ജിദ്ദ: പോർച്ചുഗീസ് ഫുട്ബാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദിയിലെ അൽ നസ്ർ ക്ലബ്ബിന് സ്വന്തം. ഈ സീസണിലെ ഏറ്റവും വലിയ കരാറുകളിൽ താരവും ക്ലബ്ബ് അധികൃതരും ഒപ്പുവച്ചു. ഒരു മാസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നടന്ന ചടങ്ങിൽ അൽ നസ്ർ ക്ലബുമായി 2025 വരെ രണ്ടര വർഷത്തേക്കുള്ള കരാറിലാണ് 37കാരനായ ക്രിസ്റ്റ്യാനോ ഒപ്പുവെച്ചത്. കരാർ പ്രഖ്യാപന വേളയിൽ റൊണാൾഡോയെ 'ലോകത്തിലെ ഏറ്റവും മികച്ച കായിക താരം' എന്നാണ് അൽ നസ്ർ ക്ലബ് അധികൃതർ വിശേഷിപ്പിച്ചത്. അൽ നസ്ർ ക്ലബ്ബിന്റെ ഏഴാം നമ്പർ ജേഴ്‌സിയായിരിക്കും റൊണാൾഡോ ധരിക്കുക.
മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുമായി കരാർ റദ്ദാക്കിയതു മുതൽ ഒരു ക്ലബ്ബിലും ചേരാതെ ക്രിസ്റ്റ്യാനോ സ്വതന്ത്രനായി തുടരുകയായിരുന്നു. ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിനിടെയായിരുന്നു റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള കരാര്‍ ഇരുകൂട്ടരുടെയും ഉഭയസമ്മതപ്രകാരം അവസാനിപ്പിച്ചത്. ക്ലബ്ബിനെയും കോച്ചിനെയും ക്ലബ് ഉടമകളെയും രൂക്ഷമായി വിമര്‍ശിച്ച് റൊണാള്‍ഡൊ നല്‍കിയ ഒരു അഭിമുഖമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡും റൊണാൾഡോയും തമ്മിലുള്ള വേർപിരിയലിലേക്ക് എത്തിച്ചത്.
'ഒരു പുതിയ രാജ്യത്ത് ഫുട്ബാൾ കളിക്കുന്നതിന്റെയും ടീമിനെ പുതിയ ട്രോഫികൾ നേടാൻ സഹായിക്കുന്നതിന് എന്റെ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിലും ഞാൻ ആവേശഭരിതനാണ്' അൽ നസ്ർ ക്ലബുമായി കരാർ ഒപ്പിട്ട ശേഷം ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി റൊണാൾഡോ പറഞ്ഞു.
സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ കരാറിനെ സ്വാഗതം ചെയ്തു. 'എക്കാലത്തേയും ഏറ്റവും മഹത്തായ ഒരാൾ സൗദി അറേബ്യയിൽ തന്റെ പുതിയ യാത്ര ആരംഭിക്കുകയാണ്, റൊണാൾഡോക്കും കുടുംബത്തിനും സൗദിയിൽ സുഖകരമായ അനുഭവം ഉണ്ടാകട്ടെ' -അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.