ലണ്ടൻ/ലെയ്പ്സിഗ്: ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലെ തോൽവികളെത്തുടർന്ന് പരിശീലകരുടെ ജോലി തെറിച്ചുതുടങ്ങി. ചെൽസി മുഖ്യപരിശീലകൻ തോമസ് ടൂഹലിനെയും ആർ.ബി ലെയ്പ്സിഗ് കോച്ച് ഡൊമെനികോ ടെഡെസ്കോയെയും അതത് ക്ലബ് മാനേജ്മെന്റ് പുറത്താക്കിയത്. ചാമ്പ്യൻസ് ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ മുൻ ജേതാക്കളും ഇംഗ്ലീഷ് ഫുട്ബാളിലെ വമ്പന്മാരുമായ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്റെബിനോട് പരാജയപ്പെട്ടിരുന്നു. ജർമനിയിലെ പ്രമുഖരായ ലെയ്പ്സിഗ് സ്വന്തം കാണികൾക്ക് മുന്നിൽ ഒന്നിനെതിരെ നാല് ഗോളിന് യുക്രെയ്നിലെ ഷാക്തർ ഡോണെസ്കിനോടാണ് നാണംകെട്ടത്.
ചെൽസിക്ക് ചാമ്പ്യൻസ് ലീഗും സൂപ്പർ കപ്പും ക്ലബ് ലോകകപ്പും നേടിക്കൊടുത്ത പരിശീലകനായ ടൂഹലിനെ പുറത്താക്കിയത് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. "ക്ലബിനൊപ്പമുള്ള സമയത്തെ എല്ലാ ശ്രമങ്ങൾക്കും തോമസിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ചെൽസി എഫ്.സിയിലെ എല്ലാവരുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടി ചെൽസിയുടെ ചരിത്രത്തിൽ തോമസ് കൃത്യമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. 'ക്ലബിന്റെ പ്രസ്താവനയിൽ പറയുന്നു. പുതിയ പരിശീലകനെ നിയമിക്കാൻ ക്ലബ് ദ്രുതഗതിയിൽ കാര്യങ്ങൾ മുന്നോട്ടുനീക്കുകയാണെന്നും പരിശീലനത്തിനും വരാനിരിക്കുന്ന മത്സരങ്ങളുടെ തയാറെടുപ്പിനും കോച്ചിങ് സ്റ്റാഫ് ടീമിന്റെ ചുമതല വഹിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജർമൻകാരനായ തോമസ് ടൂഹൽ 2021ലാണ് ചെൽസിയിലെത്തുന്നത്.
ലെയ്പ്സിഗിന്റെ 13 കൊല്ലത്തെ ചരിത്രത്തിലെ പ്രധാന നേട്ടമുണ്ടായത് ടെഡെസ്കോക്ക് കീഴിലാണ്. കഴിഞ്ഞ വർഷം ടീം ജർമൻ കപ്പ് ജേതാക്കളായി. പക്ഷേ ബുണ്ടസ് ലീഗയുടെ പുതിയ സീസണിൽ മോശം തുടക്കമാണ് ലെയ്പ്സിഗിന്റേത്. കഴിഞ്ഞയാഴ്ച എയ്ൻട്രാറ്റ് ഫ്രാങ്ക്ഫുർട്ടിനോട് 0-4ന് തോറ്റു. 2021-22 സീസണിലാണ് ഇറ്റലിക്കാരനായ ടെഡെസ്കോ ലെയ്പ്സിഗിൽ ചുമതലയേറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.