കരിയറിലെ 1200ാം പ്രഫഷനൽ മത്സരത്തിൽ ഗോളും അസിസ്റ്റുമായി പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളംനിറഞ്ഞപ്പോൾ അൽ നസ്റിന് തകർപ്പൻ ജയം. സൗദി പ്രോ ലീഗിൽ അൽ റിയാദിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ നസ്ർ വീഴ്ത്തിയത്.
ബ്രസീൽ താരം ആൻഡേഴ്സൺ ടലിസ്ക ഇരട്ട ഗോൾ നേടി. സാദിയോ മാനേയുടെ അസിസ്റ്റിൽ ക്രിസ്റ്റ്യാനോയാണ് മത്സരത്തിന്‍റെ 31ാം മിനിറ്റിൽ ആദ്യ ഗോൾവേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3) ഒട്ടാവിയോ ലീഡ് ഉയർത്തി. ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റ്യാനോയും. 67, 90+4 മിനിറ്റുകളിലായിരുന്നു ടലിസ്കയുടെ ഗോളുകൾ. 68ാം മിനിറ്റിൽ ആന്ദ്രെ ഗ്രെ അൽ റിയാദിനായി ആശ്വാസ ഗോൾ കണ്ടെത്തി. നിലവിൽ 16 മത്സരങ്ങളിൽനിന്ന് 37 പോയന്‍റുമായി സൗദി ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ. 44 പോയന്‍റുമായി അൽ ഹിലാലാണ് ഒന്നാമത്.
സീസണിൽ 15 മത്സരങ്ങളിൽനിന്ന് 16 ഗോളുകളുമായി 38കാരനായ ക്രിസ്റ്റ്യാനോ തന്നെയാണ് ലീഗിലെ ടോപ് സ്കോറർ. പുരുഷ ഫുട്ബാളിൽ ഏറ്റവും കൂടുതൽ പ്രഫഷനൽ മത്സരങ്ങൾ കളിച്ച റെക്കോഡ് മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടണിന്‍റെ പേരിലാണ്. 1387 മത്സരങ്ങൾ. ‘മൂന്ന് വിലപ്പെട്ട പോയന്റുകൾ കൂടി! 1,200ാം മത്സരം കളിക്കാൻ എന്നെ സഹായിച്ച എന്റെ എല്ലാ സഹപ്രവർത്തകർക്കും നന്ദി. അവിശ്വസനീയ യാത്ര, പക്ഷേ ഞങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല’ -മത്സരശേഷം ക്രിസ്റ്റ്യാനോ പ്രതികരിച്ചു.
2020 ഫെബ്രുവരിയിൽ സീരി എയിൽ യുവന്‍റസിനൊപ്പം കരിയറിലെ 1000ാം മത്സരത്തിലും താരം ഗോൾ നേടിയിരുന്നു. കഴിഞ്ഞ ജൂണിലാണ് 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഐസ്ല്ൻഡിനെതിരെയായിരുന്നു പോർചുഗൽ താരത്തിന്‍റെ മത്സരം. അന്താരാഷ്ട്ര ഗോൾ വേട്ടയിൽ 128 ഗോളുകളുമായി താരം തന്നെയാണ് ഒന്നാമത്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ച താരവും സി.ആർ7 തന്നെയാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ്, യുവന്‍റസ് ക്ലബുകൾക്കായി 183 മത്സരങ്ങൾ. 800 ടോപ് ലെവൽ കരിയർ ഗോളുകൾ നേടിയ ആദ്യ താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
സ്പോർട്ടിങ് -31 മത്സരങ്ങൾ
മാഞ്ചസ്റ്റർ യുനൈറ്റഡ് -346 മത്സരങ്ങൾ
റയൽ മഡ്രിഡ് -438 മത്സരങ്ങൾ
യുവന്‍റസ് -134 മത്സരങ്ങൾ
അൽ നസ്ർ -46 മത്സരങ്ങൾ
പോർചുഗൽ -205 മത്സരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.