ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരാണ് മാഞ്ചസ്റ്റർ സിറ്റി. ഇക്കുറിയും കിരീടം ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട് അവർ. സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞ വർഷം ജേതാക്കളായ റയൽ മഡ്രിഡിന് ഇത്തവണ രണ്ടാം സ്ഥാനം പോലും ഭീഷണിയിൽ തുടരുകയാണ്. ഇന്നോളം കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയെന്ന വലിയ സ്വപ്നം സിറ്റിക്കു മുന്നിലുണ്ട്. ലാ ലിഗ നഷ്ടമായ റയലിന് ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻപട്ടം നിലനിർത്തിയേ തീരൂ. രണ്ടാംപാദ സെമി ഫൈനലിൽ ബുധനാഴ്ച ഇന്ത്യൻ സമയം അർധരാത്രി ഇരുടീമും മുഖാമുഖമെത്തുകയാണ്. റയലിന്റെ തട്ടകമായ സാൻഡിയാഗോ ബെർണബ്യൂവിൽ നടന്ന കളി 1-1 സമനിലയിൽ കലാശിക്കുകയായിരുന്നു. സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ നടക്കുന്ന രണ്ടാം പാദത്തിൽ ജയിക്കുന്നവരാരോ അവർക്ക് ജൂൺ 10ന് തുർക്കിയയിലെ ഇസ്തംബൂൾ അത്താതുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശക്കളിയിൽ ഇറ്റാലിയൻ ടീമിനെ നേരിടാം.
കഴിഞ്ഞയാഴ്ചത്തെ ഒന്നാം പാദത്തിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ ആദ്യ പകുതി പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയിൻ തിരിച്ചടിച്ചതോടെ സിറ്റിക്ക് ആശ്വാസം. ഇത്തിഹാദിൽ റയലിനെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറാനുള്ള ഊർജവും കിട്ടി. 22 മത്സരങ്ങളിലെ അപരാജിത യാത്ര തുടരുന്ന പെപ് ഗ്വാർഡിയോളയുടെ കുട്ടികളുടെ ലക്ഷ്യം പ്രീമിയർ ലീഗ് മാത്രമല്ല ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവുമാണ്. നിലവിൽ വൻകരയിലെ തന്നെ ടോപ് സ്കോററായ എർലിങ് ഹാലൻഡിനെ പിടിച്ചുകെട്ടാൻ റയൽ ഡിഫൻഡർമാർ വിയർക്കേണ്ടിവരും. ഇൽകേ ഗുൺഡോകാനും ഡി ബ്രൂയിനുമുയർത്തുന്ന ഭീഷണിയും ചില്ലറയല്ല. കാർലോ അൻസലോട്ടി പരിശീലിപ്പിക്കുന്ന റയലിന്റെ കഴിഞ്ഞ ആറു മത്സരങ്ങളുടെ ഫലങ്ങളെടുത്താൽ ജയവും സമനിലയും തോൽവിയുമെല്ലാം ചേർന്ന് സമ്മിശ്രമാണ്. നേരിയ മുൻതൂക്കം സിറ്റിക്ക് അവകാശപ്പെടാമെങ്കിലും കരിം ബെൻസേമയും വിനീഷ്യസ് ജൂനിയറും അവരുടെ പ്രതിരോധം തുളച്ച് കടന്നുകയറിയാൽപിന്നെ കിരീടത്തിലേ അവസാനിപ്പിക്കൂ റയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.