‘മെസ്സിയെ സ്വീകരിക്കാൻ ക്ലബ് റെഡിയായിട്ടില്ല’, അഭിപ്രായം പറഞ്ഞ ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി: ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ അനുവദിക്കുന്നതിന്റെ ബലത്തിലാണ് 32കാരനായ മാർസ്മാന് ഇന്റർ മയാമി പുറത്തേക്കുള്ള വഴികാട്ടിയത്.

‘മെസ്സിയുടെ വരവിന് ഈ ക്ലബ് റെഡിയായിട്ടില്ലെന്നാണ് എ​ന്റെ വ്യക്തിപരമായ അഭിപ്രായം. ഞങ്ങൾക്ക് താൽക്കാലികമായ ഒരു സ്റ്റേഡിയമാണുള്ളത്. ഗേറ്റൊന്നുമില്ലാത്തതിനാൽ കാണികൾക്ക് ഗ്രൗണ്ടിലൂടെ നടക്കാവുന്ന അവസ്ഥയാണ്. ഞങ്ങൾ സ്റ്റേഡിയം വിടുന്നതാവട്ടെ ഒരു സുരക്ഷയുടെയും അകമ്പടിയോടെയല്ല താനും. ഇന്റർ മയാമി ഇതിന് ഒരുങ്ങിയിട്ടില്ലെന്നുതന്നെയാണ് ഞാൻ കരുതുന്നത്’ -മെസ്സിയു​ടെ വരവിന് മുന്നോടിയായി ഇ.എസ്.പി.എന്നിന് നൽകിയ അഭിമുഖത്തിൽ മാർസ്മാൻ പറഞ്ഞതിങ്ങനെ.

മയാമിയിലേക്കുള്ള മെസ്സിയുടെ വരവ് ലോകം ഉറ്റുനോക്കിയ വൻ സംഭവമായി മാറിയതിനിടയിൽ തങ്ങളുടെ കളിക്കാരൻ നടത്തിയ പരാമർശങ്ങൾ ക്ലബ് ഗൗരവമായി എടുക്കുകയായിരുന്നു. ഇന്റർ മയാമി ക്ലബിന്റെ സഹ ഉടമയായ മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മാർസ്മാനുമായുള്ള കരാർ റദ്ദാക്കു​ന്നതായി ടീം അധികൃതർ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഫ്രീ ഏജന്റായി താരത്തിന് ഏതു ക്ലബിലും ചേരാവുന്നതാണ്.

മാർസ്മാന്റെ തോന്നലുകളെല്ലാം കാറ്റിൽ പറത്തിയായിരുന്നു മെസ്സിയു​ടെ മയാമി പ്രവേശം. ആളും ആരവങ്ങളും നിറഞ്ഞ ആഘോഷ മൂഹൂർത്തങ്ങൾക്ക് നടുവിൽ മേജർ സോക്കർ ലീഗ് ടീമിൽ വരവറിയിച്ച ഇതിഹാസ താരം കളത്തിലും മിന്നും ഫോമിലാണിപ്പോൾ. പുതിയ ക്ലബിനുവേണ്ടി കളിച്ച നാലു മത്സരങ്ങളിൽനിന്ന് ഇതിനകം ഏഴുഗോളുകൾ മെസ്സി നേടിക്കഴിഞ്ഞു. അർജന്റീനാ നായകന്റെ വരവോടെ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിനിർത്തിയാണ് മയാമിയുടെ മത്സരങ്ങൾ അരങ്ങേറുന്നത്. 

Tags:    
News Summary - Club dumps goalkeeper who criticized Messi's arrival to Inter Miami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.