മിലാൻ: ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുന്ന ആദ്യ ടീമിനെ ചൊവ്വാഴ്ചയറിയാം. ഇന്ത്യൻ സമയം അർധരാത്രി സാൻ സിറോ സ്റ്റേഡിയത്തിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനും എ.സി മിലാനും സെമി ഫൈനൽ രണ്ടാം പാദത്തിൽ മുഖാമുഖമെത്തും. കഴിഞ്ഞയാഴ്ച ആദ്യ പാദം എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച ഇന്ററിനെ സംബന്ധിച്ച് ഒരു സമനില പോലും ധാരാളം. മിലാന് പക്ഷെ അത്ര പന്തിയല്ല കാര്യങ്ങൾ. ചുരുങ്ങിയത് മൂന്ന് ഗോളിനെങ്കിലും അയൽക്കാരെ മറികടന്നാൽ മാത്രമേ രക്ഷയുള്ളൂ. ഇറ്റാലിയൻ സീരീ എയിൽ ഇന്റർ മൂന്നാമതും മിലാൻ അഞ്ചാമതുമാണ്. സന്തോഷത്തോടെ സീസൺ അവസാനിപ്പിക്കാൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം അനിവാര്യം.
ഉജ്ജ്വല ഫോമിൽ കളിക്കുന്ന ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകുവിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ഇന്റർ. ലൊട്ടാരോ മാർട്ടിനസും എഡിൻ സെകോയും ചേരുമ്പോൾ മിലാന്റെ പ്രതിരോധനിരക്ക് പിടിപ്പത് പണിയാവുമെന്നുറപ്പ്. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയവുമായാണ് സിമോൻ ഇൻസാഗി പരിശീലിപ്പിക്കുന്ന ഇന്റർ ഇറങ്ങുന്നത്.
സമ്മിശ്രഫലങ്ങളായിരുന്നു മിലാന്റെത്. ഇരുടീമും തമ്മിൽ സമീപകാലത്ത് ഏറ്റുമുട്ടിയപ്പോഴെല്ലാം ഇന്ററിന് വ്യക്തമായ മുൻതൂക്കവുമുണ്ടായിരുന്നു. പരിക്ക് വലക്കുന്ന മിലാന് വെറ്ററൻ സ്ട്രൈക്കർ ഒലിവർ ജിറൂഡ് തന്നെയാണ് പ്രധാന ആശ്രയം. ഏഴ് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് മിലാൻ. സ്റ്റെഫാനോ പിയോലി പരിശീലിപ്പിക്കുന്ന ഇവർ ഇക്കുറി സെമിയിലെത്തിയിരിക്കുന്നത് 16 വർഷത്തെ ഇടവേളക്ക് ശേഷമാണ്. ആര് കടന്നാലും അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ സാന്നിധ്യമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.