പോർട്ടോ: കരിയറിൽ 900 ഗോളുകളെന്ന നാഴികക്കല്ല് എത്തിപ്പിടിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പോർചുഗലിന്റെ വിഖ്യാത താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ, ആയിരം ഗോളുകളെന്നത് കുറച്ച് കൂടുതലാണെന്നും പോർചുഗീസ് ക്യാപ്റ്റൻ പറഞ്ഞു.
െസ്ലാവാക്യക്കെതിരായ യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ പോർചുഗലിനെ 3-2ന് വിജയത്തിലെത്തിച്ചിരുന്നു. ഈ ജയത്തോടെ പറങ്കികൾ അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ കപ്പിന് യോഗ്യത ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോർചുഗലിനും സൗദി ക്ലബായ അൽ നസ്റിനുമൊപ്പം കളി താൻ ഏറെ ആസ്വദിക്കുന്നതായി െസ്ലാവാക്യക്കെതിരായ മത്സരശേഷം ക്രിസ്റ്റ്യാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഈ നിമിഷങ്ങളിലെ കളി ഞാൻ ആസ്വദിക്കുന്നുണ്ട്. എല്ലാം നന്നായി തോന്നുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നതിനോട് എന്റെ ശരീരം പ്രതികരിക്കുന്നുണ്ട്. ദേശീയ ടീമിലും ക്ലബ് തലത്തിലും ഞാൻ സന്തോഷവാനാണ്. ഒരുപാട് ഗോളുകൾ ഞാൻ സ്കോർ ചെയ്യുന്നുണ്ട്. ശാരീരികമായും നന്നായി തോന്നുന്നു’ -38-ാം വയസ്സിലും തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ പറഞ്ഞു.
പോർചുഗൽ നന്നായി കളിക്കുന്നതുകൊണ്ടാണ് യൂറോ കപ്പിന് യോഗ്യത നേടിയത്. മികച്ച ടീമും റോബർട്ടോ മാർട്ടിനസെന്ന മിടുക്കനായ കോച്ചും ഞങ്ങൾക്കുണ്ട്. കുറച്ചു മത്സരങ്ങൾ കൂടിയുണ്ട്. അവയിലും ഈ ഫോം തുടരണം. പോർട്ടോ ക്ലബ് പ്രസിഡന്റ് ജോർജ് നൂനോ പിന്റോ ഡാ കോസ്റ്റയുമായി ഈയിടെ സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം 1000 ഗോളുകൾ തികയ്ക്കാൻ ക്രിസ്റ്റ്യാനോയെ വെല്ലുവിളിച്ചത്.
‘അത് കടുത്തതു തന്നെയാണ്. മാനസികമായി എന്തു മാത്രം പ്രചോദിതനാണ് ഞാനെന്നതിനെ ആശ്രയിച്ചിരിക്കും അത്. ശാരീരികമായി, ഞാൻ എന്റെ കാലുകളെ പരിചരിക്കുന്നതുപോലെ അവ എന്നെയും പരിചരിക്കുമോ? നമുക്ക് നോക്കാം. ആയിരം ഗോളുകൾ എത്തിപ്പിടിക്കുംമുമ്പ് 900ൽ എത്തുകയെന്നതാണ് നിലവിലെ ഉന്നം. അതു നേടിയെടുക്കാനാകുമെന്നാണ് ഞാൻ കരുതുന്നത്’ -കരിയറിൽ ഇതുവരെ 857 ഗോളുകൾ സ്വന്തം പേരിൽ കുറിച്ച മുന്നേറ്റനിരക്കാരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.