റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസ്റും വിജയകുതിപ്പ് തുടരുന്നു. സൗദി പ്രൊ ലീഗിൽ അൽ ഇത്തിഫാഖിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ നസ്ർ കീഴടക്കിയത്.
ഈ വർഷം 51 അന്താരാഷ്ട്ര ഗോളുകൾ പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും അലക്സ് ടെല്ലസും മാർസെലോ ബ്രൊസോവിച്ചുമാണ് അൽ നസ്റിനായി വലകുലുക്കിയത്. മുഹമ്മദ് അൽ കുവയ്കിബി ഇത്തിഫാക്കിനായി ആശ്വാസ ഗോൾ നേടി.
റിയാദിലെ അൽ നസ്ർ തട്ടകമായ അൽ അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സർവാധിപത്യവും അൽ നസ്റിന് തന്നെയായിരുന്നു. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ഇത്തിഫാഖിന്റെ വലയൊഴിഞ്ഞു പോയത്. 43ാം മിനിറ്റിൽ അലക്സ് ടെല്ലസിന്റെ ഒന്നാന്തരം ഇടങ്കാലൻ ഷോട്ടിലൂടെയാണ് അൽ നസ്ർ ആദ്യ ലീഡെടുക്കുന്നത്.
രണ്ടാം പകുതിയിൽ 59ാം മിനിറ്റിൽ മാർസലോ ബ്രൊസോവിച്ച് ലീഡുയർത്തി. 73ാം മിനിറ്റിൽ ബോക്സിനകത്ത് ഇത്തിഫാഖ് താരത്തിന്റെ ഹാൻഡ് ബോളിലൂടെ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ അനായാസം ഗോളാക്കിയതോടെ മൂന്ന് ഗോളിന്റെ ലീഡുമായി (3-0) അൽനസ്ർ ബഹുദൂരം മുന്നിലെത്തി. 85ാം മിനിറ്റിൽ മുഹമ്മദ് അൽ കുവയ്കിബി ഇത്തിഫാഖിനായി ആശ്വാസ ഗോൾ നേടി.
ഈ ജയത്തോടെ സൗദി പ്രൊ ലീഗിൽ 17 കളികളിൽ നിന്ന് 40 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് അൽ നസ്ർ. ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിന് 50 പോയിന്റാണുള്ളത്. 37 പോയിന്റുമായി അൽ അഹ്ലി സൗദിയാണ് മൂന്നാം സ്ഥാനത്ത്. സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അൽ ഹസമിനെ ഏക പക്ഷീയമായ നാല് (4-0) ഗോളിന് അൽ അഹ്ലി സൗദി തോൽപ്പിച്ചിരുന്നു. അൽ ഷബാബിനെതിരെ അൽ അഖ്ദൗത് ഏക പക്ഷീയമായ ഒരു ഗോളിന് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.