മിലാൻ: വിമർശകർക്ക് വീണ്ടും മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2019-20 സീസണിൽ ഇറ്റാലിയൻ സീരി എയിലെ ഏറ്റവും മികച്ച താരമായി ചാമ്പ്യൻ ക്ലബായ യുവന്‍റസിന്‍റെ പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് താരം നേട്ടം സ്വന്തമാക്കുന്നത്.
യുവന്‍റസിന് തുടർച്ചയായ ഒമ്പതാം സീരി എ കിരീടം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം. ഇറ്റാലിയൻ ഫുട്‌ബാളേഴ്‌സ് അസോസിയേഷൻ വോട്ടെടുപ്പു വഴിയാണ് വിജയിയെ തെരഞ്ഞെടുത്തത്.
33 മത്സരങ്ങളിൽ നിന്ന് 31ഗോളുകളുമായി റോണോ ലീഗിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾവേട്ടക്കാരനായിരുന്നു. സിറോ ഇമ്മോബൈൽ (36) ആയിരുന്നു ഒന്നാമൻ. എന്നാൽ 37 മത്സരങ്ങളിൽ നിന്നായിരുന്നു ലാസിയോ താരം 36 ഗോൾ അടിച്ചത്.
'ഇത് നമ്മൾ ആഗ്രഹിക്കാത്ത തരത്തിലുള്ള വിചിത്രമായ ഒരു വർഷമായിരുന്നു. എന്നാൽ വ്യക്തിഗതമായും ടീമെന്ന നിലയിലും ഇത് നന്നായി വന്നു. കാരണം നമ്മൾ ചാമ്പ്യൻഷിപ്പ് വിജയിച്ചു. അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് ആദ്യം ബുദ്ധിമുട്ടായിരുന്നു. എന്നാൽ കിരീടമായിരുന്നു ലക്ഷ്യം. അത് നേടാനായി. എന്നാൽ ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെട്ടു. അതാണ് ഫുട്ബാൾ' -സ്‌കൈ സ്‌പോർട്ട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
2019ൽ സാംദോറിയക്കെതിരെ ക്രിസ്റ്റ്യാനോ നേടിയ ഗോളാണ് ഗോൾ ഓഫ് ദ സീസണായി തെരഞ്ഞെടുക്കപ്പെട്ടത്. യുവന്‍റസിന്‍റെ ക്രിസ്റ്റ്യാന ജിറെല്ലിയാണ് മികച്ച വനിത താരം. അറ്റലാന്‍റയാണ് പോയ സീസണലിലെ ഏററവും മികച്ച ടീം. പരിശീലകനുള്ള പുരസ്‌കാരം അറ്റലാൻറയുടെ ജിയാൻ പിയെറോ ഗാസ്‌പെറിനി സ്വന്തമാക്കി.
'അത് എന്‍റെ ഏറ്റവും മികച്ച ഗോളായിരുന്നു. എനിക്ക് ഉറപ്പായിരുന്നു അത്'-ക്രിസ്റ്റ്യാനോ പറഞ്ഞു. ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളുമായി ക്രിസ്റ്റ്യാനോയാണ് ടോപ് സ്‌കോറർ പട്ടികയിൽ മുമ്പൻ. എന്നാൽ പോയന്‍റ് പട്ടികയിൽ യുവന്‍റസ് മൂന്നാം സ്ഥാനത്താണിപ്പോൾ.
ഫുട്ബാൾ കളിക്കാർ, പരിശീലകൻമാർ, റഫറിമാർ, മാധ്യമപ്രവർത്തകർ എന്നിവർ ചേർന്ന് വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഒരു ടെലിവിഷൻ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.