ലണ്ടൻ: മുടക്കിയ തുകയും പുതുതായെത്തിയ താരനിരയും പരിഗണിച്ചാൽ പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ടു സീസണിൽ നേരത്തേ കിരീടമണിയേണ്ടവരായിരുന്നു ചെൽസി. അമേരിക്കൻ നിക്ഷേപകർ ഏറ്റെടുത്തശേഷം അഞ്ചു സീസണിലായി ടീം വാങ്ങിക്കൂട്ടിയത് 39 താരങ്ങളെ. മുടക്കിയത് 11,000 കോടി. സമീപകാലത്തൊന്നും ഇംഗ്ലണ്ടിലോ പുറത്തോ ഒരു ടീമും ഇത്രയും തുക വാരിയെറിഞ്ഞിട്ടുണ്ടാകില്ല. ഇത്ര താരനിരയും എത്തിക്കാണില്ല.
അമേരിക്കൻ ഉടമകളായ ടോഡ് ബോഹ്‍ലിയും ക്ലിയർലേക് കാപിറ്റലും ചേർന്ന് റഷ്യൻ ഉടമയായ റോമൻ അബ്രമോവിച്ചിൽനിന്ന് 2022 മേയിലാണ് ചെൽസിയെ വിലക്കെടുത്തത്. 320 കോടി ഡോളറായിരുന്നു നൽകിയത്. യുക്രെയ്ൻ അധിനിവേശം പറഞ്ഞ് അബ്രമോവിച്ചിനെ പുറത്താക്കി സ്വന്തമാക്കിയ നീലക്കുപ്പായക്കാർ പക്ഷേ, പിന്നീട് എവിടെയും ഉറച്ചുനിന്നിട്ടില്ല. മാറിവന്നത് അഞ്ച് പരിശീലകർ. കളിക്കാർ മാറിവന്നത് ഓരോ ട്രാൻസ്ഫർ കാലത്തും നിരവധി പേർ. പെഡ്രോ നെറ്റോ, യൊആവോ ഫെലിക്സ് എന്നീ വിങ്ങർമാർ കൂടിയെത്തിയതോടെ 43 പേരുണ്ട് ടീമിലിപ്പോൾ. മിഖായിലോ മുദ്രിക്, റഹീം സ്റ്റെർലിങ് എന്നിവരടക്കം അഞ്ച് വിങ്ങർമാർ നേരത്തേയുള്ള ടീമിലാണ് പിന്നെയും രണ്ടുപേർ അതേ പൊസിഷനിലേക്ക് എത്തുന്നത്.
പുതുതായി നെറ്റോ എത്തിയതോടെ സ്റ്റെർലിങ് ആദ്യ പട്ടികക്ക് പുറത്താകുകയും ചെയ്തു. ഇങ്ങനെ പുറത്ത് വെറുതെ ‘പരിശീലന’വുമായി കഴിഞ്ഞുകൂടുന്ന 20 പേരുണ്ടെന്നതാണ് കൗതുകം. ബെൽ ചിൽവെൽ, അക്സൽ ഡിസാസി, ട്രവോഹ് ചാലോബാഹ്, കാർണി ചുക്വുമേക തുടങ്ങിയവരൊക്കെയും ഈ നിരയിലാണ്. ഈ സീസണിൽ മാത്രം 11 പേരാണ് പുതുതായി ടീമിലെത്തിയത്. യൊആവൊ ഫെലിക്സിനെ വമ്പൻ തുക നൽകിയാണ് ടീമിലെത്തിച്ചതും. 22-28 പേർ സീനിയർ അംഗങ്ങളായുള്ള മറ്റൊരു ടീം പ്രീമിയർ ലീഗിലും പുറത്തും നിലവിലില്ല. പുതുമുഖങ്ങൾ വേറെയും. ഇതൊക്കെയായിട്ടും ഒരുവട്ടം 12ാമതെത്തിയ ടീം കഴിഞ്ഞ സീസണിൽ ആറാമതുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.