സവോപോളോ: പെനാൽറ്റി വിധി നിർണയിച്ച തകർപ്പൻ പോരാട്ടത്തിൽ കൊളംബിയയെ മറികടന്ന അർജൻറീന കോപ ഫൈനലിൽ ബ്രസീലിനെ നേരിടും. കളിയുടെ തുടക്കത്തിൽ ഗോളടിച്ച് അർജൻറീന മുന്നിലെത്തിയ രണ്ടാം സെമിയിൽ 61ാം മിനിറ്റിലെ ഗോളുമായി കൊളംബിയ ഒപ്പമെത്തിയതിനൊടുവിലാണ് പെനാൽറ്റിയിലേക്ക് നീങ്ങിയതും അർജൻറീന ഗോളി മാർടിനെസിെൻറ മികവിൽ ടീം കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചതും.
1993നു ശേഷം ആദ്യമായി കോപ സെമിയിൽ ഇരുവരും മുഖാമുഖം വന്ന കളിയിൽ ഗോളോടെ തുടങ്ങിയത് അർജൻറീന. ഏഴാം മിനിറ്റിൽ മെസ്സി ഒരുക്കിയ പാസിൽ ലോടറോ മാർടിനെസ് അനായാസം വല കുലുക്കുകയായിരുന്നു. ചുറ്റും വളഞ്ഞുനിന്ന മൂന്നു പ്രതിരോധ താരങ്ങളെ കടന്നായിരുന്നു മെസ്സി സഹതാരത്തിെൻറ കാലിന് കണക്കാക്കി പന്ത് നൽകിയത്. മുന്നിൽ ഒഴിഞ്ഞുനിന്ന വിശാലമായ പോസ്റ്റിലേക്ക് അടിച്ചുകയറ്റാൻ മാർടിനെസിന് കാത്തുനിൽക്കേണ്ടിവന്നില്ല. ടൂർണമെൻറിൽ മെസ്സിയുടെ അഞ്ചാം അസിസ്റ്റായിരുന്നു ഇത്.
തൊട്ടുപിറകെ കൊളംബിയ നീലക്കുപ്പായക്കാരെ കടന്ന് പന്തുമായി അർജൻറീന ഗോൾമുഖത്തെത്തിയെങ്കിലും പിഴച്ചു. ആക്രമണം കനപ്പിച്ച് കൊളംബിയ പോർമുഖം തുറന്നതോടെ ഇരു പകുതികളിലും പന്ത് നിരന്തരം കയറിയിറങ്ങി. അടുത്ത ഗോൾ പിറവിക്ക് പക്ഷേ, രണ്ടാം പകുതിയുടെ കാൽമണിക്കൂർ പൂർത്തിയാകേണ്ടിവന്നു. കളിയിലുടനീളം അപകടകാരികാരിയായി ഒാടിനടന്ന ഡയസായിരുന്നു സമനില ഗോൾ കണ്ടെത്തിയത്. ഇടതുവശത്തുനിന്ന് അസാധ്യ ആംഗിളിൽനിന്നായിരുന്നു തലവെച്ച് ഡയസിെൻറ മനോഹര ഗോൾ.
കളി ഒപ്പമെത്തിയതോടെ അർജൻറീന മുൻനിരയിൽ നികൊളാസ് ഗോൺസാലസിനു പകരം എയ്ഞ്ചൽ ഡി മരിയയെ കൊണ്ടുവന്നു. അത് ഫലിച്ചെന്ന് തോന്നിച്ച് 80ാം മിനിറ്റിൽ ഡി മരിയ നൽകിയ സുവർണ ക്രോസ് മെസ്സി അടിച്ചത് പോസ്റ്റിൽ തട്ടി മടങ്ങി. പ്രതിരോധനിരയിലെ രണ്ടു പേരെ ചടുലനൃത്തവുമായി കടന്നായിരുന്നു ഡി മരിയയുടെ പാസ്. ഇഞ്ച്വറി സമയത്ത് ഒരിക്കൽ കൂടി വലയിലേക്ക് പായിച്ച മെസ്സിയുടെ പന്ത് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ പെനാൽറ്റി കളി തീരുമാനിച്ചു.
നേരത്തെ ഉറപ്പാക്കാമായിരുന്നു ഫൈനൽ പ്രവേശനം രണ്ടു വട്ടം പോസ്റ്റിലടിച്ച് കളഞ്ഞതിെൻറ ക്ഷീണം പക്ഷേ, മെസ്സി പെനാൽറ്റിയിൽ കാണിച്ചില്ല. ടീമിനായി ആദ്യം കിക്കെടുത്ത താരം പരിഭവമില്ലാതെ വലയിലെത്തിച്ചു.
കൊളംബിയക്കായി ക്വാഡ്രാഡോ, ബോർയ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡേവിൻസൺ സാഞ്ചസ്, യെറി മീന, എഡ്വിൻ കാർഡോണ എന്നീ മൂന്നു പേരുടെ കിക്ക് അർജൻറീന ഗോൾകീപർ എമിലിയാനോ മാർടിനെസിെൻറ കൈകളിൽ വിശ്രമിച്ചു. അർജൻറീനക്കുവേണ്ടി മെസ്സിക്കു പുറമെ പരേഡെസ്, ലോടറോ മാർടിനെസ് എന്നിവരും ലക്ഷ്യം കണ്ടു.
മാറക്കാനയിൽ ശനിയാഴ്ചയാണ് ബ്രസീലുമായി സ്വപ്നഫൈനൽ. മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള ലൂസേഴ്സ് ഫൈനലിൽ കൊളംബിയ വെള്ളിയാഴ്ച പെറുവിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.