ലണ്ടൻ: സീരി എയിൽ വൈകിയോടുന്ന വണ്ടിയായി മാറിയ യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്. പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ വിയ്യ റയലിനു മുന്നിൽ എതിരില്ലാത്ത മൂന്നു ഗോളിന് വീണാണ് (ഇരുപാദങ്ങളിലായി 4-1) ടീം പുറത്തേക്ക് വഴി തുറന്നത്. രണ്ടാമത്തെ മത്സരത്തിൽ റഷ്യൻ ഉടമ അബ്രമോവിച്ചിന്റെ സ്വന്തം ചെൽസി ഫ്രഞ്ച് ടീമായ ലിലെക്കെതിരെ ഇരുപാദങ്ങളും ജയിച്ച് അവസാന എട്ടിൽ ഇടമുറപ്പിച്ചു.
അലയൻസ് മൈതാനത്ത് യുവെ വീഴ്ച
സ്വന്തം കളിമുറ്റത്ത് ഫേവറിറ്റുകളായി കളി നയിച്ചിട്ടും മൂന്നുവട്ടം ഗോൾ വഴങ്ങിയായിരുന്നു സീരി എ മുൻ ചാമ്പ്യന്മാരുടെ മടക്കം. ആദ്യ പാദത്തിൽ ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ തിരിച്ച് അലയൻസ് സ്റ്റേഡിയത്തിലെത്തുമ്പോൾ അനായാസ ജയവുമായി ക്വാർട്ടറിലെത്താമെന്ന് യുവന്റസ് കണക്കുകൂട്ടിയിരുന്നു. ആദ്യ പകുതിയിൽ ടീമിനു തന്നെയായിരുന്നു മുൻതൂക്കവും.
ഒരു ഗോളവസരം പോലും സൃഷ്ടിക്കാതെ പതറിയ വിയ്യ റയൽ പക്ഷേ, 78ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയോടെ ഗിയർ മാറ്റിപ്പിടിച്ചു. മോറീനോ ഗോളാക്കി മാറ്റിയ പെനാൽറ്റിക്കു പിറകെ അവസരങ്ങൾ പലത് സൃഷ്ടിച്ച് ലാ ലിഗ ടീം ഒഴുക്കോടെ പറന്നുനടന്നു. 85ാം മിനിറ്റിൽ ടോറസ് വിയ്യയുടെ ലീഡ് രണ്ടായി ഉയർത്തി. ഓറിയറുടെ അസിസ്റ്റിലായിരുന്നു ഗോൾ. എന്നിട്ടും ലക്ഷ്യം മറന്ന യുവെയുടെ നെഞ്ചകം പിളർത്തി ഇഞ്ച്വറി സമയത്ത് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡാൻജുമ ലീഡ് കാൽ ഡസനാക്കി. വൻജയവുമായി വിയ്യ റയൽ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തപ്പോൾ യുവൻറസ് പുറത്തേക്കും വഴി തുറന്നു. മുൻവർഷങ്ങളിലെ തനിയാവർത്തനമായി യുവന്റസ് വീഴ്ച.
2020ൽ ലിയോണിനോടും 2021ൽ പോർട്ടോയോടും തോറ്റായിരുന്നു ഇറ്റലിക്കാർ മടങ്ങിയത്- അതും അവസാന 10 മിനിറ്റുകളിൽ. ലാ ലിഗയിൽ ഏഴാമതുള്ള വിയ്യ റയൽ യൂറോപ ലീഗ് ചാമ്പ്യന്മാരെന്ന നിലക്കാണ് ചാമ്പ്യൻസ് ലീഗ് കളിക്കാനെത്തിയിരുന്നത്. നോക്കൗട്ട് ഒന്നാംഘട്ടം അനായാസമായി കടന്ന് ടീം ക്വാർട്ടറിലെത്തുകയും ചെയ്തു.
തുടക്കം പതറി; ഒടുക്കം കസറി ചെൽസി
ആദ്യം ലീഡ് വഴങ്ങി ആധിയിലായ നീലക്കുപ്പായക്കാർക്ക് വിലപ്പെട്ട ഗോളുകളുമായി തുണയായത് പുലിസിച്ചും അസ്പിലിക്വേറ്റയും. 38ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി യിൽമാസാണ് ഫ്രഞ്ച് ടീമായ ലിലെയെ മുന്നിലെത്തിച്ചത്. ഉടമ റോമൻ അബ്രമോവിച്ചിന്റെ വിലക്കും ടീമിനുമേൽ വീണ നിയന്ത്രണങ്ങളും നിഴലിക്കുന്നതായിരുന്നു ചെൽസിയുടെ ആദ്യ പകുതിയിലെ പ്രകടനം. ഗോൾ വീണതോടെ കണ്ണുതിരുമ്മിയുണർന്ന ചെൽസി പിന്നീട് നടത്തിയത് കഴിഞ്ഞ കളിയുടെ തനിയാവർത്തനം. എതിരാളികൾക്ക് അവസരമേതും നൽകാതെ ആദ്യ പകുതിയുടെ അവസാന വിസിലിന് തൊട്ടുമുമ്പ് പുലിസിച്ചും 71ാം മിനിറ്റിൽ അസ്പിലിക്വേറ്റയും നിലവിലെ ചാമ്പ്യന്മാരെ കര കടത്തി. ഇരു പാദങ്ങളിലുമായി ടീം വിജയം 4-1ന്. ജയിച്ചെങ്കിലും ചെൽസിയുടെ തുടർന്നുള്ള കളികൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.