കാൽഡസൻ ഗോൾ ജയവുമായി അൽനസ്ർ ക്ലബ് കിങ്സ് കപ്പ് സെമിയിലെത്തിയ കളിയിൽ സൂപർ താരം ക്രിസ്റ്റ്യാനോക്ക് മഞ്ഞക്കാർഡ്. റഫറി വിസിൽ മുഴക്കിയതിൽ പ്രതിഷേധിച്ച് പന്ത് പുറത്തേക്കടിച്ചുകളഞ്ഞതിനാണ് താരം വെറുതെ കാർഡ് ചോദിച്ചുവാങ്ങിയത്.
ഒന്നാം പകുതി അവസാനിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത നീക്കം. സ്വന്തം ഗോൾമുഖത്തുനിന്ന് ലഭിച്ച പന്തുമായി എതിർനിരയിലേക്ക് അതിവേഗം ഓടിക്കയറുന്നതിനിടെ ആദ്യ പകുതി അവസാനിപ്പിച്ച് റഫറി വിസിൽ മുഴക്കുകയായിരുന്നു. മുന്നിൽ എതിർതാരങ്ങളൊഴിഞ്ഞ് ഗോൾ മണത്ത നീക്കം അസമയത്ത് അവസാനിച്ചുപോയതോടെ പന്ത് കൈയിലെടുത്ത് ഉയർത്തിയടിച്ചാണ് താരം നിരാശ തീർത്തത്. ഇതോടെ, മൈതാനത്തെ മോശം പെരുമാറ്റത്തിന് ക്രിസ്റ്റ്യാനോക്ക് റഫറി മഞ്ഞക്കാർഡ് നൽകി.
കളിയിൽ അബ്ഹയെ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി അൽനസ്ർ കിങ്സ് കപ്പ് അവസാന നാലിൽ ഇടമുറപ്പിച്ചു. ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിട്ടുനിന്ന ടീം ഇടവേള കഴിഞ്ഞ് ഒരു ഗോൾ കൂടി നേടിയപ്പോൾ ഒറ്റ ഗോൾ മടക്കാനേ അബ്ഹക്കായുള്ളൂ.
സമി അൽനാജി, അബ്ദുല്ല അൽഖൈബരി, മുഹമ്മദ് മർറാൻ എന്നിവരായിരുന്നു സ്കോറർമാർ. നിരവധി തവണ ഗോളിനരികെയെത്തിയതൊഴിച്ചാൽ ഇത്തവണയും ക്രിസ്റ്റ്യാനോ വല കുലുക്കിയില്ല. 87ാം മിനിറ്റിൽ താരത്തെ തിരിച്ചുവിളിക്കുന്നതും കണ്ടു. ബ്രസീൽ താരം ടാലിസ്കയായിരുന്നു പകരം ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.