റോം: സീരി എ പുതിയ സീസണിൽ ടീമിന്‍റെ കന്നി മത്സരത്തിൽ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ പുറത്തിരുത്തി കോച്ച് മാസിമിലാനോ അലെഗ്രി. ഉദിനീസിനെതിരായ മത്സരത്തിലാണ് റൊണാൾഡോ പകരക്കാരന്‍റെ റോളിലേക്ക് ചുരുങ്ങിയത്. ടീം വിടാൻ താരം അനുമതി തേടിയെന്ന വാർത്തയും ക്ലബിന്‍റെ നിഷേധവും ചർച്ചയാകുന്നതിനിടെയാണ് 60ാം മിനിറ്റുവരെ സൂപർ താരം പുറത്തിരിക്കേണ്ടിവന്നത്. അവസാന അര മണിക്കൂറിൽ ബൂട്ടുകെട്ടിയ റോണോ മകിച്ച പ്രകടനവുമായി സ്കോർ ചെയ്തതു പക്ഷേ അനുവദിക്കപ്പെട്ടില്ല. പൗലോ ഡിബാല, യുവാൻ ക്വാഡ്രാഡോ എന്നിവർെക്കാപ്പം മൊറാറ്റയെ ആണ് ആദ്യ ഇലവനിൽ അലെഗ്രി പരീക്ഷിച്ചത്. മൂന്നു മിനിറ്റിനിടെ ഗോളടിച്ച് ഡിബാല ടീമിനെ മുന്നിലെത്തിച്ചപ്പോൾ ഡിബാല തന്നെ സഹായിച്ച് ക്വാഡ്രാഡോ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ രണ്ടുവട്ടം തിരിച്ചടിച്ച് ഉദിനീസ് സമനില പിടിക്കുകയായിരുന്നു.
ടീം വിടാൻ ക്രിസ്റ്റ്യാനോ ശ്രമം ഊർജിതമാക്കിയെന്ന റിപ്പോർട്ടുകൾ സജീവമായി നിലനിൽക്കുന്നതിനിടെ ആദ്യ ഇലവനിൽ ഇറങ്ങാതിരുന്നത് അഭ്യൂഹങ്ങൾ ശക്തമാക്കി. താരം തന്നെ ആവശ്യപ്പെട്ടാണ് ഇറങ്ങാതിരുന്നതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാൻസ്ഫർ സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, യുനൈറ്റഡ്, പി.എസ്.ജി ഉൾപെടെ തട്ടകങ്ങൾ റോണോയുടെ വരവ് കാത്തിരിക്കുന്നുണ്ട്. ഇതിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും പ്രവചനക്കാരുെട പട്ടികയിൽ മുന്നിലാണ്. മുൻനിര താരങ്ങൾക്കായി വൻതുക മുടക്കിയ പി.എസ്.ജി നിലവിൽ താരത്തിനായി വലവീശാൻ സാധ്യത കുറവാണ്. ആഗസ്റ്റ് 31നാണ് കൈമാറ്റ സാധ്യതകളുടെ വാതിൽ അടയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.