ജിദ്ദ: യൂറോപ്യൻ, പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന സെമി ഫൈനലിൽ ജാപ്പനീസ് ക്ലബ് ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് പെപ് ഗ്വാർഡിയോളയും സംഘവും വീഴ്ത്തിയത്.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ തെക്കൻ അമേരിക്കൻ ചാമ്പ്യന്മാരായ ഫ്ലുമിനെൻസാണ് സിറ്റിയുടെ എതിരാളികൾ. മത്സരത്തിൽ ഉറാവയുടെ നോർവീജിയൻ താരം മാരിയോസ് ഹൈബ്രോട്ടനിന്‍റെ സെൽഫ് ഗോളിലൂടെ (45+1ാം മിനിറ്റിൽ) മുന്നിലെത്തിയ ഇംഗ്ലീഷ് ക്ലബിനായി, മാത്തിയോ കൊവാചിച് (52ാം മിനിറ്റിൽ), ബെർണാഡോ സിൽവ (59) എന്നിവരും വലകുലുക്കി.
മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നീ ഇംഗ്ലീഷ് ക്ലബുകളാണ് ഇതുവരെ ക്ലബ് ലോകകപ്പ് കിരീടം നേടിയത്. നേരത്തെ, ബാഴ്സലോണ, ബയേൺ മ്യൂണിക് ക്ലബുകൾക്കൊപ്പം പരിശീലകനായി ഗ്വാർഡിയോള ക്ലബ് ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. പ്രതിരോധത്തിലൂന്നി കളിച്ച ജാപ്പനീസ് ക്ലബ്, ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ അപ്രതീക്ഷിതമായി സെൽഫ് ഗോൾ വഴങ്ങിയത് തിരിച്ചടിയായി. ഹൈബ്രോട്ടനിലൂടെയായിരുന്നു ഗോൾ പിറന്നത്. ഉറാവയുടെ പ്രതിരോധത്തിൽ വന്ന പിഴവാണ് ഗോളിൽ കലാശിച്ചത്.
താരം ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് സ്വന്തം ഗോൾ പോസ്റ്റിലേക്ക് പോകുകയായിരുന്നു. രണ്ടാം പകുതിയിൽ സിറ്റി ആക്രമണ ഫുട്ബാൾ പുറത്തെടുത്തു. 59 മിനിറ്റുകൾ പിന്നിടുമ്പോൾ സിറ്റിയുടെ അക്കൗണ്ടിൽ മൂന്നു ഗോളുകളായി. 52ാം മിനിറ്റിൽ വാൽക്കറിന്‍റെ അസിസ്റ്റിലൂടെയാണ് കൊവാചിച് ടീമിന്‍റെ ലീഡ് ഉയർത്തിയത്. ഏഴു മിനിറ്റിന് ശേഷം പോർചുഗൽ മധ്യനിരതാരം സിൽവ ടീമിന്‍റെ മൂന്നാം ഗോളും നേടി. സൂപ്പർ താരം എർലിങ് ഹാലണ്ട് ഇല്ലാതെയാണ് സിറ്റി കളിക്കാനിറങ്ങിയത്.
ന്യൂനെസ്, ജാക് ഗ്രീലിഷ്, രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലെത്തിയ ഓസ്കാർ ബോബ്, ജൂലിയൻ അൽവാരസ് എന്നിവർ ലഭിച്ച അവസരങ്ങൾ മുതലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ സിറ്റി ഇതിലും മികച്ചൊരു വിജയം നേടുമായിരുന്നു. ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് വെറ്ററൻ ഡിഫൻഡർ മാർസലോയുടെ ഫ്ലുമിനെൻസ് ഫൈനലിലെത്തിയത്. ജോൺ ഏരിയാസ് (71ാം മിനിറ്റിൽ), ജോൺ കെന്നഡ് (90ാം മിനിറ്റിൽ) എന്നിവരാണ് ബ്രസീൽ ക്ലബിനായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.