ലണ്ടൻ: യൂറോപ്പിന്റെ അടുത്ത ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. കിരീടം നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്ന ദിവസത്തിൽ യൂറോപ്പിലെ വിവിധ മൈതാനങ്ങളിൽ കൊമ്പന്മാർ മാറ്റുരക്കും. എട്ടു ലീഗുകളിലായി നാലു ടീമുകൾ വീതമുള്ള ഗ്രൂപ്പുകൾ മത്സരിക്കുന്ന അവസാന സീസണാകും ഇത്. അടുത്ത വർഷം മുതൽ 32നു പകരം 36 ടീമുകൾ കളിക്കും. പലതലങ്ങളിൽ മാറ്റംവരുത്തിയുള്ള ഫിക്സചറും പദ്ധതികളുമാണ് 2024/25 സീസൺ മുതൽ യുവേഫ നടപ്പാക്കുക.
ചാമ്പ്യൻസ് ലീഗ് കപ്പും കിരീടവുമാകുമ്പോൾ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി തന്നെ കരുത്തരിൽ ഒന്നാമത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ടീം കഴിഞ്ഞ തവണ യൂറോപ്പിലെ ചാമ്പ്യന്മാരായതിനൊപ്പം ഇംഗ്ലീഷ് ലീഗിലും ഒന്നാമതെത്തിയിരുന്നു.
14 തവണ കിരീടമെന്ന സമാനതകളില്ലാത്ത റെക്കോഡ് സ്വന്തമായുള്ള റയൽ മഡ്രിഡും ഫാവറിറ്റുകളിൽ മുമ്പന്മാരാണ്. നാപോളി, ബ്രാഗ, യൂനിയൻ ബർലിൻ ടീമുകൾക്കൊപ്പമാണ് ഗ്രൂപ് ഘട്ടത്തിൽ റയൽ ഇറങ്ങുക. ഹാരി കെയ്ൻ കൂടി ആക്രമണത്തിൽ എത്തിയ ബയേൺ മ്യൂണിക് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കാത്തിരിപ്പിലാണ്. 2016/17നു ശേഷം ആദ്യമായി വമ്പൻ പോരിടത്തിൽ എത്തുന്ന ആഴ്സണലിനൊപ്പം അതിലേറെ നീണ്ട കാലങ്ങൾക്കുശേഷം ഇറങ്ങുന്ന ന്യൂകാസിലുമുണ്ട്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞാണ് ടീം ചാമ്പ്യൻസ് ലീഗിൽ ഇടം കണ്ടെത്തുന്നത്. എന്നാൽ, പി.എസ്.ജി, എ.സി മിലാൻ, ബൊറൂസിയ ഡോർട്മുണ്ട് എന്നീ കരുത്തർക്ക് മുന്നിൽ മികവു കാട്ടി വേണം ടീമിന് നോക്കൗട്ടിലേക്ക് മുന്നേറാൻ. പ്രമുഖർ നോക്കൗട്ട് കാണാൻ സാധ്യതകളേറെ നിൽക്കുമ്പോഴും കറുത്ത കുതിരകളാകാൻ ആരൊക്കെയെന്നതന്നതാണ് കാത്തിരിപ്പ്.
ഡിസംബർ പകുതി വരെ ഗ്രൂപ് മത്സരങ്ങളാകും. പ്രീക്വാർട്ടർ ഫെബ്രുവരിയിൽ തുടങ്ങി മാർച്ചിലും തുടരും. ഏപ്രിൽ മാസത്തിലാണ് അവസാന എട്ടിലെ കളികൾ. ഏപ്രിൽ 30, മേയ് ഒന്ന്, മേയ് ഏഴ്, എട്ട് തീയതികളിൽ സെമിഫൈനൽ. വെംബ്ലി മൈതാനത്ത് ജൂൺ ഒന്നിന് കലാശപ്പോരും നടക്കും.
കഴിഞ്ഞ സീസണിൽ കിടിലൻ പ്രകടനവുമായി ആരാധകരുടെ മനംനിറഞ്ഞ പ്രമുഖരിൽ പലരും ഇത്തവണ യൂറോപ്പിലില്ലെന്നതാണ് ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ പ്രത്യേകത. പി.എസ്.ജിയിലായിരുന്ന സൂപ്പർ താരത്രയത്തിൽ കിലിയൻ എംബാപ്പെ മാത്രമാണ് ടീമിനൊപ്പമുള്ളത്. മെസ്സി അമേരിക്കയിൽ ഇന്റർമിയാമിയിലെത്തിയപ്പോൾ നെയ്മർ സൗദി പ്രോ ലീഗിൽ അൽഹിലാലിനൊപ്പം അരങ്ങേറിയത് കഴിഞ്ഞ ദിവസം.
മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പിണങ്ങി ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, റയൽ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന കരീം ബെൻസേമ, ബയേണിനുവേണ്ടി ഇറങ്ങിയ സാദിയോ മാനെ എന്നിവരും സൗദി ലീഗുകളിലാണ്. ഇത്രയും പേരെ ഒറ്റ സീസണിൽ യൂറോപ്പിന് നഷ്ടമാകുന്നത് സമീപകാലത്ത് ആദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.