മിലാൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ കേമൻ? ആധുനിക ഫുട്ബാളിൽ വർഷങ്ങളായി ചൂടുപിടിച്ച വാഗ്വാദം നടക്കുന്ന ചോദ്യത്തിന് ഇറ്റലിയുടെയും എ.സി മിലാന്റെയും വിഖ്യാത താരമായ പോളോ മാൽഡീനിക്ക് കൃത്യമായ ഉത്തരമുണ്ട്. ഫുട്ബാൾ കണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളായ മാൽഡീനി ഏറ്റവും മികച്ച താരങ്ങളെന്ന് തനിക്ക് തോന്നിയ മൂന്ന് കളിക്കാരെ ചൂണ്ടിക്കാട്ടിയ വേളയിലാണ് ‘ക്രിസ്റ്റ്യാനോയോ മെസ്സിയോ?’ എന്ന ചോദ്യത്തിന് ഉത്തരം നൽകിയത്.
എ.സി മിലാനുവേണ്ടി 900ലേറെ മത്സരങ്ങളിലാണ് മാൽഡീനി ബൂട്ടുകെട്ടിയത്. ഇറ്റാലിയൻ ക്ലബിനൊപ്പം ഒട്ടേറെ കിരീടനേട്ടങ്ങളിൽ പങ്കാളിയായ അദ്ദേഹം, ലോക ഫുട്ബാളിലെ പ്രതിഭാധനരായ ഗോൾവേട്ടക്കാരെ കരിയറിൽ നേർക്കുനേർ നേരിട്ടിട്ടുണ്ട്. അവരിൽ ഏറ്റവും മികച്ചവരിൽ ഒരാൾ ഒരുകാലത്ത് മിലാനിൽ തന്റെ സഹതാരമായിരുന്ന വിഖ്യാത സ്ട്രൈക്കർ റൊണാൾഡോ ആണെന്ന് മാൽഡീനി സാക്ഷ്യപ്പെടുത്തുന്നു. ബ്രസീലുകാരനായ റൊണാൾഡോയോടൊപ്പം മികച്ച താരങ്ങളായി മാൽഡീനി പരിഗണിക്കുന്ന മറ്റു രണ്ടു കളിക്കാർ അർജന്റീനക്കാരാണ്.
ഇതിഹാസ താരം ഡീഗോ മറഡോണയാണ് അവരിൽ ഒരാൾ. മറഡോണ നാപ്പോളിയിൽ കളിക്കുന്ന വേളയിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് മാൽഡീനി ചൂണ്ടിക്കാട്ടുന്നു. ‘ലോകത്തിലെ ഏറ്റവും മികച്ചവരായ, വളരെ മഹാന്മാരായ കളിക്കാർക്കെതിരെ കളത്തിലിറങ്ങാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. നാപ്പോളിക്കെതിരെ കളിക്കുമ്പോൾ മറഡോണക്കെതിരെ ഞാൻ ബൂട്ടണിഞ്ഞു. ഇന്റർ മിലാനെതിരെ കളിക്കുമ്പോൾ റൊണാൾഡോക്കെതിരെയും’ -മാൽഡീനി പറഞ്ഞു.
ലോക ചാമ്പ്യൻ ലയണൽ മെസ്സിയാണ് തനിക്കിഷ്ടപ്പെട്ട മൂന്ന് മഹാരഥന്മാരുടെ ലിസ്റ്റിൽ മാൽഡീനി പരിഗണിക്കുന്ന മറ്റൊരാൾ. ‘മെസ്സിക്കെതിരെ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ഒത്തുവന്നപ്പോൾ അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. ദൈവത്തിന് നന്ദി..അദ്ദേഹത്തിന് പരിക്കായതിന്’ -മാൽഡീനി തമാശരൂപേണ കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും തന്റെ മികച്ച മൂന്ന് കളിക്കാരുടെ ലിസ്റ്റിൽ മാൽഡീനി അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.