ഷാർലറ്റ് (യു.എസ്.എ): സെമി ഫൈനലിലെ തോൽവിക്ക് ശേഷം ഗാലറിക്കരികിലെത്തി കൊളംബിയയുടെ ആരാധകരെ നേരിട്ട ഉറുഗ്വായ്ക്ക് കളത്തിൽ ഒരു പോരാട്ടംകൂടി ബാക്കിയുണ്ട്. ഷാർലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ കോപ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ കാനഡയാണ് ഉറുഗ്വായുടെ എതിരാളികൾ. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 5.30നാണ് മത്സരം. കഴിഞ്ഞ ദിവസം കൊളംബിയക്കെതിരായ സെമി ഫൈനലിന് ശേഷം കൈയാങ്കളിയും കഴിഞ്ഞാണ് ഉറുഗ്വായ് താരങ്ങൾ പിരിഞ്ഞുപോയത്. ഏഴ് മഞ്ഞക്കാർഡും ഒരു ചുവപ്പു കാർഡുമാണ് മത്സരത്തിൽ റഫറി പുറത്തെടുത്തത്. ചീത്തവിളിയും ഷൂ ഏറും മത്സരശേഷവും നടന്നു. ഉറുഗ്വായ് താരങ്ങൾക്കെതിരെ സൗത്ത് അമേരിക്കൻ ഫുട്ബാൾ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേവേദിയിലാണ് നാളെ ലൂസേഴ്സ് ഫൈനൽ.
ഫിഫ റാങ്കിങ്ങിൽ 14ാം സ്ഥാനമാണ് ഉറുഗ്വായ്ക്ക്. പരിക്ക് കാരണം റൊണാൾഡ് അരൗയോ കളിക്കില്ല. റോഡ്രിഗോ ബെന്റാൻകർക്കും പരിക്കുണ്ട്. ബാഴ്സലോണയുടെ സെന്റർ ബാക്കായ അരൗയോവിന് പേശികൾക്ക് പരിക്കാണ്. ബെന്റാൻകർ കൊളംബിയക്കെതിരായ സെമിയിൽ ആദ്യപകുതിയിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. ഗ്വില്ലർമോ വരേലയും നികോളാസ് ഡി ലാക്രൂസും സസ്പെൻഷനിലാണ്. അടിയുണ്ടാക്കിയ ഡാർവിൻ നുനസിന് ഫൈനലിന് തൊട്ടുമുമ്പ് സസ്പെൻഷന് സാധ്യതയേറെയാണ്. നുനസ് ഇല്ലെങ്കിൽ ടീമിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായ ലൂയി സുവാരസിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കും. റൈറ്റ് ബാക്ക് നഹിതാൻ നാൻഡസ് സസ്പെൻഷന് ശേഷം ലൂസേഴ്സ് ഫൈനലിൽ കളിക്കും.
ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ്, ജൊനാഥൻ ഡേവിഡ്, റിച്ചി ലാർയെ തുടങ്ങിയ പ്രമുഖർ കാനഡ നിരയിലുണ്ട്. പരിക്കിന്റെ സങ്കടമൊന്നും ടീമിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.