ഗ്യാലറിയിൽ നോക്കി റൊണാൾഡോയുടെ അശ്ലീല ആംഗ്യം; വിജയത്തിന് പിന്നാലെ ചൂടൻ വിവാദം

റിയാദ്: സൗദി പ്രൊ ലീഗിൽ വിജയ കുതിപ്പ് തുടരുന്ന അൽ നസ്റിനെ പ്രതിരോധത്തിലാക്കി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടി. ഞായറാഴ്ച രാത്രി അൽ ഷബാബിനെ കീഴടക്കി വിജയാഹ്ലാദം പ്രകടിപ്പിക്കവെയാണ് സൂപ്പർതാരം ഗ്യാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചത്.

അൽ ഷബാബ് എഫ്.സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസ്റിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടിയപ്പോൾ ബ്രസിലീയൻ താരം ടലിസ്ക ഇരട്ടഗോൾ നേടി.

റൊണാൾഡോയെ പ്രകോപിപ്പിക്കാൻ ഷബാബ് ആരാധകർ നടത്തിയ 'മെസ്സി' വിളിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പുറത്ത് വന്ന് ദൃശ്യങ്ങൾ വ്യക്തമാകുന്നത്. മത്സരത്തിലുടനീളം ഗ്യാലറിയിൽ മെസ്സീ..മെസ്സീ ആരവം മുഴക്കി റൊണാൾഡോയെ പ്രകോപിപ്പിക്കാൻ ആരാധകർ ശ്രമിച്ചിരുന്നു. ഇതാണ് മത്സര ശേഷം ആരാധകരെ നോക്കി കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കാൻ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും എത്തിയില്ലെങ്കിലും ദേശീയ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സൗദി പത്രമായ അഷർഖ് അൽ-ഔസത്ത് റിപ്പോർട്ട് ചെയ്യുന്നു. സംഭവം ടെലിവിഷനിൽ കാണിച്ചില്ലെങ്കിലും റൊണാൾഡൊക്കെതിരെ നടപടി വേണമെന്നാണ് സമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.

"അച്ചടക്ക സമിതി നേരിടുന്ന വലിയ പരീക്ഷണമാണിത്. നമുക്ക് കാത്തിരിന്നു കാണാം, നിങ്ങൾ എത്ര പ്രശസ്തനാണെങ്കിലും എല്ലാത്തിനും അതിേന്റതായ പരിധികളുണ്ട്. പ്രധാന ലീഗുകളെല്ലാം ഇങ്ങനെയാണ്"-സൗദിയിലെ പ്രമുഖ എഴുത്തുകാരനും ടെലിവിഷൻ അവതാരകനുമായ വലീദ് അൽ ഫർരാജ് എക്‌സിൽ പറഞ്ഞു.

39 കാരനായ റൊണാൾഡോ മുൻപും സമാനമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയത്തിൽ പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു. റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നസ്ർ പരാജയപ്പെട്ട് മടങ്ങുമ്പോൾ സ്റ്റാൻഡിൽ നിന്ന് എറിഞ്ഞ അൽ ഹിലാൽ സ്കാർഫ് തന്റെ ഷോർട്ട്സിൽ ഇട്ടു വലിച്ചെറിയുന്നതും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.


Tags:    
News Summary - Cristiano Ronaldo in obscene gesture storm after Al-Nassr victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.