സവോപോളോ: വമ്പന്മാർ മാറ്റുരച്ച ആവേശപ്പോരാട്ടങ്ങളിൽ നിർണായക ജയവുമായി ഉറുഗ്വായും പാരഗ്വയും. ജയം തേടിയിറങ്ങിയ ബൊളീവിയയെ ആദ്യം സെൽഫ് ഗോളും പിന്നെ എഡിൻസൺ കവാനിയും സഹായിച്ച് ഏകപക്ഷീയമായ രണ്ടു ഗോളിന് മറികടന്ന ഉറുഗ്വായ് ക്വാർട്ടർ ഉറപ്പാക്കി. മൂന്നു കളികളിൽ എല്ലാം പരാജയപ്പെട്ട ബൊളീവിയ പുറത്തായി. രണ്ടാമത്തെ മത്സരത്തിൽ കരുത്തരായ ചിലിയെ അത്രതന്നെ ഗോൾ മാർജിനിൽ വീഴ്ത്തിയായിരുന്നു പാരഗ്വ വിജയം. ടീം അർജൻറീനക്കു പിറകെ ഗ്രൂപ് എയിൽ ആറു പോയിൻറുമായി രണ്ടാമതാണ്. അഞ്ചു പോയിൻറുമായി മൂന്നാമതുള്ള ചിലിയും ക്വാർട്ടറിൽ ഇടംപിടിച്ചിട്ടുണ്ട്.
വീഴ്ചയിൽനിന്ന് വിജയത്തിലേക്ക്
കോപ അമേരിക്കയിൽ ഏറ്റവും കൂടുതൽ മുത്തമിട്ട സംഘമാണ് ഉറുഗ്വായ്. പക്ഷേ, ഇത്തവണ ഏറ്റവും കരുത്തരുടെ സംഘമെന്ന വിശേഷണത്തോടെ എത്തിയിട്ടും പോരിടങ്ങളിൽ വീര്യം പുറത്തെടുക്കാനായിരുന്നില്ല. ആദ്യ അങ്കം അർജൻറീനക്കു മുന്നിൽ വീണും ചിലിക്കെതിരെ സമനില പിടിച്ചും വെറും ഒരുപോയിൻറുമായി എത്തിയവർ ബൊളീവിയക്കെതിരെ മികച്ച കളി കെട്ടഴിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. അതിനിടെ, ഒന്നാം പകുതി അവസാനിക്കാൻ അഞ്ചു മിനിറ്റ് ബാക്കിനിൽക്കെ സ്വന്തം മൈതാനത്ത് അപകടകാരികളായ സുവാരസും കവാനിയും അരികിൽ നിൽക്കെ ബൊളീവിയൻ താരം ക്വിൻററോസ് സ്വന്തം വലയിലേക്ക് തട്ടിയിടുകയായിരുന്നു. ലീഡുമായി കളി കുതിക്കുന്നതിനിടെ കവാനി വീണ്ടും ലക്ഷ്യം കണ്ടതോടെ ഉറുഗ്വായ് വിലപ്പെട്ട മൂന്നു പോയിൻറുമായി ക്വാർട്ടറിലേക്ക്. മൊത്തം നാലു പോയിൻറാണ് ടീമിെൻറ സമ്പാദ്യം.
അനായാസം പാരഗ്വ
രണ്ടാമത്തെ മത്സരത്തിൽ ഉടനീളം പന്ത് കൈയിൽവെച്ചായിരുന്നു പാരഗ്വയുടെ അശ്വമേധം. നേരത്തെ മൂന്നു കളികൾ പൂർത്തിയാക്കി അഞ്ചു പോയിൻറുമായി ക്വാർട്ടർ ഉറപ്പിച്ച ചിലി കാര്യമായ പ്രകടനത്തിന് മുതിരാതെ പോയപ്പോൾ പാരഗ്വ തുടക്കം മുതലേ ആക്രമണത്തിലൂന്നി മികച്ച കളി കെട്ടഴിച്ചു. ഇരു പാതികളിലായി ബ്രയൻ സമുദിയോയും മിഗ്വൽ അൽമിറോണുമായിരുന്നു പാരഗ്വ നിരയിൽ സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.