അരിസോണ: പനാമയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തകർത്തുവിട്ട് അനായാസം സെമിയിൽ കയറി കൊളംബിയ. ടീമിനായി ജോൺ കോർഡോബ, ജെയിംസ് റോഡ്രിഗസ്, ലൂയിസ് ഡയസ്, റിച്ചാർഡ് റിയോ, മിഗുവൽ ബോറ എന്നിവരാണ് ഗോൾ നേടിയത്. ബ്രസീൽ-ഉറുഗ്വേ മത്സരത്തിലെ വിജയികളെയാവും സെമിയിൽ കൊളംബിയ നേരിടുക.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കൊളംബിയ മുന്നിലെത്തി. ജെയിംസ് റോഡ്രിഗസിന്റെ പാസിൽ തലവെച്ച് ജോൺ കോർഡോബ കൊളംബിയക്കായി ആദ്യ ഗോൾ നേടി. 10ാം മിനിറ്റിൽ ഗോൾപോസ്റ്റിനെ ലക്ഷ്യമാക്കി പനാമ ഷോട്ട് പായിച്ചുവെങ്കിലും വലകുലുക്കാനായില്ല. ജോസ് ഫജാർദോയുടെ കിക്ക് പോസ്റ്റിൽ നിന്നും അകന്നു പോവുകയായിരുന്നു.
12 മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് കൊളംബിയയുടെ രണ്ടാം ഗോൾ വന്നത്. കൊളംബിയൻ താരം ജോൺ ഏരിയാസിനെ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കൊളംബിയക്കായി കിക്കെടുത്ത റോഡ്രിഗസ് പിഴവുകളില്ലാതെ പന്ത് വലയിലാക്കി. പിന്നീട് നിരവധി അവസരങ്ങൾ പനാമക്ക് ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് കഴിഞ്ഞില്ല. കൊളംബിയൻ പ്രതിരോധനിര പനാമയുടെ പല ഗോളുകളും നിഷേധിച്ചു.
ഒന്നാം പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെ കൊളംബിയ മൂന്നാമത്തെ ഗോളും നേടി. ബോക്സിന് പുറത്ത് നിന്നുള്ള ലുയിസ് ഡയസിന്റെ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിൽ പതിച്ചു. ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിൽ നിന്നാണ് ഡയസ് ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള പനാമയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. മത്സരത്തിന്റെ 69ാം മിനിറ്റിൽ കൊളംബിയ നാലാമത്തെ ഗോൾ നേടുകയും ചെയ്തു. ബോക്സിന് പുറത്ത് നിന്നുള്ള റിച്ചാർഡ് റിയോയുടെ ഷോട്ട് വലകുലുക്കുകയായിരുന്നു. ഡാനിയൽ മുൻസോയാണ് പാസ് നൽകിയത്.
93ാം മിനിറ്റിലും ഗോൾ നേടി കൊളംബിയ ഗോൾനേട്ടം അഞ്ചാക്കി ഉയർത്തി. പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ വന്നത്. പെനാൽറ്റി ഏരിയയിൽ വെച്ച് കൊളംബിയയുടെ സാന്റിയാഗോ അരിയാസിനെ ഫൗൾ ചെയ്തതിനായിരുന്നു റഫറി പെനാൽറ്റി അനുവദിച്ചത്. കൊളംബിയക്കായി പെനാൽറ്റിയെടുത്ത മിഗുവൽ ബോറ പിഴവുകൾക്ക് ഇടംനൽകാതെ പന്ത് വലയിലെത്തിച്ചതോടെ ആധികാരികമായി തന്നെ കൊളംബിയ സെമി ബെർത്ത് ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.