ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി-ചെൽസി ആവേശപോരാട്ടം സമനിലയിൽ (4-4) പിരിഞ്ഞു. ട്വിസ്റ്റുകൾ ഒന്നൊന്നായി മാറിമറിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടിയാണ് കളി അവസാനിപ്പിച്ചത്.
സ്റ്റംഫോർഡ് ബ്രിഡ്ജിലെ നീലക്കടലിനെ നിശബ്ദരാക്കി സിറ്റിയാണ് ആദ്യ ലീഡെടുത്തത്. 25ാം മിനിറ്റിൽ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എർലിങ് ഹാലൻഡ് ഗോളാക്കുകയായിരുന്നു. എന്നാൽ നാല് മിനിറ്റിനകം തിയാഗോ സിൽവ ചെൽസിക്കായി മറുപടി ഗോൾ നേടി. കോർണർ കിക്കിൽ മനോഹരമായി ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
37 ാം മിനിറ്റിൽ റഹീം സ്റ്റർലിങ് ചെൽസിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിയുള്ളപ്പോൾ തകർപ്പൻ ഹെഡറിലൂടെ മാനുവൽ അക്കാൻജി സിറ്റിക്കായി സമനില ഗോൾ കണ്ടെത്തി(2-2). 47ാം മിനിറ്റിൽ എർലിങ് ഹാലൻഡ് തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തിയതോടെ സിറ്റി വീണ്ടും ലീഡെടുത്തു (3-2).
67ാം മിനിറ്റിൽ നിക്കോളസ് ജാക്സൻ ചെൽസിക്കായി ഗോൾ നേടിയതോടെ വീണ്ടും സമനിലയിൽ (3-3). ഏറെ കുറേ മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച കളി വീണ്ടും സിറ്റി പിടിച്ചെടുത്തു. 86ാം മിനിറ്റിൽ റോഡ്രി ഹെർണാണ്ടസ് തൊടുത്തിവിട്ട അപ്രതീക്ഷിത ലോങ്റെഞ്ചർ ചെൽസി വലയിൽ പതിച്ചു (3-4). അതോടെ സ്റ്റംഫോർഡിലെ ആരവങ്ങൾ നിലച്ചു.
എന്നാൽ ട്വിസ്റ്റുകൾ വീണ്ടും ബാക്കിയായിരുന്നു. 95ാം മിനിറ്റിൽ ബോക്സിനകത്ത് നിന്ന് ഗോളെന്ന് ഉറപ്പിച്ച ഘട്ടത്തിൽ ചെൽസി സ്ട്രൈക്കർ ബ്രോജയെ വീഴ്ത്തിയതിന് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മുൻ സിറ്റി താരം കോൾ പാൽമർ പിഴവുകളില്ലാതെ വലയിലാക്കിതോടെ കളി സമനിലയിൽ പിരിഞ്ഞു.
12 കളികൾ പൂർത്തിയായപ്പോൾ 28 പോയിന്റുമായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് മുന്നിൽ. 16 പോയിന്റുള്ള ചെൽസി 10ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.