ്, സ്പോർടിങ് ലിസ്ബൺ, ഇൻറർ മിലാൻ, ബെൻഫിക, സാൽസ്ബർഗ് എന്നിവ രണ്ടാം സ്ഥാനക്കാരായും എത്തി.
യുനൈറ്റഡ് ഗ്രൂപ് ചാമ്പ്യന്മാരും പി.എസ്.ജി രണ്ടാം സ്ഥാനക്കാരുമായതിനാൽ ഇത്തവണ ക്രിസ്റ്റ്യാനോ- മെസ്സി പോരാട്ടവും സംഭവിക്കാമെന്ന സവിശേഷതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.