അലയൻസ് അറീനയിൽ ഇന്ന് ‘ചാമ്പ്യൻ പോര്’; പുലിമടയിൽ ചെന്ന് ജയം പിടിക്കാൻ മെസ്സിക്കൂട്ടം

കളി ബയേൺ മ്യൂണിക് തട്ടകമായ അലയൻസ് അറീനയിലാകുമ്പോൾ എതിരാളികൾക്ക് ഒന്നും ശരിയാകാറില്ല. ജയത്തിന്റെ നീണ്ട കണക്കുകളുടെ ആവേശത്തിൽ ആതിഥേയർ നെഞ്ചുവിരിച്ച് മുന്നിലുണ്ടാകുമ്പോൾ വിശേഷിച്ചും. യൂറോപിലെ രണ്ടു കൊമ്പന്മാർ ഇന്ന് മുഖാമുഖം നിൽക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരമാണ് താരനിരയുടെ വലിപ്പം കൊണ്ടും പോരാട്ടത്തിന്റെ കടുപ്പം കൊണ്ടും ശ്രദ്ധേയമാകുന്നത്.

ആദ്യ പാദത്തിൽ സ്വന്തം കളിമുറ്റത്ത് പിണഞ്ഞ തോൽവി മറികടക്കാനാണ് പാരിസുകാർ മ്യൂണിക്കിൽ വിമാനമിറങ്ങിയിരിക്കുന്നത്. വാല​ൈന്റൻ ദിനത്തിൽ നടന്ന ആദ്യ പാദത്തിൽ ഒറ്റഗോളിനാണ് ബയേൺ ലീഡ് പിടിച്ചിരുന്നത്. ​കിങ്സ്‍ലി കോമാനായിരുന്നു സ്കോറർ. അവസാന മിനിറ്റുകളിൽ ഇറങ്ങിയ കിലിയൻ എംബാപ്പെ വല കുലുക്കിയെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. ​എവേ ഗോളിന്റെ ആനുകൂല്യം ചാമ്പ്യൻസ് ലീഗിൽ ഇല്ലെന്നത് പാരിസുകാർക്ക് ആശ്വാസമാകും.

എന്നാൽ, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഒന്നാം പാദം ജയിച്ച അവസാന 22 സീസണിൽ രണ്ടു വട്ടം മാത്രം കീഴടങ്ങിയവരാണ് ബയേൺ ടീം. മറുവശത്ത്, നോക്കൗട്ടിലെ അവസാന 19ൽ ആറാം തവണയാണ് ഒന്നാം പാദം പി.എസ്.ജി തോൽക്കുന്നത്. ഇതിൽ ഒറ്റത്തവണ മാത്രമാണ് പാരിസുകാർക്ക് അടുത്ത പാദത്തിൽ മറികടക്കാനായത്. അതുപക്ഷേ, 2019-20 സീസണിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെയും. 2023ൽ പി.എസ്.ജി കളിച്ച മൊത്തം മത്സരങ്ങളിലെ ഫലങ്ങൾ പരിഗണിച്ചാൽ ടീമിന് അത്രകണ്ട് ആശ്വാസം നൽകുന്നതല്ല ഫലങ്ങൾ. 14 കളികളിൽ ടീം അഞ്ചെണ്ണം തോറ്റിട്ടുണ്ട്. അവസാനത്തേതായിരുന്നു ബയേണിനെതിരെ ഏകദേശം ഒരു മാസം മുമ്പ് വഴങ്ങിയത്. ഈ വർഷം മൊത്തം എട്ട് എവേ മാച്ചുകൾ കളിച്ചതിൽ പകുതിയും തോറ്റെന്ന ആധിയുമുണ്ട്. ലെൻസ്, റെനെ, മൊണാക്കോ, മാഴ്സെ ടീമുകൾക്കെതിരെയായിരുന്നു തോൽവി.

ബയേണിനു പക്ഷേ, നേരെ തിരിച്ചാണ് കാര്യങ്ങൾ. സ്വന്തം മൈതാനത്ത് അവസാനം കളിച്ച 23 മത്സരങ്ങളിൽ ഒന്നുപോലും തോൽക്കാത്തവർ. അതിൽ 10ലും ക്ലീൻഷീറ്റ് നേട്ടം. ടീം അവസാനം കളിച്ച 22 മത്സരങ്ങളിൽ ഒന്നിലൊഴികെ എല്ലാറ്റിലും സ്കോർ ചെയ്തിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗിലാകട്ടെ, ഗ്രൂപ് ഘട്ടത്തിൽ മുഴുവൻ കളികളും ജയിച്ച് 18 പോയിന്റുമായാണ് ബയേണിന്റെ വരവ്. രണ്ടു ഗോൾ മാത്രം വഴങ്ങിയവർ അടിച്ചുകൂട്ടിയത് 18 എണ്ണം. കണക്കുകൾ ഇങ്ങനെയൊക്കെ ആകുമ്പോഴും ഇനിയും അകന്നുനിൽക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടം തൊടാൻ ഇത്തവണ തങ്ങൾക്കാകുമെന്ന് കിലിയൻ എംബാപ്പെയും സംഘവും പറയുന്നു. ഒറ്റ ഗോൾ ജയത്തിന്റെ ആനുകൂല്യം അവസരമാക്കാൻ ബയേണിനെ വിടില്ലെന്നും ടീമിന്റെ കട്ടായം. പ്രതിരോധത്തിലെ പാളിച്ചകൾ തീർത്ത് മുന്നേറ്റം എണ്ണയിട്ട യന്ത്രമായി എതിർഹാഫിൽ നിറയുന്ന സമീപനാളുകൾ കാണുമ്പോൾ ഇത് സംഭവിച്ചുകൂടായ്കയില്ലെന്ന് ആരാധകരും കണക്കുകൂട്ടുന്നു.

പരിക്കിനെ തുടർന്ന് നെയ്മർ പുറത്തിരിക്കുകയാണെങ്കിലും മുന്നേറ്റത്തിൽ കരുത്ത് കുറയാതെ എംബാപ്പെ- മെസ്സി താരജോഡിയിലാണ് പി.എസ്.ജിയുടെ ഏറ്റവും വലിയ പ്രതീക്ഷ. കൊണ്ടും കൊടുത്തും ഇരുവരും മുന്നിൽനിൽക്കുന്ന ടീം സമീപനാളുകളിൽ കുറിച്ചത് സ്വപ്നസമാന വിജയങ്ങൾ.

വെറ്ററൻ പടയെ മാറ്റിനിർത്തി പുതുമുഖങ്ങൾ രാജപാത തീർക്കുന്ന ബയേണിൽ ജമാൽ മുസിയാലയെന്ന 19കാരനാണ് താരം. സീസണിൽ ഇതുവരെ 15 ഗോളും 11 അസിസ്റ്റുമായി മുസിയാല കോച്ചിന്റെ തന്ത്രങ്ങളിലെ ഒന്നാമനാണ്. ഒറ്റ ഗോൾ ജയമോ സമനിലയോ ടീമിനെ അടുത്ത റൗണ്ടിലേക്ക് കടത്തുമെന്ന് താരങ്ങളും പരിശീലകനും കണക്കുകൂട്ടുന്നു. 

Tags:    
News Summary - Champions League knockout: Can PSG get it done at Bayern Munich?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.