റൊണാള്‍ഡോയെ വേണ്ടെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍

ലണ്ടന്‍: പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വേണ്ടെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍. നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലുള്ള 37കാരനെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റ് നീക്കം തുടങ്ങിയപ്പോഴാണ് ടുഷേല്‍ നിലപാട് വ്യക്തമാക്കിയത്. റൊണാള്‍ഡോയെത്തിയാല്‍ ടീമിന്റെ സന്തുലിതാവസ്ഥ നഷ്ടമാവുമെന്നാണ് ടുഷേല്‍ ക്ലബ് മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച താരങ്ങളുണ്ടായിട്ടും യുനൈറ്റഡ് നേരിട്ട തിരിച്ചടിയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിങ്ങുമായി ധാരണയിലെത്തിയ ചെല്‍സി മാനേജ്‌മെന്റിനോട് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ എന്നിവരെ ടീമിലെത്തിക്കാനാണ് ടുഷേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാഞ്ചസ്റ്ററുമായുള്ള കരാറിൽ ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും ടീം വിടാനുള്ള ഒരുക്കത്തിലാണ് റൊണാള്‍ഡോ. യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാത്തതും പുതിയ സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് താരത്തെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നത്. പ്രീ സീസണ്‍ പരിശീലന ക്യാമ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന റൊണാള്‍ഡോ സന്നാഹമത്സരങ്ങളിലും കളിക്കുന്നില്ല. ഇതോടെയാണ് ചെല്‍സിയടക്കമുള്ള ക്ലബുകള്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ രംഗത്തെത്തിയത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിറംമങ്ങിയപ്പോഴും റൊണാള്‍ഡോയുടെ കളിമികവിനും ഗോള്‍വേട്ടക്കും കോട്ടംതട്ടിയിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.