കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൂപ്പർതാരത്തിന്റെ വിടവാങ്ങൽ ചിന്തിക്കാൻ പോലും കഴിയാത്ത ആരാധകർക്ക് ഇതൊരു ആശ്വാസ വാർത്തയാകും. പിതാവിന്റെ വഴിയെ തികഞ്ഞ അർപ്പണ ബോധത്തോടെ ചുവടുവെക്കുന്ന മകൻ, പേര്, റൊണാൾഡോ ജൂനിയർ.
അച്ചടക്കവും ശ്രദ്ധയും ശാരീരികക്ഷമതയുമെല്ലാം ജീവിതത്തിൽ മുറുകെ പിടിക്കുന്ന ഇതിഹാസ താരത്തിന്റെ മൂത്ത പുത്രൻ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. നിലവിൽ സൗദി അറേബ്യയിലെ മഹ്ദ് സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലനം നടത്തുന്ന റൊണാൾഡോ ജൂനിയറിന് കഴിഞ്ഞ ജൂൺ 17നാണ് 14 വയസ് പൂർത്തിയായത്.
ചെറുപ്പത്തിൽ തന്നെ, പിതാവിനെ വളർത്തി വലുതാക്കിയ അതേ ഗുണങ്ങൾ തന്റെ ജീവിതത്തിലും കാണിക്കാൻ തുടങ്ങിയിരുന്നു റൊണാൾഡോ ജൂനിയർ. റോണോയുടെ അതേ ശരീരിക പ്രകൃതി, രണ്ടുപേരും ഉയരമുള്ളവരാണ്, പിതാവിന് ഉയരം ആറടി ഒരിഞ്ചും മകന് അഞ്ചടി അടി അഞ്ച് ഇഞ്ചുമാണ് ഇപ്പോൾ. ശാരീരിക ഗുണങ്ങൾ മാത്രമല്ല, ജീവിതം, ഫുട്ബാൾ, ഫിറ്റ്നസ് എന്നിവയോടുള്ള മനോഭാവവും സമാനമാണ്.
എത്രയോ വർഷങ്ങളായി റൊണാൾഡോ സീനിയർ വ്യായാമവും ഭക്ഷണക്രമവുമായി കർശന ചിട്ടയോടെ മൂന്നോട്ടുപോകുന്നയാളാണ്. 39-ാം വയസ്സിലും അത് നിലനിർത്തുകയും ചെയ്യുന്നു. അതേ ട്രാക്കിൽ തന്നെയാണ് മകനും.
ബർഗറുകൾ, പേസ്ട്രികൾ, ചോക്ലേറ്റുകൾ, ശീതളപാനീയങ്ങൾ അങ്ങനെ ഈ പ്രായക്കാരായ കുട്ടികളെ ആകർഷിക്കുന്ന ഭക്ഷണ രീതികളും കുഞ്ഞൻ റൊണാൾഡോ ഉപേക്ഷിച്ചു.
പിതാവ് ഇറ്റലിയിലെ പ്രശസ്തമായ യുവൻ്റസ് ഫുട്ബാൾ ക്ലബ്ബിനായി കളിക്കുമ്പോൾ, കുട്ടി യുവൻ്റസ് യൂത്ത് അക്കാദമിയിൽ പരിശീലനം നേടി. 2021-ൽ പിതാവ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് മടങ്ങിയപ്പോൾ അവനെ യുനൈറ്റഡിന്റെ ഫുട്ബാൾ അക്കാദമിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇപ്പോൾ സൗദിയിലെ മഹ്ദ് സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലനം നടത്തുന്നു.
ഈ വർഷം ഫെബ്രുവരിയിൽ, സൗദിയിലെ ജൂനിയർ ലീഗിൽ അൽ നസ്ർ കിരീടം ഉയർത്തിയപ്പോൾ ഗോളടിച്ച് വിജയത്തിന്റെ മുന്നണി പോരാളിയായിരുന്നു റൊണാൾഡോ ജൂനിയർ. വിജയത്തിന് ശേഷം, അഭിമാനത്തോടെ പിതാവ് റൊണാൾഡോ അൽ നസർ ജൂനിയർ ടീമിനെയും അഭിനന്ദിക്കാൻ എത്തിയത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു.
കൃത്യമായ ആസൂത്രണത്തോടെ മുന്നേറുകയാണ് അച്ഛൻ-മകൻ കൂട്ടുകെട്ട്. ഈ പദ്ധതികൾ വിജയിച്ചാൽ, അടുത്ത തലമുറയിലുമുണ്ടാകും ഒരു സി.ആർ. 7.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.