സൗദി പ്രോ ലീഗ് 2023-2024 സീസണിൽ മിന്നും ഫോമിലാണ് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീസണിൽ അൽ നസ്ർ ക്ലബിനായി 17 മത്സരങ്ങളിൽനിന്ന് 16 ഗോളുകളാണ് താരം നേടിയത്. 2023 അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ആറ് മത്സരങ്ങളിൽ ആറ് ഗോളുമായി ക്ലബിനെ കിരീടത്തിലെത്തിച്ചു.
അറബ് കപ്പിൽ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും 38കാരനായിരുന്നു. എന്നാൽ, തകർപ്പൻ ഫോമിൽ പന്തുതട്ടുമ്പോഴും കഴിഞ്ഞദിവസം സോഫ സ്‌കോർ നടത്തിയ സൗദി ലീഗ് പ്ലെയർ റേറ്റിങ്ങിൽ ക്രിസ്റ്റ്യാനോയുടെ സ്ഥാനം മൂന്നാണ്. 8.11 ശരാശരി മാച്ച് റേറ്റിങ്ങുള്ള അൽ ഫത്തഹ് എഫ്.സിയുടെ മധ്യനിരതാരം മൗറീദ് ബത്നയാണ് ഒന്നാമതുള്ളത്. സീസണിൽ ഏഴ് ഗോളും ഏഴ് അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്.
2020ൽ ആണ് മൊറോക്കൻ താരം അൽ ഫത്തഹിലെത്തുന്നത്. സീസണിൽ ക്ലബിനായി ഏഴു ഗോൾ നേടിയ താരം ഇത്ര തന്നെ അസിസ്റ്റും പേരിലാക്കി. ക്ലബിനായി ഇതുവരെ 88 മത്സരങ്ങളിൽനിന്ന് 36 ഗോൾ നേടിയിട്ടുണ്ട്. അൽ ഇത്തിഹാദ് താരം ഇഗോർ കൊറൊണാഡൊയാണ് റേറ്റിങ്ങിൽ രണ്ടാമത്. ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡറുടെ റേറ്റിങ് 8.09 ആണ്. സീസണിൽ ക്ലബിനായി ഒമ്പത് ഗോൾ നേടി.
ഫ്രഞ്ച് മുൻ സൂപ്പർതാരം കരീം ബെൻസേമയാണ് പട്ടികയിൽ നാലാമത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് വിട്ടെത്തിയ ബെൻസേമക്ക് 8.03 റേറ്റിങ്ങുണ്ട്. അൽ ഹിലാൽ എഫ്.സിയുടെ സലീം അൽ ദൗസരിയാണ് (8.02 റേറ്റിങ്) അഞ്ചാം സ്ഥാനത്ത്.
റിയാദ് മെഹ്‌റെസ് (7.71, ഒമ്പതാം സ്ഥാനത്ത് ), എൻഗോളൊ കാന്‍റോ ( 7.54, 16ാം സ്ഥാനത്ത് ), അലക്‌സാണ്ടർ മിത്രോവിച്ച് ( 7.46, 20ാം സ്ഥാനം ), ജോർദാൻ ഹെൻഡേഴ്‌സൺ, സാദിയൊ മാനെ ( 7.41, 24ാം സ്ഥാനം) എന്നിവരാണ് റേറ്റിങ്ങിൽ ആദ്യ 25നുള്ളിലെ മറ്റ് പ്രമുഖ താരങ്ങൾ. പരിക്കേറ്റ് വിശ്രമത്തിലുള്ള അൽ ഹിലാലിന്‍റെ ബ്രസീൽ സൂപ്പർ താരം നെയ്മർ ആദ്യ 50 സ്ഥാനങ്ങളിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.