സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആർത്തുവിളിച്ച ആയിരങ്ങളെ സാക്ഷിനിർത്തി ഇനിയെല്ലാം ശരിയാകുമെന്ന് പ്രഖ്യാപിച്ച് ചെൽസി. നിരന്തര വീഴ്ചകളുമായി പ്രിമിയർ ലീഗിലുൾപ്പെടെ പിറകിലായിപ്പോയ മുൻ യൂറോപ്യൻ ചാമ്പ്യൻമാർ സ്വന്തം കളിമുറ്റത്ത് ആധികാരിക ജയംപിടിച്ച് ചാമ്പ്യൻസ് ലീഗ് അവസാന എട്ടിൽ. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് (ശരാശരി 2-1) കടന്നാണ് ടീം വിജയവഴിയിൽ തിരിച്ചെത്തിയത്.
മൂന്നാഴ്ച മുമ്പ് ഡോർട്മണ്ട് മൈതാനത്തുചെന്ന് ഒരു ഗോൾ തോൽവി ചോദിച്ചുവാങ്ങിയവർ വഴിയിൽ മറന്നുവെച്ച പഴയ വീര്യം തിരിച്ചുപിടിച്ചാണ് ചൊവ്വാഴ്ച കളി നയിച്ചത്. അതിവേഗ ഗെയിമുമായി തുടക്കം മുതൽ ഇരമ്പിക്കയറിയ ടീം ആദ്യ ഗോൾ നേടുന്നത് 43ാം മിനിറ്റിൽ. റഹീം സ്റ്റെർലിങ്ങായിരുന്നു സ്കോറർ. തൊട്ടുമുമ്പ് കെയ് ഹാവെർട്സിന്റെ പന്ത് പോസ്റ്റിലിടിച്ചു മടങ്ങി. ഒറ്റഗോൾ കൊണ്ട് മതിയാകാത്തവർക്കായി രണ്ടാം പകുതിയിൽ കെയ് ഹാവർട്സ് പെനാൽറ്റിയിൽ ലീഡുയർത്തി. ആദ്യം അടിച്ചത് പോസ്റ്റിലിടിച്ചുമടങ്ങിയെങ്കിലും ഡോർട്മണ്ട് താരങ്ങൾ കിക്കെടുക്കുംമുമ്പ് പോസ്റ്റിലേക്ക് ഓടിക്കയറിയതായി ‘വാർ’ പരിശോധനയിൽ കണ്ടതോടെ വീണ്ടും കിക്ക് അനുവദിക്കുകയായിരുന്നു. ഇതാകട്ടെ, കൃത്യമായി ലക്ഷ്യത്തിലെത്തുകയും ചെയ്തു.
പരിക്കുമാറി ക്രിസ്റ്റ്യൻ പുലിസിച്ച് ഇറങ്ങിയ ചെൽസി നിരക്കു തന്നെയായിരുന്നു കളിയിൽ മേൽക്കൈ. തുടർച്ചയായി ചാമ്പ്യൻസ് ലീഗ് അവസാന എട്ടിലെത്തിയതോടെ ടീമിന്റെ കുതിപ്പിന് കരുത്ത് കുടും. ദിവസങ്ങൾക്ക് മുമ്പ് ലീഡ്സിനെതിരെ ചെൽസി ഒരു ഗോൾ ജയം പിടിച്ചിരുന്നു.
കോച്ച് ഹാരി പോട്ടർക്കെതിരെ കടുത്ത എതിർപ്പുയരുന്ന ഘട്ടത്തിൽ ടീം തിരിച്ചുവരവിന്റെ വഴിയിലെത്തുന്നത് കോച്ചിനു മാത്രമല്ല, ആരാധകർക്കും ആശ്വാസമാകും. പുത്തൻ താരനിരയെ അണിനിരത്താനായി അടുത്തിടെ ശതകോടികൾ ടീം മാനേജ്മെന്റ് ചെലവിട്ടിരുന്നെങ്കിലും പ്രകടനമികവിൽ അത് കാണാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. മോശം പ്രകടനത്തിന് വിമർശനമുനയിൽ നിൽക്കുന്ന റഹീം സ്റ്റെർലിങ് തിരിച്ചെത്തിയതും ആശ്വാസമാണ്. മാസങ്ങൾക്കിടെ ആദ്യമായാണ് നീലക്കുപ്പായക്കാർ ഒന്നിലേറെ ഗോളിന് ജയിക്കുന്നത്.
മറുവശത്ത്, കരീം അഡിയാമി, യൂസുഫ മുകോകോ, ഗോളി ഗ്രിഗർ കോബൽ എന്നിവർ പരിക്കുമായി പുറത്തിരുന്നത് ഡോർട്മണ്ടിന് തിരിച്ചടിയായി. കളിക്കിടെ ജൂലിയൻ ബ്രാൻഡ്റ്റ് പരിക്കുപറ്റി മടങ്ങിയത് ആഘാതം ഇരട്ടിയാക്കുകയും ചെയ്തു. 19കാരനായ കൗമാര താരം ജൂഡ് ബെല്ലിങ്ങാമാകട്ടെ, ചെൽസിയൊരുക്കിയ പൂട്ടിൽ കുരുങ്ങുകയും ചെയ്തു. 2023ൽ ആദ്യമായാണ് ടീം തോൽവി വഴങ്ങുന്നത്. ബുണ്ടസ് ലിഗയിൽ മികച്ച വിജയങ്ങളുമായി ബയേണിനെ കടന്ന് ചെറിയ ഇടവേളയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ ടീം ഇപ്പോഴും പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ്. ഗോൾശരാശരിയിലാണ് ബയേൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ലിസ്ബനിൽ ഗോൾമഴ പെയ്യിച്ചാണ് ബെൻഫിക ക്വാർട്ടർ ഫൈനൽ പ്രവേശനം ആഘോഷിച്ചത്. 38ാം മിനിറ്റിൽ റഫ സിൽവ തുടക്കമിട്ടു. പിന്നെ പോർചുഗലിന്റെ ലോകകപ്പ് ഹീറോ ഗോൺസാലോ റാമോസിന്റെ ഊഴം. ആദ്യ പകുതിയുടെ അധിക സമയത്തും (45+2) തുടർന്ന് 57ാം മിനിറ്റിലും റാമോസ് വലകുലുക്കി.
71ാം മിനിറ്റിൽ ബ്രൂഷിന്റെ തോൽവി ഉറപ്പിച്ച് ബെൻഫികക്ക് പെനാൽറ്റിയും. ജാവോ മരിയ കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. 77ാം മിനിറ്റിൽ ഡേവിഡ് നെറേസിന്റെ വക ടീമിന്റെ അഞ്ചാം ഗോൾ. 87ാം മിനിറ്റിൽ ബ്യോൺ മെയ്ജറിലൂടെയാണ് ബ്രൂഷ് ആശ്വാസം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.