രണ്ടടിയിൽ ഡോട്ട്മുണ്ട് വീണു; ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന്

ലണ്ടൻ: യൂറോപ്പിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള അന്തിമ പോരിൽ കിരീടം പിടിച്ചടക്കി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. ജർമൻ കരുത്തുമായെത്തിയ ബൊറൂസിയ ഡോട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് റയൽ 15ാം തവണയും ഒരു പതിറ്റാണ്ടിനിടെ ആറാം തവണയും ചാമ്പ്യൻപട്ടം നേടിയെടുത്തത്. രണ്ടാം പകുതിയിൽ അന്റോണിയോ കാർവഹാലും വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളാണ് മാഡ്രിഡുകാർക്ക് സ്വപ്ന കിരീടം നേടിക്കൊടുത്തത്.

ലണ്ടനിലെ വെംബ്ലി മൈതാനത്ത് ആർത്തിരമ്പിയ കാണികൾക്ക് മുമ്പിൽ ആദ്യപകുതിയിൽ ഗോളടിക്കുന്നതിൽ ഇരുനിരയും പരാജയപ്പെട്ടു. ബാൾ കൂടുതൽ സമയം കൈയടക്കിയത് റയൽ ആയിരുന്നെങ്കിലും അവരുടെ ഗോൾമുഖത്ത് ഡോട്ട്മുണ്ട് താരങ്ങൾ നിരന്തരം ഭീതി പരത്തി. 21ാം മിനിറ്റിൽ കരീം അദേയേമിക്ക് ലഭിച്ച സുവർണാവസരം നിർഭാഗ്യത്തിനാണ് ഗോളാവാതിരുന്നത്. പന്ത് ലഭിക്കു​മ്പോൾ ഗോൾകീപ്പർ തിബോ കുർട്ടോ മാത്രമായിരുന്നു മുന്നിൽ. എന്നാൽ, ഗോൾകീപ്പറെയും വെട്ടിച്ച് ഗോളടിക്കാനുള്ള ശ്രമം പാളിയയുടൻ പ്രതിരോധ താരങ്ങളെത്തി പൂട്ടിട്ടു. തൊട്ടുടൻ നിക്ലാസ് ഫുൾക്രഗിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും ഡോട്ട്മുണ്ടിന്റെ നിർഭാഗ്യമായി. കരീം അദേയേമിയെ തേടി വീണ്ടും അവസരമെത്തിയെങ്കിലും ഇത്തവണ റയൽ ഗോൾകീപ്പർ മനോഹരമായി തടഞ്ഞിട്ടു.

രണ്ടാം പകുതി റയൽ മാഡ്രിഡിന്റെ സമ്പൂർണ ആധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്. 48ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിനെ ബോക്സിനരികിൽ വീഴ്ത്തിയതിന് റയലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ടോണി ക്രൂസ് വല ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും ഡോട്ട്മുണ്ട് ഗോൾകീപ്പർ കോബലിന്റെ തകർപ്പൻ സേവിൽ നിഷ്പ്രഭമായി. തുടർന്ന് കാർവഹാലിന്റെ ശ്രമവും ഗോൾകീപ്പർ കൈയിലൊതുക്കി. 63ാം മിനിറ്റിൽ ഫുൾക്രഗിന്റെ ഡൈവിങ് ഹെഡർ തടഞ്ഞിട്ട് തിബോ കുർട്ടോ റയലിന്റെ രക്ഷകവേഷം കെട്ടി. ഇടക്കിടെ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ​ജൂഡ് ബെല്ലിങ്ഹാമുമെല്ലാം ഡോട്ട്മുണ്ട് ഗോൾമുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും പ്രതിരോധം ഭേദിക്കുന്നതിൽ പരാജയപ്പെട്ടു.

എന്നാൽ, 74ാം മിനിറ്റിൽ കെട്ടുപൊട്ടിച്ച് റയൽ നിർണായക ഗോളടിച്ചു. അപ്രതീക്ഷിതമായി ലഭിച്ച കോർണർ കിക്കിൽനിന്നായിരുന്നു ഗോളിന്റെ പിറവി. ടോണി ക്രൂസ് എടുത്ത കിക്ക് ബുള്ളറ്റ് ഹെഡറിലൂടെ ഡാനി കാർവഹാൽ ഡോട്ട്മുണ്ട് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടർന്നങ്ങോട്ട് റയൽ മാഡ്രിഡിന്റെ അവസരപ്പെരുമഴയായിരുന്നു. ബെല്ലിങ്ഹാമിന് സുവർണാവസരം ലഭിച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലിലുരസിയതോടെ ലക്ഷ്യം തെറ്റി.

80ാം മിനിറ്റിൽ കമവിംഗയെ ഹമ്മൽസ് ബോക്സിന് സമീപം വീഴ്ത്തിയതിന് ലഭിച്ച ടോണി ക്രൂസിന്റെ ഫ്രീകിക്കും തൊട്ടുപിന്നാലെ കമവിംഗയുടെ ഷോട്ടും നാച്ചോയുടെ ഹെഡറുമെല്ലാം ഡോട്ട്മുണ്ട് ഗോൾകീപ്പറുടെ മെയ്‍വഴക്കത്തിന് മുന്നിൽ പരാജയപ്പെട്ടു. എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ എട്ട് മിനിറ്റ് ശേഷിക്കെ റയൽ രണ്ടാം ഗോളും നേടി. ഡോട്ട്മുണ്ട് താരം മാസ്റ്റന്റെ പിഴവിനൊടുവിൽ പന്ത് ലഭിച്ച വിനീഷ്യസ് പിഴവില്ലാതെ പോസ്റ്റിനുള്ളിലേക്ക് തട്ടിയിടുകയായിരുന്നു.

87ാം മിനിറ്റിൽ ഫുൾക്രഗ് ഡോട്ട്മുണ്ടിനായി ഹെഡറിലൂടെ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. തുടർന്ന് തിരിച്ചടിക്കാനുള്ള അവരുടെ ശ്രമങ്ങൾ വിജയം കാണാതിരുന്നതോടെ ഒരിക്കൽ കൂടി യൂറോപ്യൻ ചാമ്പ്യൻ പട്ടം റയൽ മാഡ്രി​ഡിന്റെ ​ഷോകേസിലേക്ക്. റയലിനായി അവസാന മത്സരത്തിലും നിറഞ്ഞു കളിച്ച ടോണി ക്രൂസിന് സഹതാരങ്ങളുടെ കിരീടം ചൂടിച്ചുള്ള യാത്രയയപ്പ്.

Tags:    
News Summary - Champions League crown for Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.