യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും സെമിയിൽ. ലിവർപൂൾ ബെൻഫികയെയും സിറ്റി അത്‍ലറ്റികോ മഡ്രിഡിനെയും പരാജയപ്പെടുത്തിയാണ് അവസാന നാലിൽ ഇടം നേടിയത്.
രണ്ടാംപാദത്തിലെ സിറ്റി-അത്‍ലറ്റികോ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്‍റെ വിജയമാണ് സിറ്റിയെ സെമി ഫൈനലിലെത്തിച്ചത്. സ്വന്തം തട്ടകമായ മഡ്രിഡിൽ നടന്ന രണ്ടാംപാദ മത്സരത്തിലും അത്‍ലറ്റികോക്ക് സിറ്റിക്കെതിരെ കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം പകുതിയിൽ സിറ്റിക്ക് എതിരെ തുടർ ആക്രമണങ്ങൾ അത്‍ലറ്റികോ നടത്തിയെങ്കിലും ഗോള്‍ വീണില്ല. ഇതിനിടെ ഗ്രീസ്മന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. അവസാന നിമിഷങ്ങളിൽ ലൂയിസ് സുവാരസിനെ ഇറക്കി നോക്കിയെങ്കിലും ഗോള്‍ പിറന്നില്ല. അതോടെ കളി സമനിലയിലേക്ക്. ആദ്യ പാദത്തിലെ ഒരു ഗോളിന്‍റെ ലീഡിൽ സിറ്റി സെമിയിലേക്കും.
ലിവർപൂൾ-ബെൻഫിക മത്സരവും സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ പാദത്തിലെ 3-1ന്‍റെ ലീഡ് ലിവർപൂളിന് സെമിയിലേക്ക് വഴി തുറന്നു. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂളാണ് ആദ്യം വലം കുലുക്കിയത്. കളിയുടെ 21ാം മിനിറ്റിൽ ഇബ്രാഹിം കൊനാട്ടെയിലൂടെ ലിവർപൂൾ ലീഡ് നേടി. 32ാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസ് ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ റോബര്‍ട്ട് ഫിര്‍മീഞ്ഞോയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ വീണ്ടും ലീഡ് നേടി. 55, 65 മിനുട്ടുകളായിരുന്നു ഫിര്‍മീഞ്ഞോയുടെ ഗോളുകള്‍.
പിന്നാലെ പോർച്ചുഗീസ് ക്ലബ് തിരിച്ചടിക്കുന്നതാണ് കണ്ടത്. 73ാം മിനുട്ടില്‍ റോമന്‍ യെര്‍മന്‍ചെങ്കിലൂടെയും 81ാം മിനുട്ടില്‍ ഡാര്‍വിന്‍ നൂനസിലൂടെയും ഗോൾ മടക്കി ബെൻഫിക മത്സരം സമനിലയിലാക്കി. ബെൻഫിക ലീഡ് ഉയർത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ലിവർപൂൾ പ്രതിരോധം ശക്തമായി ചെറുത്തുനിന്നു. ഒടുവിൽ മത്സരം സമിനിലയില്‍.
ഇരുപാദങ്ങളിലുമായി 6-4 എന്ന സ്കോറിൽ ക്ലോപ്പും സംഘവും സെമിയിലേക്ക്. സെമി ഫൈനൽ ഇംഗ്ലീഷ്-സ്പാനിഷ് ക്ലബുകൾ തമ്മിലുള്ള പോരാട്ടമാകും. ഏപ്രിൽ 27ന് നടക്കുന്ന ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി റയല്‍ മഡ്രിഡിനെയും 28ന് ലിവർപൂൾ വിയ്യറയലിനെയും നേരിടും. മെയ് നാല്, അഞ്ച് തീയതികളിലാണ് രണ്ടാംപാദ സെമി.
ചെല്‍സിയെ തോല്‍പ്പിച്ചാണ് റയൽ സെമിയിലെത്തിയത്. ജർമന്‍ കരുത്തരായ ബയേണിനെ അട്ടിമറിച്ചാണ് വിയ്യാറയലിന്റെ സെമി പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.