റിയോ ഡി ജനീറോ: കോപാ അമേരിക്ക സ്വപ്ന ഫൈനൽ ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിൽ നടക്കാനിരിക്കേ അർജന്‍റീനക്ക് മുന്നറിയിപ്പുമായി പരഗ്വെയുടെ ഇതിഹാസതാരം ഹോസെ ലൂയി ചിലാവർട്ട്. ഈ ഫൈനലിൽ ബ്രസീൽ ടീമിനെ മാത്രമല്ല, തെക്കനമേരിക്കൻ ഫുട്ബാൾ അസോസിയേഷനെ (കോൻമെബോൾ)യും റഫറിയെയും അർജന്‍റീനക്ക് മറികടക്കേണ്ടിവരുമെന്ന് ചിലാവർക്ക് മുന്നറിയിപ്പ് നൽകി. ഉറുഗ്വെക്കാരനായ എസ്തബാൻ ഒസ്റ്റോയിച്ച് ഫൈനലിൽ ബ്രസീലിന് അനുകൂലമായി തീരുമാനമെടുക്കുമെന്നും ഫൈനലിൽ അയാളെ കോൻമെബോൾ റഫറിയാക്കിയത് കൃത്യമായ ഉദ്ദേശ്യത്തോടെയാണെന്നും പരഗ്വെ കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പറായ ചിലവർട്ട് പറയുന്നു.
'ലയണൽ മെസ്സിയും സഹതാരങ്ങളും ബ്രസീൽ ടീം, നെയ്മർ, വാർ, റഫറി എന്നിവരെയൊക്കെ കീഴടക്കാൻ ഒരുങ്ങേണ്ടിവരും. കോൻമെബോൾ ഭീകരമാണ്. അവർ ഫൈനലിൽ റഫറിയായി ഒസ്റ്റോയിച്ചിനെ തെരഞ്ഞെടുത്തത് പരഗ്വെ-പെറു മത്സരത്തിൽ അയാൾ ചിലതു ചെയ്തതിനു പിന്നാലെയാണ്. ആ മത്സരത്തിൽ ഭീകരമായിരുന്നു അയാളുടെ റഫറിയിങ്. പരഗ്വെ ക്യാപ്റ്റൻ ഗുസ്താവോ ഗോമസിനെ അന്യായമായി പുറത്താക്കിയതിനു പിന്നാെല പെറു താരം ആന്ദ്രേ കാരിലോക്കും ചുകപ്പുകാർഡ് കാട്ടി.'- റേഡിയോ കോണ്ടിനെന്‍റലിന് നൽകിയ അഭിമുഖത്തിൽ ചിലാവർട്ട് പറഞ്ഞു.
'മെസ്സി രണ്ടോ മൂന്നോ ഗോൾ നേടുന്നത് കാണാൻ എനിക്കിഷ്ടമാണ്. മത്സരത്തിൽ സംശയകരമായ സാഹചര്യം വന്നാൽ തീരുമാനം ആതിഥേയർക്കൊപ്പമായിരിക്കും. മെസ്സിയും കൂട്ടുകാരും ആയിരം ശതമാനം മികവിൽ പന്തുതേട്ടണ്ട അവസ്ഥയാകും ഫൈനലിൽ.' -ചിലാവർട്ട് ചൂണ്ടിക്കാട്ടുന്നു.
ഫൈനലിൽ ഒസ്റ്റോയിച്ചിന്റെ അസിസ്റ്റന്‍റ് റഫറിമാരും ഉറുഗ്വെയിൽനിന്നാണ്. നാട്ടുകാരായ കാർലോസ് ബരേരോ, മാർട്ടിൻ സോപ്പി എന്നിവർ. 'വാർ' പരിശോധനക്ക് ഉറുഗ്വായിയുടെ തന്നെ ആൻഡ്രേ കുൻഹക്കാണ് ചുമതല. പെറുവിൽനിന്നുള്ള ഡീഗോ ഹാരോ ആയിരിക്കും ഫോർത്ത് ഒഫീഷ്യൽ.
2013ൽ ഉറുഗ്വായ് ദേശീയ മത്സരങ്ങൾ നിയന്ത്രിച്ച് പേരെടുത്ത ഒസ്റ്റോയിച്ച് 2016ലാണ് ഫിഫ പട്ടികയിലെത്തുന്നത്. 2018ൽ അർജന്‍റീന- മെക്സിക്കോ പോരാട്ടം നിയന്ത്രിച്ച് രാജ്യാന്തര മത്സരങ്ങളിൽ അരങ്ങേറി. 2019ൽ ബ്രസീലിലെ കോപ അമേരിക്കയിൽ ഗ്രൂപ് മത്സരങ്ങളും നിയന്ത്രിച്ചു. പിന്നീട് നിരവധി രാജ്യാന്തര മത്സരങ്ങളിലും റഫറിയായി. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള കൊളംബിയ- പെറു ലൂസേഴ്സ് ഫൈനലിൽ ബ്രസീലിയൻ റഫറി റാഫേൽ േക്ലാസാകും വിസിൽ മുഴക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.