ഒർലാൻഡോ: കോപ്പ അമേരിക്ക ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഉറുഗ്വായ് ക്വാർട്ടറിൽ കടന്നു. യു.എസ്.എയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചാണ് ഉറുഗ്വായ് നോക്കൗട്ടിൽ കടന്നത്. മറ്റൊരു മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി പാനമയും ക്വാർട്ടർ ഉറപ്പിച്ചു.
മിസോറിയിലെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉറുഗ്വായെ വിറപ്പിച്ചാണ് ആതിഥേയരായ യു.എസ് കീഴടങ്ങിയത്. 66ാം മിനിറ്റിൽ പ്രതിരോധ താരം മത്യാസ് ഒലിവേരയാണ് ഉറുഗ്വായ്ക്കായി വിജയഗോൾ നേടിയത്. നിക്കോളാസ് ഡെല ക്രൂസിന്റെ ഫ്രികിക്കിൽ റൊണാൾഡ് ഒറൗജോ ഹെഡ് ചെയ്തെങ്കിലും ഗോൾകീപ്പർ തട്ടിയകറ്റി. റീബൗണ്ട് ചെയ്തു വന്ന പന്ത് ഒലിവേര വലയിലാക്കി.
എന്നാൽ, ഗോളിന് പിന്നാലെ വിവാദവും ഉടലെടുത്തു. ഡെല ക്രൂസിന്റെ ഫ്രീകിക്ക് സമയത്ത് രണ്ട് ഉറുഗ്വായ് താരങ്ങൾ ഓഫ് സൈഡാണെന്ന് വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. യു.എസ്.എ താരത്തിെൻറ കാൽ ഉറുഗ്വാൻ താരങ്ങളുടെ മുൻപിൽ ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നെങ്കിലും മത്സര ശേഷവും ഗോളിനെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്.
തോറ്റ് തോറ്റ് ബൊളീവിയ
ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന മൂന്നാം മത്സരത്തിലും തോറ്റ് ബൊളീവിയ മടങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളിന് പാനമായാണ് ബൊളീവിയയെ തകർത്തത്. പാനമ രണ്ടാം സ്ഥാനക്കാരായ ക്വാർട്ടറിൽ കടന്നു. 22 ാം മിനിറ്റിൽ ജോസ് ഫജർദേയിലൂടെയാണ് പാനമ ആദ്യം ലീഡെടുക്കുന്നത്.
രണ്ടാം പകുതിയിൽ 69 ാം മിനിറ്റിൽ ബ്രൂണോ മിറാൻഡയിലൂടെ ബൊളീവിയ തിരിച്ചടിച്ചെങ്കിലും പത്ത് മിനിറ്റിനകം പാനമ ലീഡ് തിരിച്ചുപിടിച്ചു. 79ാം മിനിറ്റിൽ എഡ്വാർഡോ ഗറേറൊയാണ് ഗോൾ നേടിയത്. അന്തിമ വിസിലിന് മിനിറ്റുകൾക്ക് മുൻപ് 91 ാം മിനിറ്റിൽ സീസർ യാനിസിലൂടെ പാനമ മൂന്നാം ഗോൾ നേടി ആധികാരിക വിജയം ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.