സൗദി പ്രോ ലീഗ് സോഷ്യൽ മീഡിയ ചാനൽ അഭിമുഖത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദിയിൽ തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ച് റൊണാൾഡോ; ആരോധകരോട് നന്ദി പറഞ്ഞ് താരം

റിയാദ്: സൗദിയിൽ താൻ സന്തോഷവാനാണെന്നും അൽ നസ്ർ ക്ലബിൽ തന്നെ തുടരുമെന്നും പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷത്തെ സീസണിൽ 'അൽ നസ്റി'ന് കാര്യമായ നേട്ടങ്ങളൊന്നുമില്ലെങ്കിലും അടുത്ത സീസണിലും സൗദി പ്രൊഫഷനൽ ലീഗിന്റെ ഭാഗമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി പ്രോ ലീഗ് സോഷ്യൽ മീഡിയ ചാനൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ലോക താരം തന്റെ തീരുമാനം വെളിപ്പെടുത്തിയത്. "ഞാൻ ഈ നാട്ടിൽ സന്തുഷ്ടനാണ്. ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. അപ്രകാരം തന്നെ മുന്നോട്ട് പോകും." അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ കരാറിലൂടെ സൗദി ക്ലബിലേക്കുള്ള റൊണാൾഡോയുടെ കടന്നുവരവ് വാർത്തകളിൽ ഇടം നേടിയിരുന്നു. അൽനസ്റിന് കിരീടങ്ങളൊന്നുമില്ലാതെ കടന്നുപോയ അഞ്ച് മാസത്തിന് ശേഷം സീസൺ അവസാനിക്കുമ്പോൾ ആരാധകർ നിരാശയിലാണ്. തന്റെ രാജി ആവശ്യപ്പെട്ട രോഷാകുലരായ ആരാധകരെ ക്ലബിന്റെ പ്രസിഡന്റ് അഭിസംബോധന ചെയ്യുന്നുണ്ടെന്ന് റൊണാൾഡോ പറഞ്ഞു.

സീസൺ മധ്യത്തിലാണ് മുഖ്യ പരിശീലകൻ റൂഡി ഗാർഷ്യയെ ക്ലബ് മാറ്റിയത്. വിദേശ കളിക്കാർക്ക് ശരിയായ പ്രകടനത്തിലേക്ക് എത്താൻ സമയമെടുക്കുമെന്നതും സാധാരണ കാര്യമാണ്. "സൗദിയിലേക്ക് വരുമ്പോൾ എന്റെ പ്രതീക്ഷകൾ മറ്റൊന്നായിരുന്നു. ഈ വർഷം ഏതെങ്കിലും നേട്ടമുണ്ടാകുമെന്ന് തന്നെ കരുതി. എന്നാൽ നാം ചിന്തിക്കുന്നതും ഗ്രഹിക്കുന്നതുമാകണമെന്നില്ലല്ലോ സംഭവിക്കുന്നത്" റൊണാൾഡോ തുടർന്നു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ തന്റെ ടീം വളരെയധികം മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ട റൊണാൾഡോ പ്രൊഫഷനൽ ലീഗിലെ എല്ലാ ടീമുകളും മെച്ചപ്പെട്ടതായി കൂട്ടിച്ചേർത്തു. സൗദി പ്രോ ലീഗിനെക്കുറിച്ച് സംസാരിച്ച റൊണാൾഡോ ലീഗ് വളരെ മികച്ചതാണെന്നും നിരവധി മത്സര ടീമുകളും നിരവധി നല്ല അറബ് കളിക്കാരും അതിലുണ്ടെന്നും പറഞ്ഞു. അത് കൂടുതൽ വളർത്തിയെടുക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായം. സൗദി ലീഗ് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ അടുത്ത അഞ്ച് കൊല്ലം തുടരുകയാണെങ്കിൽ ലോകത്തിലെ മികച്ച അഞ്ച് ലീഗുകളിൽ ഇടം ലഭിക്കുമെന്ന് റൊണാൾഡോ കൂട്ടിച്ചേർത്തു.

സൗദി ലീഗിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് റൊണാൾഡോ പറഞ്ഞു: “യൂറോപ്പിൽ ഞങ്ങൾ രാവിലെയാണ് പരിശീലനം നടത്തുന്നത്, എന്നാൽ ഇവിടെയത് ഉച്ചതിരിഞ്ഞോ രാത്രിയോ ആണ്. റമദാനിൽ തികച്ചും വ്യത്യസ്തമാണ്. രാത്രി 10 മണിക്ക് പരിശീലനം നടത്തിയത് വിചിത്രമായ അനുഭവമായിരുന്നു, പക്ഷേ ഈ നിമിഷങ്ങൾ അസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വ്യത്യസ്‌തമായ ഒരു സംസ്‌കാരത്തിൽ ഒരാൾക്ക് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ അതിൽ നിന്ന് പഠിക്കുന്നു" അദ്ദേഹം പറഞ്ഞു.

ഫുട്ബാളിനെ ശരിക്കും സ്നേഹിക്കുന്നവരാണ് സൗദി ആരാധകരെന്ന് റൊണാൾഡോ പറഞ്ഞു. അത് അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ്. അതിൽ അവരെ താൻ അഭിനന്ദിക്കുന്നതായി താരം പറഞ്ഞു. അടുത്ത സീസണിൽ നിരവധി വമ്പൻ താരങ്ങൾ സൗദി ലീഗിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വമ്പൻ കളിക്കാരോ യുവതാരങ്ങളോ പഴയ കളിക്കാരോ അരു വന്നാലും ലീഗ് മെച്ചപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ ജീവിതം താനും കുടുംബവും ആസ്വദിക്കുന്നു. സൗദി ജനത രാത്രിയിലാണ് കൂടുതൽ ജീവിക്കുന്നത്. അത് രസകരവുമാണ്. രാവിൽ മനോഹരമാകുന്ന ഒരു നഗരമാണ് റിയാദ്. ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളുള്ള തലസ്ഥാന നഗരി താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടുംബത്തോടൊപ്പം ബൊളിവാർഡ് വേൾഡ് സന്ദർശിച്ചതാണ് ഇവിടത്തെ ഏറ്റവും നല്ല അനുഭവമെന്ന് പറഞ്ഞ താരം തന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ വളരെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. അൽ ഉല സന്ദർശിക്കുക എന്നതാണ് തന്റെ അടുത്ത ആഗ്രഹം. കാരണം അത് വളരെ മനോഹരമായ പ്രദേശമാണെന്ന് തനിക്കറിയാം.കളിക്കളത്തിലും പുറത്തും തനിക്ക് പിന്തുണ നൽകിയ എല്ലാ ആരാധകരോടും അദ്ദേഹം നന്ദി പറഞ്ഞു. "നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി ഞാൻ ഇവിടെ ഉണ്ടാകും. എന്റെ പ്രകടനം നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." റൊണാൾഡോ കൂട്ടിച്ചേർത്തു.

Tags:    
News Summary - Cristiano Ronaldo announced his decision to stay in Saudi; The actor thanked the supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.