ആംസ്റ്റർഡാം: 287 ദിവസങ്ങൾക്കുമുമ്പ് കാൽപന്ത് മൈതാനത്ത് നിമിഷങ്ങളോളം നിലച്ച ആ ഹൃദയം ഇതിഹാസതാരം യൊഹാൻ ക്രൈഫിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ ശനിയാഴ്ച തുടിച്ചിട്ടുണ്ടാവണം. ഒപ്പം ലോകത്താകമാനമുള്ള ഫുട്ബാൾ ആരാധകരുടെ ഹൃദയങ്ങളും. യൂറോ കപ്പിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് കളിയാരാധകരുടെ നൊമ്പരമായി മാറിയ ക്രിസ്റ്റ്യൻ എറിക്സൺ ഒമ്പത് മാസങ്ങൾക്കുശേഷം ഡെന്മാർക്കിന്റെ കുപ്പായത്തിൽ തിരിച്ചെത്തിയത് ആഘോഷിച്ചത് ഗോളോടെ.
നെതർലൻഡ്സുമായുള്ള സൗഹൃദ മത്സരത്തിൽ ഡെന്മാർക് 4-2ന് പരാജയപ്പെട്ടെങ്കിലും ആരാധകരുടെ മനസ്സുനിറയെ ആ ഗോളായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി എറിക്സൺ കളത്തിലിറങ്ങിയപ്പോൾതന്നെ സ്വന്തം ടീമിനൊപ്പം എതിർ ടീമംഗങ്ങളും കാണികളും കൈയടിച്ചാണ് സ്വീകരിച്ചത്. രണ്ടു മിനിറ്റിനകം മനോഹരമായ ഗോളിലൂടെ എറിക്സൺ തിരിച്ചുവരവ് ഗംഭീരമാക്കി.
യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് എറിക്സൺ കുഴഞ്ഞുവീണത്. നിമിഷങ്ങൾ അനക്കം നഷ്ടമായ താരത്തിന് അടിയന്തര വൈദ്യസഹായം നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സാവധാനം ആരോഗ്യം വീണ്ടെടുത്ത എറിക്സണിന്റെ ശരീരത്തിൽ പിന്നീട് കാർഡിയോവെർട്ടർ ഡിഫിബ്രില്ലേറ്റർ ഘടിപ്പിച്ചു. ഇതുമൂലം ഇറ്റലിയിൽ കളിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇന്റർ മിലാനിൽനിന്ന് താരം അടുത്തിടെ ഇംഗ്ലണ്ടിലെ ബ്രെൻഡ്ഫോഡിലേക്ക് മാറിയിരുന്നു. 30കാരനായ എറിക്സൺ ഡെന്മാർക്കിനായി 110 മത്സരങ്ങളിൽ 37 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.