റിയാദ്: സൗദി പ്രോ ലീഗിലെ ഏറ്റവും വലിയ ആകർഷണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളിലൊരാളായ പോർചുഗീസ് സ്ട്രൈക്കർ സൗദി അറേബ്യയിൽ വലിയ ആരാധകക്കൂട്ടത്തെ ആർജിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ റൊണാൾഡോ കളത്തിലിറങ്ങുന്ന മത്സരങ്ങളിൽ ഗാലറിയിലെ ആൾബലവും മാധ്യമശ്രദ്ധയുമൊക്കെ വേറിട്ടതായി മാറിയിരിക്കുന്നു.
മത്സരങ്ങളിൽ മിന്നുംഫോം തുടരുന്ന സൂപ്പർതാരം കഴിഞ്ഞ ദിവസം അൽ റയീദിനെതിരെ അൽ നസ്ർ വിജയിച്ച മത്സരത്തിൽ ഗോളും കണ്ടെത്തിയിരുന്നു. എന്നാൽ, ആ മത്സരത്തിലെ മറ്റൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നത്. റയീദിന്റെ ഗോൾമുഖത്ത് റൊണാൾഡോ തൊടുത്ത ഫ്രീകിക്കാണ് അതിലേക്ക് വഴിവെച്ചത്.
പുറത്തേക്ക് പറന്ന ആ ഫ്രീകിക്ക് ഒരു മിസൈൽപോലെ കരുത്തും വേഗവുമുള്ളതായിരുന്നുവെന്ന് ‘മനസ്സിലായത്’ ദൃശ്യം പകർത്താൻ കണ്ണിമചിമ്മാതെ നിന്ന ഒരു കാമറാമാനായിരുന്നു. വെടിയുണ്ടപോലെ ഗോൾവലക്ക് പുറത്തേക്ക് പറന്ന ആ കിക്ക് ചെന്നുകൊണ്ടത് അയാളുടെ ദേഹത്താണ്. കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ ജോലിയിൽ വ്യാപൃതനായിരുന്ന കാമറാമാന്റെ തലയ്ക്കാണ് പന്തുകൊണ്ടത്. ഷോട്ടിന്റെ ശക്തിയിൽ അയാൾ പൂർണമായും പിന്നോട്ടാഞ്ഞുപോയി. കാമറ ക്രെയിനിൽ പിടിച്ചിരുന്നതുകൊണ്ടുമാത്രമാണ് അയാൾ വീഴാതെ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.