പാരിസ്: ഒളിമ്പിക്സ് ഫുട്ബാളിൽ മൊറോകൊക്കെതിരായ മത്സരത്തിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷന് (ഫിഫ) പരാതി നൽകി അർജന്റീന ഫുട്ബാൾ അസോസിയേഷൻ. 2-2ന് സമനിലയിലെന്ന് കരുതി കളത്തിൽനിന്ന് കയറി മണിക്കൂറുകൾക്കുശേഷം വാറിൽ സമനിലഗോൾ റദ്ദാക്കുകയും 2-1ന് പരാജയം നേരിടേണ്ടി വരികയും ചെയ്തതിന് പിന്നാലെയാണ് ഫെഡറേഷൻ പ്രസിഡന്റ് ക്ലോഡിയോ താപിയ ഫിഫ അച്ചടക്ക സമിതിയെ സമീപിച്ചത്.
‘ഇന്ന് ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് ഖേദകരമായ സംഭവമാണ്. മൊറോക്കൻ കാണികളുടെ പിച്ച് അധിനിവേശത്തിനും അർജന്റീന പ്രതിനിധികൾക്ക് നേരെയുണ്ടായ ആക്രമണത്തിനും ശേഷം റഫറി താൽക്കാലികമായി നിർത്തിവെച്ച മത്സരം പുനരാരംഭിക്കാൻ ഞങ്ങളുടെ കളിക്കാർക്ക് ലോക്കർ റൂമിൽ ഏകദേശം രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. ബുദ്ധിശൂന്യവും മത്സര നിയമങ്ങൾക്ക് വിരുദ്ധവുമാണിത്. കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും പരിഗണിച്ചില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഇതിനകം ഫിഫയുടെ അച്ചടക്ക സമിതിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം’ -അസോസിയേഷൻ പ്രസിഡന്റ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
മൊറോക്കോ 2-1ന് മുന്നിട്ടുനിൽക്കുകയായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ 16ാം മിനിറ്റിലാണ് അർജന്റീന സമനില നേടിയത്. അതിനു പിന്നാലെ മൊറോക്കോ ആരാധകർ ഗ്രൗണ്ട് കൈയേറുകയും താരങ്ങൾക്കുനേരെയും ഗ്രൗണ്ടിലേക്കും കുപ്പികളും മറ്റും എറിയുകയും ചെയ്തതോടെ കളി നിർത്തുകയായിരുന്നു. തുടർന്ന് ഏകദേശം രണ്ടു മണിക്കൂറിനുശേഷം കാണികളെ പുറത്താക്കി അടച്ചിട്ട സ്റ്റേഡിയത്തിൽ ബാക്കി മൂന്നു മിനിറ്റു കൂടി മത്സരം നടത്താൻ റഫറിമാർ തീരുമാനിച്ചു. എന്നാൽ, അതിനുമുമ്പ് നടത്തിയ വാർ പരിശോധനയിൽ അർജന്റീനക്കുവേണ്ടി ഗോൾനേടിയ ക്രിസ്റ്റ്യൻ മഡീന ഓഫ്സൈഡാണെന്ന് വിധിയെഴുതി സമനില ഗോൾ റദ്ദാക്കി. പിന്നീട് മൂന്നുമിനിറ്റും ഇരുടീമും ഗോൾ നേടാതെ പോയപ്പോൾ മൊറോക്കോ വിജയത്തിലെത്തുകയായിരുന്നു.
താൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ‘സർക്കസ്’ ആയിരുന്നു ആ മത്സരമെന്നാണ് അർജന്റീന കോച്ച് ഹാവിയർ മഷറാനോ ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.