പക, അത് വീട്ടാനുള്ളതാണ്! സിറ്റിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി റയൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ

സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ. ആവേശകരമായ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും അവസാന നാലിലെത്തിയത്. സ്കോർ : 4-3.

ഗോൾകീപ്പർ ലുനിന്‍റെ തകർപ്പൻ സേവുകളാണ് റയലിന്‍റെ വിജയത്തിൽ നിർണായകമായത്. സെമിയിൽ ബയേൺ മ്യൂണിക്കാണ് റയലിന്‍റെ എതിരാളികൾ. സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. കഴിഞ്ഞ സീസണിൽ സെമിയിൽ സിറ്റിയോട് തോറ്റാണ് റയൽ ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായത്. എത്തിഹാദിൽതന്നെ റയലിന്‍റെ മധുരപ്രതികാരം. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും 3-3 എന്ന സ്കോറിനാണ് പിരിഞ്ഞത്.

മത്സരത്തിന്‍റെ 12ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ റയലാണ് ആദ്യം ലീഡെടുത്തത്. ബ്രസീൽ വിങ്ങർ വിനീഷ്യസ് ബോക്സിന്‍റെ വലതു പാർശ്വത്തിൽനിന്ന് നല്‍കിയ ക്രോസ് റോഡ്രിഗോ പോസ്റ്റിലേക്ക് തട്ടിയിട്ടെങ്കിലും സിറ്റി ഗോള്‍ക്കീപ്പര്‍ എഡേഴ്‌സണ്‍ തട്ടിയകറ്റി. എന്നാൽ, റീബൗണ്ടില്‍ റോഡ്രിഗോക്ക് പിഴച്ചില്ല. പന്ത് വലയിൽ. അഗ്രിഗേറ്റഡ് സ്കോർ: 4-3. പിന്നീടങ്ങോട്ട് കളിയിലുടനീളം സിറ്റി ആധിപത്യം പുലർത്തിയെങ്കിലും റയലിന്‍റെ പ്രതിരോധപൂട്ട് പൊട്ടിക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മകളും തിരിച്ചടിയായി. ഇതിനിടെ ഗോൾ മെഷീൻ എർലിങ് ഹാലൻണ്ടിന്‍റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങി.

പാസ്സിങ് ഗെയിമുമായി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ സിറ്റിക്ക് ഗോൾ മടക്കാനായില്ല. ഒടുവിൽ 76ാം മിനിറ്റിൽ സിറ്റി മത്സരത്തിൽ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ഡോകു നല്‍കിയ അസിസ്റ്റില്‍ സൂപ്പർതാരം കെവിൻ ഡി ബ്രുയിനെയാണ് വലകുലുക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും വിജയഗോൾ നേടാനായില്ല. അധിക സമയത്തും സമനില പാലിച്ചതോടെ വിധി നിർണയിക്കാൻ ഷൂട്ടൗട്ടിലേക്ക്.

റയലിനുവേണ്ടി ജൂഡ് ബെല്ലിങ്ഹാം, വാസ്‌കസ്, നാചോ, റുഡിഗര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ആദ്യ കിക്കെടുത്ത ലൂക്കാ മോഡ്രിച്ചിന്റെ ഷോട്ട് എഡേഴ്‌സണ്‍ തടുത്തിട്ടു. സിറ്റിക്കുവേണ്ടി ജൂലിയന്‍ അല്‍വാരസ്, ഫിൽ ഫോഡന്‍, എഡേഴ്‌സണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോൾ രണ്ടാം കിക്കെടുത്ത ബെര്‍ണാഡോയുടെയും മൂന്നാം കിക്കെടുത്ത കൊവചിചിന്റെയും ഷോട്ടുകൾ ലുനിന്‍ തടുത്തിട്ടു. തുടർച്ചയായ രണ്ടാം സീസണിലും ട്രബ്ൾ നേടാമെന്ന പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്‍റെയും പ്രതീക്ഷകളാണ് തകർന്നടിഞ്ഞത്. നിലവിൽ പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷയുമായി ഒന്നാമതാണ്.

എഫ്.എ കപ്പിൽ സെമിയിൽ ചെൽസിയാണ് എതിരാളികൾ. മത്സരത്തിൽ സിറ്റി 33 ഷോട്ടുകൾ തൊടുത്തപ്പോൾ റയലിന്‍റെ കണക്കിൽ എട്ടെണ്ണം മാത്രം. പന്ത് കൈവശം വെക്കുന്നതിലും സിറ്റി ബഹുദൂരം മുന്നിലായിരുന്നു. 64 ശതമാനം.

Tags:    
News Summary - Champions League: Real Madrid beat Manchester City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.