ബേൺ (സ്വിറ്റ്സർലൻഡ്): മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം തോറ്റെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഇന്‍റർനെറ്റിൽ താരമാകുകയാണ്.
യങ് ബോയ്സിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാൾഡോയുടെ കിക്ക് ശരീരത്തിൽ പതിച്ച് ഗോൾപോസ്റ്റിന് പിറകിലുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിൽ പെട്ട യുവതി നിലത്തുവീണു.
അപ്രതീക്ഷിത ഷോട്ടിന്‍റെ ശക്തിയിൽ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട് കടന്ന് യുവതിക്കരികിൽ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു.
ശേഷം റൊണാൾഡോ സമ്മാനിച്ച 7ാം നമ്പർ യുനൈറ്റഡ് ജഴ്സിയിൽ യുവതി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
യങ് ബോയ്സിനെതിരെ 13ാം മിനിറ്റിൽ സ്കോർ ചെയ്ത് റൊണാൾഡോ യുനൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യുനൈറ്റഡ് 10 പേരായി ചുരുങ്ങി.
കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റിൽ (90+5) അമേരിക്കൻ താരം തിയോസൻ സെയ്ബാഷ്യുവാണ് യങ്ബോയ്സിന് മിന്നും ജയം സമ്മാനിച്ചത്.
മത്സരത്തിലൂടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താൻ റൊണാൾഡോക്കായി. റയൽ മഡ്രിഡിന്‍റെ മുൻതാരം ഐകർ കസിയസിന്‍റെ (177 മത്സരങ്ങൾ) റെക്കോഡിനൊപ്പമാണ് താരമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.