മത്സരം-ജൂൺ 14 മുതൽ ജൂലൈ 11വരെ
ആതിഥേയ രാഷ്ട്രം-ബ്രസീൽ
പെങ്കടുക്കുന്ന ടീമുകൾ-10
നിലവിലെ ചാമ്പ്യൻമാർ-ബ്രസീൽ
സംപ്രേഷണം-സോണി ടെൻ 2, സോൺ ടെൻ 3
മത്സര സമയം (ഇന്ത്യൻ സമയം) പുലർച്ചെ 2.30, 3.30,4.30, 5.30, 6.30
നൂറ്റാണ്ട് പിന്നിട്ട കാൽപന്തിെൻറ മഹാമേള കോപ്പ അമേരിക്കക്ക് വിസിലുയരാൻ മണിക്കൂറുകൾ മാത്രം. ഇത്തവണ യൂറോ കപ്പ് കൂടി ഒരുമിച്ചെത്തിയതിനാൽ കാൽപന്താരാധകർക്ക് കണ്ണുപൂട്ടാൻ സമയം കിട്ടില്ലെന്നുറപ്പ്. യൂറോ കപ്പിലെ പ്രധാന മത്സരങ്ങളെല്ലാം രാത്രി 12.30 നാണെങ്കിൽ കോപ്പ പോരാട്ടങ്ങൾ ഇന്ത്യൻ സമയം 2.30 നും 5.30 നും ഒക്കെയാണ്. ലോകമെമ്പാടുമുള്ള കാൽപന്താരാധകരുടെ കണ്ണും കാതും മനസ്സും ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും കളിമുറ്റങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന കാലം കൂടിയാണിത്.
ബ്രസീൽ, അർജൻറീന ടീമുകൾ ഉള്ളതിനാൽ ആവേശക്കോപ്പ ഇത്തവണയും നിറഞ്ഞുതുളുമ്പും. ജൂൺ 14 മുതൽ ബ്രസീലിലാണ് കോപ്പ അമേരിക്കയുടെ 47ാം പതിപ്പ് അരങ്ങേറുന്നത്. സൗത്ത് അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ (േകാൺബാൾ) ആണ് സംഘാടകർ. ആതിഥേയരും ലോക ഫുട്ബാളിലെ വമ്പൻമാരുമായ ബ്രസീലിന് പുറമെ അമേരിക്കൻ വൻകരയിലെ മുൻനിര ടീമുകളായ അർജൻറീന, ചിലി, ഉറുഗ്വയ്, കൊളംബിയ അടക്കം 10 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരക്കുന്നു. ബ്രസീൽ ആണ് നിലവിലെ ജേതാക്കൾ. ജൂൺ 14 ന് ഇന്ത്യൻ സമയം പുലർച്ചെ 2.30ന് ബ്രസീലും വെനിസ്വലയും തമ്മിലാണ് ഇൗ വർഷത്തെ ആദ്യ കോപ്പ അമേരിക്ക മത്സരം. തൊട്ടടുത്ത ദിവസം 2.30ന് ചിലിക്കെതിരെ ആണ് അർജൻറീനയുടെ ആദ്യ പോരാട്ടം. മുൻകാലത്തേതിൽനിന്ന് വ്യത്യസ്തമായി അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണ മത്സരം. രണ്ട് ഗ്രൂപ്പിൽനിന്നും ആദ്യ നാല് വീതം ടീമുകൾ ക്വാർട്ടർ ഫൈനൽ യോഗ്യത നേടും. ജൂലൈ 11നാണ് ഫൈനൽ.
2020 ൽ ഇതേസമയം നടക്കേണ്ട ടൂർണമൻറ് ആണ് ഇത്തവണ നടക്കുന്നത്. കോവിഡ് ഭീഷണി കാരണമാണ് മാറ്റിെവച്ചത്. ഇത്തവണ കോവിഡ് ഭീഷണി ശക്തമാണെങ്കിലും ടൂർണമൻറ് നടത്താൻ തന്നെയാണ് തീരുമാനം.അർജൻറീനയും കൊളംബിയയുമാണ് ടൂർണമൻറിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം കൊളംബിയയും കോവിഡ് ഭീഷണിയിൽ അർജൻറീനയും പിൻമാറിയതോടെ ബ്രസീലിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ബ്രസീലിലും കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നിരിക്കെ, ടൂർണമൻറ് നടത്തുന്നതിനെ ചൊല്ലി വലിയ വിവാദങ്ങൾ നടക്കുന്നുണ്ട്. ബ്രസീലിലെ പ്രതിപക്ഷം കോപ്പ മാറ്റിവെക്കാൻ കോടതിയിൽ പോയെങ്കിലും ബ്രസീൽ സർക്കാറിന് അനുകൂലമായാണ് വിധി വന്നത്. ബ്രസീൽ ടീമും ആദ്യഘട്ടത്തിൽ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ കളിക്കാം എന്ന നിലപാടിലെത്തി. കോവിഡ് ഭീഷണി ഉള്ളത് കൊണ്ട് തന്നെ വൻകരക്ക് പുറത്തുനിന്നുള്ള അതിഥി രാഷ്ട്രങ്ങൾ ഇക്കുറി ടൂർണമൻറിനില്ല.
നൂറ്റാണ്ടിെൻറ ചരിത്രം
ലോകത്തെ പഴക്കമേറിയ ഫുട്ബാൾ ടൂർണമൻറുകളിൽ ഒന്നാണ് കോപ്പ അമേരിക്ക. ടൂർണമെൻറിെൻറ ഔദ്യോഗിക തുടക്കം 1916 ലായിരുന്നു. ഉറുഗ്വായ് ആയിരുന്നു പ്രഥമ ചാമ്പ്യൻമാർ. 1916 ൽ അർജൻറീനയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി അന്നാട്ടിൽ സംഘടിപ്പിക്കപ്പെട്ട ചതുർരാഷ്ട്ര ടൂർണമൻറാണ് കോപ്പ അമേരിക്കയുടെ ആദിരൂപം -പേര് സൗത്ത് അമേരിക്കൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ്. ചിലി, ഉറുഗ്വായ്, ബ്രസീൽ, അർജൻറീന എന്നിവരായിരുന്നു ടീമുകൾ. ഫൈനലിൽ ഏറ്റുമുട്ടിയ അർജൻറീനയും ഉറുഗ്വായും സമനിലയിൽ പിരിഞ്ഞെങ്കിലും മറ്റു മത്സരങ്ങളിലെ വിജയങ്ങളുടെ മുൻതൂക്കത്തിൽ ഉറുഗ്വായ് പ്രഥമ ചാമ്പ്യൻമാരായി. ഇടക്കാലത്ത് രാഷ്ട്രീയ തർക്കങ്ങൾ കാരണം ടൂർണമൻറ് മുടങ്ങിയെങ്കിലും 1935 ൽ പുനഃസ്ഥാപിക്കപ്പെട്ടു. തുടർന്നും പല ഘട്ടങ്ങളിൽ മുടങ്ങിയും പുനഃസ്ഥാപിച്ചും ടൂർണമൻറ് മുന്നോട്ട് പോയി. 1975 ലാണ് കോപ്പ അമേരിക്ക എന്ന പേര് ടൂർണമൻറിന് കൈവരുന്നത്. ടൂർണമൻറിന് 100 വർഷം തികഞ്ഞ 2016 ൽ കോപ്പ അമേരിക്ക ശതാബ്ദി ടൂർണമൻറ് പ്രത്യേകമായി നടന്നിരുന്നു. ഉറുഗ്വായ് ആണ് കൂടുതൽ തവണ കിരീടം ചൂടിയ ടീം^15 തവണ. അർജൻറീന 14 തവണയും ബ്രസീൽ ഒമ്പത് തവണയും കിരീടം നേടി. അർജൻറീന 1993 ലും ബ്രസീൽ 2019ലും ഉറുഗ്വായ് 2011ലുമാണ് അവസാനമായി കിരീടം ഉയർത്തിയത്.
ആവേശം തീർക്കുന്ന താരച്ചന്തം
അസാധാരണ കളിമികവിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ ഹൃദയം കവർന്ന ഒരുപിടി സൂപ്പർതാരങ്ങളുടെ സാന്നിധ്യമാണ് ഇത്തവണയും കോപ്പ അമേരിക്കയെ ആകർഷകമാക്കുന്നത്. യൂറോപ്യൻ ലീഗ് ഫുട്ബാളിലെ മിന്നും താരങ്ങളിൽ പലരും വിവിധ ടീമുകളിലായി അണിനിരക്കുന്നു. താരസമ്പന്നമായി തന്നെയാണ് ബ്രസീലും അർജൻറീനയും ഉറുഗ്വായുെമാക്കെ ഇത്തവണയും കളിക്കിറങ്ങുന്നത്.
പത്ത് ടീമുകളേ ഉള്ളൂ എങ്കിലും ആരെയും തോൽപ്പിക്കാൻ കഴിയുന്ന കരുത്തുള്ള ടീമുകളാണ് ലാറ്റിനമേരിക്കയിൽ ഉള്ളത്. ഫിഫ റാങ്കിങിൽ ആദ്യ പത്തിലെ മൂന്ന് ടീമുകളും ലാറ്റിനമേരിക്കയിൽ നിന്നുള്ളവരാണ്. ലാറ്റിനമേരിക്കൻ ഫുട്ബാൾ ശൈലിയുടെ പ്രദർശനശാലയാണ് കോപ്പ അമേരിക്ക. ലോകഫുട്ബാളിലെ ചന്തമേറിയ കളി ശൈലിയാണ് ലാറ്റിനമേരിക്കക്ക് സ്വന്തമായുള്ളത്. ഇൗ ശൈലിക്ക് പഴയ മനോഹാരിതയും പ്രതാപവും നഷ്ടപ്പെട്ടതായി വിമർശനമുണ്ടെങ്കിലും യൂറോപ്യൻ കളിശൈലിയേക്കാൾ കളിച്ചന്തത്തിൽ ഒരുപടി മുന്നിലാണ് ഇപ്പോഴും ലാറ്റിനമേരിക്കൻ ഫുട്ബാൾ. ആക്രമണത്തിൽ ഉൗന്നിയ കളി ശൈലിയാണ് ലാറ്റിനമേരിക്കൻ ടീമുകളിൽ മിക്കതും ഇപ്പോഴും പിന്തുടരുന്നത്.
അർജൻറീന vs ബ്രസീൽ
ലോകമെമ്പാടും നിറയെ ആരാധകരുള്ള രണ്ട് ടീമുകളുടെ വാശിപ്പോരാണ് കോപ്പ അമേരിക്കെയ ശ്രദ്ധേയമാക്കാറുള്ളത്. അർജൻറീനയും ബ്രസീലുമാണത്. നാടാകെ ഇരുടീമുകളുടെയും ആരാധകർ മത്സരിച്ച് ഫ്ലക്സ് ഉയർത്തുന്ന സീസണുമാണിത്. എന്നാൽ, ലോക്ഡൗൺ കാരണം ഇക്കുറി അത്തരം ആവേശപ്രകടനങ്ങൾ ഒന്നുമില്ല. എന്നാൽ, സാമൂഹിക മാധ്യമങ്ങളിലെ ഫാൻ ഫൈറ്റിന് ഒരു കുറവുമില്ല. കേരളത്തിലെ ഫുട്ബാൾ ആരാധകരിലെ നല്ലൊരു പങ്കും ഇൗ രണ്ടിൽ ഏതെങ്കിലും ഒരു ടീമിെൻറ പിന്നിലാണ് അണിനിരക്കാറുള്ളത്. താരപ്രഭയിലും കളി മികവിലും രണ്ടു ടീമുകളും ഏതാണ്ട് തുല്യ ശക്തികൾ. അർജൻറീനൻ നിരയിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയും ബ്രസീൽ നിരയിൽ നെയ്മറും അണിനിരക്കുേമ്പാൾ കാൽപന്താരാധകർ ആവേശത്തിെൻറ പരകോടിയിലെത്തും. കഴിഞ്ഞ തവണ സെമി ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്രസീലിനായിരുന്നു ജയം. അതിന് ശേഷം സൗദി അറേബ്യയിൽനടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിൽ അർജൻറീന ബ്രസീലിനെ തോൽപ്പിക്കുകയും ചെയ്തു. ഇത്തവണയും ഇരുടീമകളും മുഖാമുഖം വരുമെന്ന് തന്നെയാണ് കരുതുന്നത്. അത് ഫൈനലിൽ ആയാൽ ആവേശത്തിന് അതിരുണ്ടാവില്ല.
ബ്രസീൽ ഒരുപടി മുന്നിൽ
താരമികവും ടീമിെൻറ ഒത്തിണക്കവും സമീപകാല പ്രകടനവും പരിശോധിച്ചാൽ ഇത്തവണയും കപ്പുയർത്താൻ സാധ്യതയിൽ മുന്നിൽ ബ്രസീൽ തന്നെ. കോപ്പ അമേരിക്കക്ക് ശേഷമുള്ള ഏതാനും മത്സരങ്ങളിൽ പതറിയെങ്കിലും ശേഷം വന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയക്കുതിപ്പ് തുടരുകയാണ് ടിറ്റെയുടെ സംഘം. കളിച്ച ആറ് മത്സരങ്ങളിൽ ആറും ജയിച്ച് പോയിൻറ് ടേബിളിൽ വളരെ മുന്നിലാണ് മഞ്ഞപ്പട.
ഏത് പൊസിഷനിലും ഒന്നിനൊന്ന് മികച്ച, ഒന്നിലധികം താരങ്ങളുമായാണ് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ കോപ്പപോരിനിറങ്ങുന്നത്. പി.എസ്.ജിക്കായി നന്നായി കളിച്ച സൂപ്പർ താരം നെയ്മർ തന്നെയാണ് ടീമിെൻറ കൂന്തുമുന. കോപ്പയുടെ സന്നാഹമായി കണ്ട കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങളിലും നെയ്മർ ഒന്നാന്തരം പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ട് മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ നെയ്മർ രണ്ട് അസിസ്റ്റും നേടുകയുണ്ടായി. ദേശീയ കളിക്കുപ്പായത്തിൽ നെയ്മർ എക്കാലവും ഇങ്ങനെ തന്നെയാണ്. സ്ഥിരം ഉടക്കായ പരിക്ക് വിലങ്ങുതടിയായില്ലെങ്കിൽ കോപ്പയിൽ അവസാന ചിരി നെയ്മറിെൻറതാകും എന്നാണ് ആരാധക പക്ഷം.
പരിക്ക് കാരണം കഴിഞ്ഞ കോപ്പയിൽ നെയ്മർ കളിച്ചിരുന്നില്ല. കഴിഞ്ഞ തവണ ടീമിനെ നയിച്ച വെറ്ററൻ താരം ഡാനി ആൽവേസും ടീമിെൻറ മുന്നേറ്റത്തിലുണ്ടായിരുന്ന ഫിലിപ്പോ കുടിഞ്ഞോയും ഇക്കുറി ടീമിനൊപ്പമില്ല. രണ്ട്പേരും പരിക്കിെൻറ പിടിയിലാണ്. സീനിയർ താരവും ചെൽസിയിൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരവുമായ തിയാഗോ സിൽവ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. സിൽവ ആകും ടീം ക്യാപ്റ്റൻ. യുവൻറസിെൻറ ഡാനിലോ^ അലക്സാണ്ട്രോ ദ്വയം ക്ലബിൽ അത്ര മികച്ച പ്രകടനം സീസണിൽ കാഴ്ചവെച്ചില്ലെങ്കിലും ബ്രസീലിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നന്നായി പ്രതിരോധം കാത്തു. മാർക്കീഞ്ഞസ്, ഏഡർ മിലിറ്റോ എന്നിവരും പ്രതിരോധത്തിൽ അണിനിരക്കും.
അലിസൺ ബക്കർ തന്നെയാകും ഗോൾവല കാക്കുക. ഉജ്ജ്വല ഫോമിലാെണങ്കിലും എഡേഴ്സണ് ബെഞ്ചിലിരിക്കേണ്ടി വരും. മധ്യനിരയിൽ കാസിമിറോയും ഡഗ്ലസ് ലൂയിസ്, ഫാബീഞ്ഞോ, ലൂക്കാസ് പക്കേ്വറ്റ, ഫ്രെഡ് എന്നിങ്ങനെ താര നിര തന്നെയുണ്ട്. മന്നേറ്റത്തിൽ നെയ്മർ, ഫെർമിനോ, എവർട്ടൺ സഖ്യമാകും നയിക്കുക. മുന്നേറ്റത്തിൽ അത്ര തന്നെ മികച്ചവരാണ് വിനിഷ്യസ് ജൂനിയറും ഗബ്രിയൽ ജീസസും ഗാബിഗോളും റിച്ചാൾസണുമെല്ലാം.
നിർഭാഗ്യങ്ങളുടെ തോഴർ, അർജൻറീന
2004 മുതൽ കോപ്പ അമേരിക്കയും ലോകകപ്പും ഉൾപ്പെടെ ആറ് ഫൈനൽ കളിച്ചവരാണ് അർജൻറീന. എല്ലാത്തിലും തോൽവി ആയിരുന്നു ഫലം. 2015,2016 കോപ്പ ഫൈനലുകളിൽ ടൈ ബ്രേക്കറിൽ ചിലിയോട് പരാജയപ്പെടാനായിരുന്നു വിധി. 2019 ൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ടീം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. സെമി ഫൈനലിൽ ബ്രസീലിനോടായിരുന്നു തോൽവി. ജൂൺ 24ന് 34ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അർജൻറീനൻ നായകൻ ലയണൽ മെസ്സി ഇത്തവണയും ബാഴ്സലോണ കുപ്പായത്തിൽ മികവാർന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. പോയ സീസണിൽ കാറ്റലൻസിനായി 47 കളികളിൽ 38 േഗാളും 14 അസിസ്റ്റും ലയണൽ മെസ്സി നേടുകയുണ്ടായി. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ നിരയുമായാണ് ലയണൽ സ്കലോനി എന്ന പരിശീലകെൻറ നേതൃത്വത്തിൽ അർജൻറീന ടീം ഇത്തവണ ഇറങ്ങുന്നത്.
ആസ്റ്റൺ വില്ലക്ക് വേണ്ടി ഉജ്ജ്വല േഫാമിൽ കളിക്കുന്ന എമിലിയാനോ മാർട്ടിനസ് ഗോൾവല കാക്കാൻ എത്തുന്നു എന്നതാണ് ഏറ്റവും പുതുമയുള്ള കാര്യം. സീരി എയിൽ മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം ലഭിച്ച അറ്റ്ലാൻറയുടെ ക്രിസ്റ്റ്യൻ റെമോറോയാണ് പുതുമുഖങ്ങളിൽ മറ്റൊരു പ്രധാനി. ഇരുവരും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നന്നായി കളിച്ചു. ഏറെക്കാലത്തിന് ശേഷം അർജൻറീനക്ക് ലഭിച്ച മികച്ച സെൻറർ ബാക്കായ ക്രിസ്റ്റ്യൻ റൊമേറോ കൊളംബിയക്കെതിരായ മത്സരത്തിൽ ദേശീയകുപ്പായത്തിൽ തെൻറ ആദ്യ ഗോളും കണ്ടെത്തി. കൊളംബിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇരുവരും കോപ്പയിലെ ആദ്യ മത്സരം കളിക്കുമോ എന്നുറപ്പില്ല.
പി.എസ്.ജിക്ക് വേണ്ടി മിന്നും േഫാമിലുള്ള ഡി മരിയയും ബെനിഫിക്കയുടെ നിക്കോളാസ് ഒറ്റമൻഡിയുമാണ് മെസ്സിക്കൊപ്പമുള്ള സീനിയർ താരങ്ങൾ. ഇരുവരുടെയും രാജ്യത്തിന് വേണ്ടിയുള്ള സമീപകാല പ്രകടനം മികച്ചതല്ല. പി.എസ്.ജിയിലെ ലിയണാഡോ പരഡേസും സീരി എയിൽ ഉദനീസിെൻറ നായകൻ റോഡിഗ്രോ ഡീപ്പോളും ആയിരിക്കും മധ്യനിരയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നവരിൽ പ്രധാനികൾ. മുന്നേറ്റത്തിൽ മെസ്സിക്കൊപ്പം ഇൻറർ മിലാെൻറ സൂപ്പർ സ്ട്രൈക്കർ ലൗറ്റാരോ മാർട്ടിനസാണുള്ളത്. സിറ്റിയിൽനിന്ന് ബാഴ്സയിലേക്ക് ചേക്കേറിയ സെർജിയോ അഗ്യുറോ ടീമിനൊപ്പമുണ്ടെങ്കിലും ആദ്യ ഇലവനിൽ സാധ്യത കുറവാണ്.
അവസാനം കളിച്ച 13 കളികളിൽ ഒന്നിൽ പോലും തോൽക്കാതെയാണ് കോപ്പയിലേക്കുള്ള അർജൻറീനയുടെ വരവ്. എന്നാൽ, കോപ്പയുടെ റിഹേഴ്സലായി ഗണിക്കപ്പെട്ട ചിലിക്കും കൊളംബിയക്കുമെതിരായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നത് ആരാധകർക്ക് നിരാശ സമ്മാനിക്കുകയുണ്ടായി. കൊളംബിയക്കെതിരെ രണ്ട് ഗോളിെൻറ ലീഡ് ഉണ്ടായിട്ടും വിജയം കൈവിട്ടത് വലിയ നിരാശ സമ്മാനിച്ചു.
സ്വന്തം നാട്ടിൽ കളിച്ച് കപ്പടിക്കാനുള്ള മോഹം പാഴായതിെൻറ നിരാശ അർജൻറീനക്കും ആരാധകർക്കുമുണ്ട്. മാത്രമല്ല, പൗലോ ഡിബാല, യുവാൻ ഫോയ്ത്ത്, ലൂക്കാസ് ഒകാമ്പസ് പോലുള്ള പ്രധാന താരങ്ങൾക്ക് സ്കലോനി തെൻറ കോപ്പ സ്ക്വാഡിൽ ഇടം നൽകിയിട്ടില്ല. മൂവരുടെയും മോശം ഫോം ആകാം കാരണം. 2018 ലോകകപ്പിന് ശേഷം പ്രതിഭയുള്ള പുതുനിരയെ കണ്ടെത്തി ടീമിനെ ഉടച്ചുവാർക്കുന്നതിൽ സ്കലോണി വിജയിച്ചെങ്കിലും അവരെകൊണ്ട് മികച്ച കളി സൃഷ്ടിക്കാൻ അദ്ദേഹത്തിനായിട്ടില്ല. നല്ല സെലക്ടർ എന്നതിൽനിന്ന് ഒരു ടാക്ട്ടിക്കൽ കോച്ച് എന്നതിലേക്ക് സ്കലോനി ഇനിയും വളർന്നിട്ടില്ല എന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന വിമർശനം. ഇടക്കാല കോച്ചായി വന്ന സ്കലോനി പിന്നീട് ടീമിെൻറ മുഖ്യപരിശീലകനായി മാറുകയായിരുന്നു. കോപ്പയിലെക്കുള്ള ടീം സെലക്ഷനെതിരെ അർജൻറീനയിൽനിന്ന് തന്നെ വലിയ വിമർശനങ്ങളുമുണ്ട്. കോപ്പയിലെ ടീമിെൻറ പ്രകടനം സ്കലോനിയുടെ ഭാവി കൂടിയാകും തീരുമാനിക്കുക എന്ന് ചുരുക്കം. ഇങ്ങനെയൊക്കെ ആണെങ്കിലും അർജൻറീനയുടെ പുതുനിര ഇക്കുറി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഉറുഗ്വായ്, കൊളംബിയ, ചിലി
കോപ്പയിൽ അർജൻറീനക്കും ബ്രസീലിനും ഒപ്പം എണ്ണാവുന്ന ടീമുകളാണ് ഉറുഗ്വായും കൊളംബിയയും ചിലിയും. ലൂയി സുവാരസും എഡിസൻ കവാനിയും ഫെഡറിക്കോ വാൽവറെഡെയും ഡീഗോ ഗോഡിനും അടങ്ങുന്ന ഉറുഗ്വായ് നിര എന്തിനും പോന്നവരാണ്. അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി സുവാരസും മാഞ്ചസ്റ്റർ യുനൈറ്റഡിനായി കവാനിയും നല്ല ഫോമിൽ കളിച്ച സീസണാണ് കടന്നുപോയത്. പക്ഷേ, ലോകകപ്പ് യോഗ്യതയിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ രണ്ട് വിജയവും രണ്ട് തോൽവിയും രണ്ട് സമനിലയുമായി ടീം പരുങ്ങലിലാണ്. ദുർബലരായ ഇക്വഡോറിനോട് പോലും കനത്ത പരാജയം നേരിടേണ്ടി വന്നു. കഴിഞ്ഞ കോപ്പയിൽ ഉജ്ജ്വലമായി മുന്നേറവെ ക്വാർട്ടറിൽ പെറുവിനോട് ട്രൈ ബ്രേക്കറിൽ തോറ്റ് മടങ്ങുകയായിരുന്നു ടീം.
സൂപ്പർ താരം ഹാമിഷ് റോഡ്രിഗ്രസ് ഇല്ലാതെയാണ് കൊളംബിയ ബ്രസീലിലേക്ക് വരുന്നത്. പോയ സീസണിൽ റയലിൽനിന്ന് എവർട്ടണിലേക്ക് കൂട് മാറിയ റോഡ്രി കഴിഞ്ഞ കോപ്പയിൽ മിന്നിത്തിളങ്ങിയിരുന്നു. പരിക്കാണ് റോഡ്രിഗ്രസിന് തിരിച്ചടിയായത്. എന്നാൽ, താരം ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന് എവർട്ടൺ ഒൗദ്യോഗികമായി അറിയിച്ചിട്ടും കോപ്പക്കുള്ള സ്ക്വാഡിൽ റോഡ്രിഗ്രസിനെ ഉൾപ്പെടുത്തിയില്ല. യുവൻറസിെൻറ ജ്വാൻ ക്വർഡാഡോ ആകും ടീമിെൻറ ആക്രമണത്തിന് ചുക്കാൻ പിടിക്കുക. അർജൻറീനക്കെതിരായ മത്സരത്തിൽ ആദ്യ പതിനഞ്ച് മിനുറ്റിൽ തന്നെ രണ്ട് ഗോൾ വഴങ്ങിയിട്ടും സമനിലയിൽ കളി അവസാനിപ്പിക്കാൻ സാധിച്ചത് ക്വർഡാഡോയുടെ നേതൃത്വത്തിലുള്ള തുടർ ആക്രമണത്തിലൂടെയായിരുന്നു. എവർട്ടണിെൻറ യാരി മിനയും ടോട്ടൻഹാമിെൻറ ഡേവിൻസൺ സാഞ്ചസും അടക്കമുള്ള പ്രതിരോധ നിരയും കരുത്തുറ്റതാണ്. അറ്റ്ലാൻറയുടെ ലൂയിസ് മുറിയലും സപാറ്റയുമായും ക്വർഡാഡോക്കൊപ്പം മുന്നേറ്റത്തിലുണ്ടാവുക.
2015 ലും 2016ലും കോപ്പ കിരീടമുയർത്തിയ ചിലി ടീം കൊണ്ട് ശക്തരാണെങ്കിലും പഴയ മികവ് ഇപ്പോഴില്ല. 38 കാരനായ ഗോൾകീപ്പർ ക്ലാഡിയോ ബ്രാവോ തന്നെയാകും ടീമിെൻറ നായകൻ. ലോകകപ്പ് യോഗ്യതയിൽ അർജൻറീനക്കെതിരായ മത്സരത്തിൽ ബ്രാവോയുടെ മികവ് കണ്ടതാണ്. ലയണൽ മെസ്സിയുടെ രണ്ട് ഒന്നാം തരം ഷോട്ടുകളും ഒരു ഫ്രീകിക്കും അദ്ദേഹം മനോഹരമായി തടഞ്ഞിട്ടു. ഇൻറർ മിലാന് വേണ്ടി കളിക്കുന്ന സീനിയർ താരങ്ങളായ അലക്സിസ് സാഞ്ചസും ആർതുറോ വിദാലും സ്ക്വാഡിലുണ്ട്. എന്നാൽ, വിദാൽ കോവിഡ് പോസിറ്റിവ് കാരണം ടീമിനൊപ്പം ചേർന്നിട്ടില്ല. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ദയനീയമാണ് ചിലിയുടെ പ്രകടനം. ആറ് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ടീം വിജയിച്ചത്.
ആരും അത്ര മോശക്കാരല്ല
കോപ്പ അമേരിക്കയിൽ ദുർബലർ എന്ന് പറയാവുന്ന ടീം ബൊളീവിയ മാത്രമാണ്. ബാക്കി എല്ലാവരും ശരാശരിയോ അതിന് മുകളിലോ പ്രകടനം കാഴ്ച്ചവെക്കുന്നവരാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ റണ്ണേഴ്സ് ആയത് പെറു ആയിരുന്നു. ആ പെറു ഇപ്പോൾ ലോകകപ്പ് യോഗ്യത പട്ടികയിൽ ഏറ്റവും പിന്നിലാണെന്നത് മറ്റൊരു കാര്യം. എങ്കിലും ഏത് നിമിഷവും കളി തിരിച്ചുപിടിക്കാൻ കഴിയുന്ന ഒരു നിര അവർക്കുണ്ട്. പാരാഗ്വ, ഇക്വഡോർ, വെനിസ്വേല ടീമുകളും അത്ഭുതങ്ങൾ കാണിക്കാൻ ശേഷിയുണ്ടെന്ന് പലകുറി തെളിയിച്ചവരാണ്. വലിയ ടീമുകളുടെ അന്നം മുടക്കാൻ ഇവർക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.