ചെൽസി എനിക്ക് എല്ലാമായിരുന്നു! സീസണൊടുവിൽ ക്ലബ് വിടുമെന്ന് തിയാഗോ സിൽവ

ലണ്ടൻ: സീസണൊടുവിൽ ചെൽസി വീടുമെന്ന് ബ്രസീൽ പ്രതിരോധ താരം തിയാഗോ സിൽവ. കഴിഞ്ഞ നാലു വർഷമായി പ്രീമിയർ ലീഗ് ക്ലബിനൊപ്പം കളിക്കുകയാണ് 39കാരനായ തിയാഗോ.

പുതിയ റോളിൽ മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് താരം പറഞ്ഞു. 2020 ആഗസ്റ്റിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് സൗജന്യ ട്രാൻസ്ഫറിൽ തിയാഗോ ചെൽസിയിൽ എത്തുന്നത്. ക്ലബിനായി 151 മത്സരങ്ങൾ കളിച്ചു. ക്ലബിന്‍റെ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, സൂപ്പർ കപ്പ് വിജയങ്ങളിൽ പങ്കാളിയായി. ‘ചെൽസി എനിക്ക് എല്ലാമായിരുന്നു. ഒരു വർഷം ക്ലബിനൊപ്പം കളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെൽസിയിലെത്തിയത്. പക്ഷേ, നാലു വർഷമായി’ -ക്ലബ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വികാരനിർഭരമായ വിഡിയോയിൽ തിയാഗോ പറഞ്ഞു.

ബ്രസീലിനായി 113 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെൽസിക്കായി സീസണിൽ വിവിധ ചാമ്പ്യൻഷിപ്പുകളിലായി 34 മത്സരങ്ങളിലും കളിച്ചു. നിലവിൽ പ്രീമിയർ ലീഗിൽ 33 മത്സരങ്ങളിൽനിന്ന് 48 പോയന്‍റുമായി ചെൽസി ഒമ്പതാം സ്ഥാനത്താണ്. എഫ്.എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒരു ഗോളിന് പരാജയപ്പെട്ട് പുറത്തായതോടെ സീസണിലെ ക്ലബിന്‍റെ ഏക കിരീട പ്രതീക്ഷ കൂടിയാണ് അവസാനിച്ചത്. മത്സരശേഷം ഗ്രൗണ്ടിൽ പൊട്ടിക്കരയുന്ന തിയാഗോയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

‘നാല് വർഷം ക്ലബിനായി ഏറ്റവും മികച്ചത് തന്നെ നൽകാനായി എന്ന് കരുതുന്നു. പക്ഷേ, നിർഭാഗ്യവശാൽ, എല്ലാത്തിനും ഒരു തുടക്കവും മധ്യവും അവസാനവുമുണ്ട്. ഇത് അന്തിമമായ ഒരു അവസാനമാണെന്ന് അതിനർഥമില്ല. വാതിൽ തുറന്നിരിക്കുകകയാണ്, മറ്റൊരു വേഷത്തിലാണെങ്കിലും സമീപഭാവിയിൽ തന്നെ എനിക്ക് മറ്റൊരു റോളിൽ മടങ്ങിവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ, അത് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ്. എനിക്ക് നന്ദി മാത്രമേ പറയാൻ കഴിയൂ’ -തിയാഗോ വ്യക്തമാക്കി.

Tags:    
News Summary - 'Chelsea Means A Lot To Me': Thiago Silva To Leave Club After The Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.