സാന്‍റാ ക്ലാര: കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിൽ ബ്രസീൽ-കൊളംബിയ മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ അധികസമയത്തിന്‍റെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിന്‍റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു.
കരുത്തരായ ബ്രസീലിനെതിരെ മികച്ച പോരാട്ടമാണ് കൊളംബിയ പുറത്തെടുത്തത്. മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ ബ്രസീലിന്‍റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാർഡ് ലഭിച്ചു. ഇതോടെ, ബ്രസീൽ വിജയിക്കുകയാണെങ്കിൽ അടുത്ത മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല.
12ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോൾ. റാഫീഞ്ഞയുടെ മനോഹരമായ ഷോട്ട് ഗോൾവലയുടെ ഇടതുമൂലയിൽ പറന്നിറങ്ങുമ്പോൾ ഗോൾകീപ്പർ കാമിലോ വാർഗാസിന് ഒന്നുംചെയ്യാനായില്ല. എന്നാൽ, ഗോൾ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയൻ പ്രതിരോധത്തെ കൊളംബിയക്കാർ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗ്രസിന്‍റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയൻ വലക്കുള്ളിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോൾ നിഷേധിച്ചു.
43ാം മിനിറ്റിൽ വിനീഷ്യസിനെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റിക്കായി ബ്രസീൽ താരങ്ങൾ വാദിച്ചെങ്കിലും വിഡിയോ പരിശോധനയിൽ റഫറി പെനാൽറ്റി നിഷേധിച്ചു. അഞ്ച് മിനിറ്റ് അധികസമയം അനുവദിച്ചതിന്‍റെ രണ്ടാംമിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയയുടെ സമനില ഗോൾ. ബ്രസീൽ ബോക്സിനുള്ളിൽ പന്ത് ലഭിച്ച പ്രതിരോധക്കാരൻ ഡാനിയൽ മുനോസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോൾ നേടി. ആദ്യപകുതിയിലെ മേധാവിത്വം ഇതോടെ അവസാന നിമിഷങ്ങളിൽ ബ്രസീലിന് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.