സാന്‍റാ ക്ലാര: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിൽ ബ്രസീലിന് കനത്ത തിരിച്ചടി. മധ്യനിരയിലെ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന് ഉറുഗ്വേക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളിക്കാനാവില്ല. കൊളംബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതോടെയാണിത്. നേരത്തെ, പരാഗ്വക്കെതിരായ മത്സരത്തിലും മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ജൂൺ ഏഴിന് രാവിലെ 6.30നാണ് ബ്രസീൽ-ഉറുഗ്വേ മത്സരം.
കൊളംബിയക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചാൽ അടുത്ത കളി പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും വിനീഷ്യസിന് മഞ്ഞക്കാർഡ് ഒഴിവാക്കാനായില്ല. ജെയിംസ് റോഡ്രിഗ്രസിന് നേരെ നടത്തിയ ഫൗളിന് റഫറി മഞ്ഞക്കാർഡ് കാട്ടുകയായിരുന്നു.
ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ കരുത്തരായ ബ്രസീലിനെ ഇന്ന് കൊളംബിയ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആദ്യപകുതിയുടെ അധികസമയത്തിന്‍റെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിന്‍റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് ക്വാർട്ടറിൽ ഇടമുറപ്പിച്ചത്. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കൾ. ക്വാർട്ടറിൽ കൊളംബിയ പനാമയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.