മിലാൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനു പിന്നാലെ സെമി ഫൈനലിലും ഇറ്റാലിയൻ പോരാട്ടം. 33 വർഷത്തെ ഇടവേളക്കുശേഷം സീരി എ കിരീടത്തിലേക്ക് മുന്നേറിയ നാപ്പോളിയെ തോൽപിച്ചെത്തിയ എ.സി മിലാന് അവസാന നാലിൽ എതിരാളികൾ അയൽക്കാരായ ഇന്റർ മിലാനാണ്.
എ.സി മിലാന്റെ മൈതാനമായ സ്റ്റേഡിയോ ഗ്യൂസെപ്പെ മീസയിലാണ് ബുധനാഴ്ച ഒന്നാം പാദ മത്സരം. തുല്യശക്തികൾ തമ്മിലുള്ള അങ്കമായതിനാൽ ഇരുകൂട്ടർക്കും എളുപ്പമല്ല കാര്യങ്ങൾ. സമീപകാലത്ത് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്റർ മിലാനായിരുന്നു ജയം.
ലൂല എന്നറിയപ്പെടുന്ന റൊമേലു ലുകാകു-ലൊട്ടാരോ മാർട്ടിനസ് സഖ്യത്തിന്റെ ആക്രമണത്തിലാണ് ഇന്ററിന്റെ പ്രതീക്ഷകളത്രയും. ക്വാർട്ടർ ഇരുപാദങ്ങളിലുമായി പോർചുഗീസ് സംഘമായ ബെൻഫികയെ 5-3ന് വീഴ്ത്തി. ഒന്നാം പാദത്തിൽ 2-0ത്തിന് ഇന്റർ ജയിച്ചപ്പോൾ രണ്ടാം പാദം 3-3ന് സമനിലയിലായി. ഏഴു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് എ.സി മിലാൻ. പക്ഷേ, അവർ ഇക്കുറി സെമിയിലെത്തിയിരിക്കുന്നത് 16 വർഷത്തെ ഇടവേളക്കു ശേഷമാണ്.
ക്വാർട്ടറിൽ 2-1നാണ് നാപ്പോളിയെ മറികടന്നത്. രണ്ടാം പാദം 1-1ന് സമനിലയിലായെങ്കിലും ആദ്യ പാദത്തിലെ 1-0 ജയം തുണയായി. കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന എ.സി മിലാന്റെ വെറ്ററൻ സ്ട്രൈക്കർ ഒലിവർ ജിറൂഡിന് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം അത്യാവശ്യമാണ്. അഞ്ചു വർഷത്തെ ഇടവേളക്കുശേഷം ഫൈനലിൽ ഇറ്റാലിയൻ സാന്നിധ്യമുണ്ടാവുമെന്ന് ഉറപ്പാണ്. കാത്തിരിക്കുന്നത് റയൽ മഡ്രിഡ് അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.