ലണ്ടൻ: ഓൾഡ് ട്രാഫോഡിലെ സ്വന്തം കാണികൾ നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകുമെന്നു തോന്നിച്ച നിമിഷങ്ങളിൽ ഉയിർത്തെഴുന്നേറ്റ മാഞ്ചസ്റ്റർ യുനൈറ്റഡ് തകർപ്പൻ ജയവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഡെർബി ഗംഭീരമാക്കി. മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപിച്ചത്.
ആദ്യ ഒരു മണിക്കൂർ സ്കോർ ബോർഡ് പൂജ്യത്തിൽ തുടർന്നെങ്കിലും 60ാം മിനിറ്റിൽ ജാക് ഗ്രീലിഷിലൂടെ സിറ്റി മുന്നിൽക്കയറി. എന്നാൽ, 78ൽ ബ്രൂണോ ഫെർണാണ്ടസും 82ൽ മാർകസ് റാഷ്ഫോഡും സ്കോർ ചെയ്ത് ആതിഥേയരെ ജയത്തിലേക്ക് നയിച്ചു. ആഴ്സനൽ (44) നയിക്കുന്ന പോയന്റ് പട്ടികയിൽ സിറ്റിയും (39) യുനൈറ്റഡും (38) രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.
11ാം മിനിറ്റിൽ സിറ്റി താരം ബെർണാർഡോയുടെ പിഴവിൽ എറിക്സൻ പന്ത് നിയന്ത്രണത്തിലാക്കി. ബ്രൂണോ ഫെർണാണ്ടസിന് പാസ്. പന്തുമായി ബ്രൂണോയുടെ കുതിപ്പിനൊടുവിൽ ലക്ഷ്യത്തിൽനിന്ന് അൽപം തെറ്റി. 24ാം മിനിറ്റിൽ യുനൈറ്റഡ് പോസ്റ്റിലേക്ക് ആദ്യ ഷോട്ടിന് ശ്രമിച്ച എർലിങ് ഹാലൻഡിനെ കാസെമിറോ തടഞ്ഞു. 10 മിനിറ്റിനുശേഷം വീണ്ടും. യുനൈറ്റഡിന്റെ കൗണ്ടർ അറ്റാക്കിൽ പന്തുമായി മാർകസ് റാഷ്ഫോഡ്.
തടയാൻ മുന്നോട്ടുവന്ന സിറ്റി ഗോളി എഡേഴ്സനെയും പരാജയപ്പെടുത്തി റാഷ്ഫോഡ്. പക്ഷേ, അകഞ്ഞി പ്രതിരോധം തീർത്തു. പന്ത് ലഭിച്ച ബ്രൂണോ ഉടൻ കാസെമിറോക്ക് നൽകിയെങ്കിലും ഹെഡർ എഡേഴ്സൻ പിടിച്ചു. 37ാം മിനിറ്റിൽ കളിയിലെ ഏറ്റവും സുവർണാവസരം റാഷ്ഫോഡിന്. ബോക്സിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
60ാം മിനിറ്റിൽ ഗോൾ പിറന്നു. ഫോഡെന് പകരക്കാരനായി ഇറങ്ങിയ ഗ്രീലിഷിന്റെ വക. പന്തുമായി ബോക്സിലെത്തിയ ഡി ബ്രൂയിൻ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലാക്കി സിറ്റിക്ക് ലീഡേകി ഗ്രീലിഷ്. 78ാം മിനിറ്റിൽ പ്രത്യാക്രമണത്തിൽ സമനില ഗോളും. ഡിഫൻഡർമാരെയും ഗോളിയെയും പരാജയപ്പെടുത്തി ബ്രൂണോ പന്ത് ഗോൾവര കടത്തി. പാസ് നൽകിയ റാഷ്ഫോഡ് ഓഫ്സൈഡായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഗോൾ അനുവദിച്ചു. സമനില പിടിച്ചതിന്റെ ആഘോഷം മാറും മുമ്പ് രണ്ടാം ഗോളും.
നാലു മിനിറ്റിനിപ്പുറം എറിക്സന്റെ പകരക്കാരൻ ഗാർനാഷോയുടെ മുന്നേറ്റം ഇടതുവിങ്ങിലൂടെ. മാർക് ചെയ്ത ഡിഫൻഡർ നതാൻ ആകെയെയും പരാജയപ്പെടുത്തി റാഷ്ഫോഡിന് ക്രോസ്. ഞൊടിയിടയിൽ പന്ത് വലയിൽ.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രൈറ്റനോട് തോറ്റു. ഇരട്ട ഗോളിൽ സോളമൻ ബെഞ്ചമിൻ മാർച്ചും (47, 53) ഒരു തവണ വെൽബെക്ക് (82) വലകുലുക്കിയുമാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.