ബംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലേക്ക് കുതിക്കാൻ പാകിസ്താനും ന്യൂസിലൻഡിനും ഇന്ന് വിജയം അത്യാവശ്യമാണ്. തുടർച്ചയായ നാല് കളികൾ ജയിച്ച് മുന്നേറിയ കിവികൾ അവസാന മൂന്ന് മത്സരങ്ങളും തോറ്റ് എട്ട് പോയന്റുമായി പട്ടികയിൽ നാലാമതാണ്. തുടർച്ചയായി നാല് കളികളിൽ തോറ്റശേഷം ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപിച്ചാണ് പാകിസ്താന്റെ വരവ്. ഏഴ് കളികളിൽ ആറ് പോയന്റുള്ള ടീമിന് ഇനിയുള്ള രണ്ട് മത്സരം ജയിച്ചാലേ സെമി പ്രതീക്ഷയുള്ളൂ.
പരിക്കലട്ടുന്ന ന്യൂസിലൻഡിന് മാറ്റ് ഹെൻറിയുടെ അഭാവം കനത്ത തിരിച്ചടിയാണ്. ഏഴ് മത്സരങ്ങളിൽനിന്ന് 11 വിക്കറ്റ് വീഴ്ത്തിയ ഹെൻറിക്ക് പകരം കെയ്ൽ ജാമിസൺ കളിക്കും. പരിക്കേറ്റ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ജയിംസ് നീഷാമും കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. പേസർ ലോക്കി ഫെർഗൂസന് പരിക്ക് ഭേദമായിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരെ 388ഉം ദക്ഷിണാഫ്രിക്കക്കെതിരെ 357ഉം റൺസാണ് കിവി ബൗളർമാർ വഴങ്ങിയത്. ജന്മനഗരത്തിൽ കളിക്കുന്ന രചിൻ രവീന്ദ്രയുടെ ബാറ്റിങ്ങാണ് ന്യുസിലൻഡിന്റെ പ്രധാന പ്രതീക്ഷ. ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് മറ്റ് പ്രമുഖ ബാറ്റർമാർ. ബംഗ്ലാദേശിനെതിരെ ജയിച്ച പാകിസ്താൻ ബാറ്റിങ്ങിൽ കടലാസിലെ മികവ് പുറത്തെടുത്താലേ വിജയത്തിലേക്കെത്തൂ.
പരിക്കിൽനിന്ന് മടങ്ങിയെത്തിയ ഓപണർ ഫഖർ സമാൻ ബംഗ്ലാദേശിനെതിരെ 81 റൺസ് നേടി ഫോമിലേക്കും തിരിച്ചുവന്നു. ക്യാപ്റ്റൻ ബാബർ അസം മൂന്ന് അർധ ശതകം നേടിയിട്ടുണ്ടെങ്കിലും വമ്പൻ സ്കോർ നേടാനാകുന്നില്ല. ഇടംകൈയൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി ഫോമിലേക്കുയർന്നത് ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.